Sorry, you need to enable JavaScript to visit this website.

പാലത്തായി കേസ് സി.ബി.ഐക്ക് വിടാന്‍ പ്രതി ഹൈക്കോടതിയില്‍

പ്രതി പത്മരാജന്‍

തലശ്ശേരി- വിവാദമായ പാലത്തായി പീഡന കേസ് അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതിയും ബി.ജെ.പി. പ്രാദേശിക നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന്‍ ഹൈക്കോടതിയെ സമീപിച്ചു.
കേസില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും  സി.ബി.ഐ തന്നെ കേസ് അന്വേഷിച്ച് നിജസ്ഥിതി പുറത്ത് കൊണ്ട് വരണമെന്നുമാണ് ആവശ്യം. രാഷട്രീയ വിരോധമാണ് സംഭവത്തിന് പിന്നിലെന്നും താന്‍ നിരപരാധിയാണെന്നും പത്മരാജന്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ പത്മരാജന്റെ ഭാര്യ ഇതേ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് ഹരജി നല്‍കിയിരുന്നു.

കേസില്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകള്‍ നിരത്തി അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനിടെയാണ് സി.ബി.ഐ അന്വേഷണത്തിന് വേണ്ടി പ്രതി തന്നെ കോടതിയെ സമീപിക്കുന്നത.് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിരുന്നു. കോസ്റ്റല്‍ എ.ഡി.ജി.പി ഇ.ജെ ജയരാജന്‍, ഡി.വൈ.എസ്.പി രത്‌നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘമാണ് ശാസ്ത്രീയമായ തെളിവുകള്‍ പ്രതിക്കെതിരെ ശേഖരിച്ചിരുന്നത.്
സ്‌കൂളിലെ ശുചിമുറിയില്‍വെച്ച് അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് രക്തസ്രാവം ഉണ്ടായി. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം ശുചിമുറിയിലെ ടൈലുകളും മണ്ണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ പരിശോധനയിലാണ് ശുചിമുറിയിലെ ടൈലുകളില്‍ നിന്ന് രക്തക്കറ കണ്ടെത്തിയത്. ഇതിനൊപ്പും മറ്റു രീതിയിലുള്ള ശാസ്ത്രീയ പരിശോധനകളും അന്വേഷണത്തിന്റെ ഭാഗമായി നടന്നിരുന്നു. എ.ഡി.ജി.പി നേരിട്ട് മേല്‍നോട്ടം വഹിച്ച കേസിന്റെ കുറ്റപത്രം   തലശ്ശേരി പോക്‌സോ കോടതിയില്‍ സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.
നേരത്തെ അനേഷണം നടത്തിയ സംഘങ്ങള്‍ ശുചി മുറിയിലല്ല പീഡനം നടന്നതെന്ന് കണ്ടെത്തിയിരുന്നു. ഇത് പ്രതിക്ക് ഏറെ സഹായകരമായിരുന്നു .ഈ സ്‌കൂളിലെ രണ്ട് ശുചി മുറികളിലെയും ടൈല്‍സ് പൊട്ടിച്ചെടുത്ത പോലീസ് ഇവയെല്ലാം ശാസത്രീയ പരിശോധനക്ക്  വിധേയമാക്കുകയുമായിരുന്നു. പീഡനത്തിനിടെയില്‍ രക്തസ്രാവമുണ്ടായെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ശുചി മുറികളിലെ ടൈല്‍സുകളില്‍ നിന്ന് രക്ത സാമ്പിളുകള്‍ കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധന നടത്തിയത.് സ്‌കൂള്‍ ഗ്രൗണ്ടില്‍ കളിച്ച് കൊണ്ടിരിക്കെ പെണ്‍കുട്ടി കൂട്ടുകാരികളോട് പീഡനം വിവരം പറഞ്ഞിരുന്നു. ഈ വിദ്യാര്‍ത്ഥിനികളില്‍ നിന്നും മൊഴി ശേഖരിച്ചിരുന്നു.

2020 ജനുവരിയിലാണ് ഒമ്പതു വയസ്സുകാരി പീഡനത്തിന് വിധേയയായെന്ന പരാതി പോലീസിന് ലഭിക്കുന്നത്. ആദ്യം പാനൂര്‍ പോലീസാണ് കേസില്‍ അന്വേഷണം നടത്തിയത്. അന്വേഷണം ആരംഭിച്ചതോടെ പ്രതിയായ പത്മരാജന്‍ മുങ്ങി. പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ പോലീസിനെതിരേ അന്ന് വ്യാപക വിമര്‍ശനമുയര്‍ന്നു. തുടര്‍ന്ന് പത്മരാജന്‍ അറസ്റ്റിലായെങ്കിലും പീഡനം നടന്നിട്ടില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. പെണ്‍കുട്ടിയുടെ മൊഴികള്‍ പരസ്പരവിരുദ്ധമാണെന്നും പോലീസ് പറഞ്ഞിരുന്നു.

പിന്നീട് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഐ.ജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം കേസ് അന്വേഷിച്ചു. പീഡനം നടന്നിട്ടില്ലെന്നും കുട്ടി പറഞ്ഞത് വിശ്വസിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഈ അന്വേഷണസംഘത്തിന്റെയും കണ്ടെത്തല്‍. അതിനിടെ, ഐ.ജി. എസ്.ശ്രീജിത്തിന്റെ ഒരു ഫോണ്‍ കോള്‍ പുറത്തു വന്നതും വിവാദത്തിനിടയാക്കി. തുടര്‍ന്ന് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് മൂന്നാമത്തെ അന്വേഷണസംഘം കേസ് ഏറ്റെടുത്തത്. പ്രതിയായ പത്മരാജന്‍ 90 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു.

 

 

Latest News