മസ്‌കത്ത്- ഒമാനില്‍ ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍മൈകോസിസ്) സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. കോവിഡ് ബാധിതരായ മൂന്നു രോഗികളിലാണു ബ്ലാക്ക് ഫംഗസ് കണ്ടെത്തിയത്.
ജി.സി.സി രാജ്യങ്ങളില്‍ ഇതാദ്യമായാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നത്. നേരത്തെ ഈജിപ്തിലും ഇറാഖിലും ചില കേസുകള്‍ ഉണ്ടായിരുന്നു. ഉറുഗ്വേ, ചിലി എന്നിവിടങ്ങളിലും ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഒമാനില്‍ മൂന്നു പേരും ചികിത്സയില്‍ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മാസ്‌ക് ധരിക്കുകയും ഒത്തുചേരലുകള്‍ ഒഴിവാക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
കോവിഡിനെക്കാള്‍ അപകടകരമെന്ന് വൈദ്യലോകം വിശേഷിപ്പിക്കുന്ന ബ്ലാക്ക് ഫംഗസ് ഇതര രാജ്യങ്ങളിലേക്ക് പടരാതിരിക്കാന്‍ കരുതല്‍ വേണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരുന്നു.