കൊച്ചി- വിവാദ മരംമുറി വിഷയം സി.പി.ഐയുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമം ചെറുത്ത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മുഖ്യമന്ത്രി അടക്കം പങ്കെടുത്ത സര്‍വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരമാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണ് ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയതിലൂടെ സി.പി.ഐക്ക് മാത്രമല്ല പങ്കെന്ന് പരോക്ഷമായി അദ്ദേഹം വ്യക്തമാക്കി.
വിവിധ ചാനലുകള്‍ക്ക് നല്‍കിയ പ്രത്യേക അഭിമുഖങ്ങളിലാണ് കാനം ഇക്കാര്യം അറിയിച്ചത്.
എന്തൊക്കെ വിവാദമുണ്ടായാലും സി.പി.ഐ കര്‍ഷകര്‍ക്കൊപ്പം തന്നെയാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പരിസ്ഥിതിക്ക് അനുകൂലമാണ് സി.പി.ഐ നിലപാട്.
മരം മുറിക്കാനുള്ള ഉത്തരവ് കര്‍ഷകര്‍ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ അതില്‍നിന്നു തേക്കും ഈട്ടിയും മുറിച്ചെങ്കില്‍ തെറ്റാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
കൃഷിക്കാര്‍ നട്ട മരം മുറിക്കാന്‍ അപേക്ഷ നല്‍കിയിരുന്നു. നിരവധി അപേക്ഷകള്‍ വന്നു. അത് അവരുടെ അവകാശമാണെന്ന് കണ്ടാണ് ഉത്തരവിറക്കിയത്. സര്‍ക്കാരിന്റെ ഉത്തരവില്‍ തെറ്റില്ല. കര്‍ഷകരെ സഹായിക്കാനായിരുന്നു ആ ഉത്തരവ്. എന്നാല്‍ ഉത്തരവ് ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും കാനം പറഞ്ഞു.
കര്‍ഷകരുടെ പ്രശ്നം മുന്നില്‍ കണ്ട് രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായി തന്നെയായിരുന്നു ഉത്തരവ്. പ്രതികള്‍ പലതും പറയും. അതിനൊന്നും മറുപടി പറയാനില്ല. വിഷയത്തെ പ്രാക്ടിക്കലായി കാണണം. മറ്റെല്ലാം മാധ്യമങ്ങളുടെ പുകമറയാണെന്നും കാനം ചുണ്ടിക്കാട്ടി.