പാലക്കാട്- ഒരു മുറിയിൽ പത്തുവർഷം കാമുകനൊപ്പം തനിച്ച് താമസിച്ചത് അവിശ്വസനീയമാണെന്ന് വനിത കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ. അസാധാരണ സംഭവമാണ് ഇതെന്നും ജോസഫൈൻ പറഞ്ഞു. പ്രണയിച്ചു ജീവിക്കാൻ തെരഞ്ഞെടുത്ത രീതി ശരിയല്ല. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ എന്നാണ്. പത്തു വർഷം മുമ്പ് കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ പോലീസ് കാര്യമായി അന്വേഷണം നടത്തിയില്ല. കേസ് അവസാനിപ്പിക്കുന്നില്ലെന്നും കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുമെന്നും ജോസഫൈൻ വ്യക്തമാക്കി. എന്നാൽ ഒരു ബുദ്ധിമുട്ടുമില്ലാതെയാണ് ഇവിടെ കഴിഞ്ഞതെന്നും ഞങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു.സാധാരണ മനുഷ്യർക്ക് പോലും വിശ്വസിക്കാൻ സാധിക്കാത്ത തരത്തിലുള്ള അസാധാരണ സംഭവമാണിത്. കേരളത്തിലാദ്യമായാണ് ഇങ്ങനെയൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
പത്ത് വർഷക്കാലം ഒരു സ്ത്രീയെ ബന്ധനത്തിലാക്കുകയായിരുന്നു. അവർ പറയുന്നതുപോലെ വളരെ സമ്പുഷ്ടമായ ദാമ്പത്യമാണ് അവർക്കിടയിൽ നടക്കുന്നത്. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായതായി അവർ സമ്മതിക്കുന്നില്ല.
റഹ്മാനും സജിതയും ഇനിയുള്ള ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടു പോകണം എന്നുതന്നെയാണ് വനിതാ കമ്മീഷന്റെയും ആവശ്യം. അതിന് എല്ലാവരുടെയും പിന്തുണ വേണം. പക്ഷെ ഈ വിഷയത്തിൽ എന്തൊക്കെയോ അവിശ്വസനീയമായ സംഭവങ്ങളുണ്ടെന്ന് വനിതാ കമ്മീഷൻ ഉറച്ച് വിശ്വസിക്കുന്നു. അവരുമായി ദീർഘമായി സംസാരിച്ചു.
ആ വീടിന്റെ മുറികളെല്ലാം ഞങ്ങൾ കാണുകയുണ്ടായി. ഒരു സാധാരണ വീട്ടിലുണ്ടാകുന്ന കുളിമുറിയുടെ വലുപ്പം പോലുമില്ലാത്ത മുറിയിൽ 10 വർഷം ഒരു യുവതിയെ ഒരു അല്ലലും അലട്ടലുമില്ലാതെ സംരക്ഷിച്ചു എന്ന് പറയുന്നതിനോട് പൂർണമായും യോജിക്കാൻ പറ്റുന്നില്ല. ഇതൊരു സാങ്കേതിക പ്രശ്‌നമാണ്. അത് സാങ്കേതികമായി പൊലീസ് അന്വേഷിക്കണം,' എം.സി. ജോസഫൈൻ പറഞ്ഞു.