Sorry, you need to enable JavaScript to visit this website.

പത്തനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ  സംഭവം; തീവ്രവാദബന്ധം അന്വേഷിക്കും

കൊല്ലം-പത്തനാപുരത്ത് വനമേഖലയില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദബന്ധം അന്വേഷിക്കും. കഴിഞ്ഞ ദിവസമാണ് പാടം വനമേഖലയില്‍ വനം വകുപിന്റെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. വനംവകുപ്പ് തന്നെ നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് ജലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റനേറ്റര്‍ അടക്കം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ജലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റനേറ്റര്‍,വയറുകള്‍, ഇവ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന പശ എന്നിവയാണ് കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരം അനുസരിച്ച് പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തില്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്വക്വാഡ് (എടിഎസ്) വിശദമായ അന്വേഷണം നടത്തും. പോലീസും എടിഎസും പ്രദേശത്ത് ഇന്ന് സംയുക്ത പരിശോധനയും നടത്തും. കേന്ദ്ര അന്വേഷണ ഏജന്‍സികളും വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ചിലര്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ ക്യാമ്പ് നടത്തിയിരുന്നതായി തമിഴ്‌നാട് ക്യൂ ബ്രാഞ്ച് നേരത്തെ തന്നെ സംസ്ഥാന പോലീസ് മേധാവിക്ക് വിവരം കൈമാറിയിരുന്നു. തമിഴ്‌നാട് ക്യൂ ബ്രാഞ്ചും രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് അന്വേഷണം നടത്തിയിരുന്നു.
സംഭവത്തില്‍ തീവ്ര സ്വഭാവമുള്ള സംഘടനകളിലുള്ളവരെ കേന്ദ്രീകരിച്ചാകും അന്വേഷണം നടത്തുക. .ഉള്‍വന പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. ജലാറ്റിന്‍ സ്റ്റിക്കിന്‍ ബാറ്ററിയുടെയും ഉറവിടം എവിടെ നിന്നാണെന്ന് പരിശോധിക്കും. വനമേഖലക്ക് സമീപമുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. പുനലൂര്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തിലാണ് അന്വേഷണം.
 

Latest News