പാലക്കാട്- പാലക്കാട് നെന്മാറയിൽ യുവാവ് കാമുകിയെ പത്ത് വർഷം ഒരു മുറിയിൽ രഹസ്യമായി പാർപ്പിച്ച സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ്. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് വനിതാ കമ്മീഷന് കൈമാറി. സജിതയും റഹ്മാനും ഒരു മുറിയിൽ താമസിച്ചതിന്റെ സാഹചര്യത്തെളിവുകൾ പോലീസ് ശേഖരിച്ചിരുന്നു. മുറിയിൽ കഴിഞ്ഞതിന്റെ വിശദാംശങ്ങൾ സജിത പോലീസിനോട് പറഞ്ഞു. ഇക്കാര്യം അവിശ്വസിക്കേണ്ട കാര്യമില്ലെന്നും പോലീസ് നൽകിയ റിപ്പോർട്ടിലുണ്ട്. മറ്റ് സ്ഥലത്ത് ഇവർ താമസിച്ചതിന്റെ തെളിവുകളില്ലെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം വനിതാ കമ്മീഷൻ ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തും. പത്ത് വർഷം ഒറ്റമുറിക്കുള്ളിൽ കഴിഞ്ഞിട്ടുണ്ടെങ്കിൽ അവർ കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ടിട്ടുണ്ടെന്നാണ് വനിതാ കമ്മീഷൻ വിലയിരുത്തുന്നത്. ആ പശ്ചാത്തലത്തിലാണ് വനിത കമ്മീഷൻ സ്വമേധയാ കേസെടുത്തത്. സജിതയും റഹ്മാനും താമസിച്ചിരുന്ന വീട്ടിലെത്തിയാണ് തെളിവെടുപ്പും മൊഴിയെടുക്കുകയും ചെയ്യുന്നത്. എന്നാൽ തങ്ങളെ ജീവിക്കാൻ അനുവദിക്കണമെന്ന് സജിത ആവശ്യപ്പെട്ടു. ചാനലിൽ നൽകിയ അഭിമുഖത്തിലാണ് സജിത ഇക്കാര്യം ആവശ്യപ്പെട്ടത്.ഞാൻ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. എന്തിനാണ് കേസെടുത്തത് എന്ന് എനിക്കറിയണം. ഞാനിപ്പോഴും സന്തോഷവതിയാണ്. ഇനിയെങ്കിലും ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂവെന്നും സജിത കേണപേക്ഷിച്ചു.