റിയാദ് - കോവിഡ് വാക്‌സിഷേൻ സർട്ടിഫിക്കറ്റിൽ വാക്‌സിൻ കൊടുത്ത തീയതി, ബാച്ച് നമ്പർ, കൊടുത്ത വാക്‌സിൻ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ രേഖപ്പെടുത്തുന്ന സംവിധാനം ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമാണെന്ന് സൗദി കെ.എം.സി.സി. ഇതുമായി ബന്ധപ്പെട്ട് കെ.എം.സി.സി നാഷനൽ കമ്മിറ്റി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, നോർക്ക സി.ഇ.ഒ എന്നിവർക്ക് പരാതി നൽകിയിരുന്നു. നിലവിൽ സംസ്ഥാന സർക്കാർ നൽകുന്ന കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ പോരായ്മകൾ പരിഹരിക്കുമെന്ന്മുഖ്യമന്ത്രി പറഞ്ഞിരുന്നു.
സൗദിയിലേക്കുള്ള പ്രവാസികളുടെയാത്രാ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കോവിൻ, ഇ-ഹെൽത്ത് പോർട്ടലുകൾ ലിങ്ക് ചെയ്യണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു.
കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ആരോഗ്യ പോർട്ടലുകൾ തമ്മിൽ ലിങ്ക് ചെയ്താൽ മാത്രമേ രണ്ട് ഡോസും എടുത്തതായി രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് ലഭ്യമാവുകയുള്ളൂ. ആദ്യ ഡോസ് വാക്‌സിൻ എടുത്ത പ്രവാസികളുടെ ഡാറ്റ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള കോവിൻ പോർട്ടലിലും രണ്ടാമത്തെ ഡോസ് എടുത്ത ഡാറ്റ കേരള ആരോഗ്യ വകുപ്പിന്റെ പോർട്ടലായ ഇ-ഹെൽത്ത് പോർട്ടലിലുമാണുമുള്ളത്. ഇത് രണ്ടും ലിങ്ക് ചെയ്യാത്ത പക്ഷം ആദ്യ ഡോസ് എടുത്ത കോവിൻ പോർട്ടലിൽ നിന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്താൽ രണ്ടാമത്തെ ഡോസിന്റെ ഡാറ്റ ലഭിക്കില്ല. രണ്ടാമത്തെ ഡോസെടുത്ത ഇ-ഹെൽത്ത് പോർട്ടലിൽ നിന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്താൽ ഒന്നാം ഡോസിന്റ ഡാറ്റയും ലഭ്യമല്ല. രണ്ട് ഡോസും ചെയ്തുവെന്ന ഒറ്റ സർട്ടിഫിക്കറ്റാണ് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഇ-സർവീസ് സൈറ്റിൽ അപ്ലോഡ് ചെയ്യേണ്ടത്. ഇതു പ്രകാരമാണ് മുഖീം, തവക്കൽനാ പോർട്ടലുകളിൽ അപ്‌ഡേറ്റ് ചെയ്യപ്പെടുക. അപ്പോൾ വാക്‌സിൻ ചെയ്ത തീയതിയും ബാച്ച് നമ്പറും ചേർക്കുന്നതോടൊപ്പം ഇരു പോർട്ടലുകളും ലിങ്ക് ചെയ്യാനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി ആവശ്യപ്പെട്ടു.