ദമാം - രമ്യാ ഹരിദാസ് എം.പിയെ ഭീഷണിപ്പെടുത്തിയ സി.പി.എമ്മിന്റെ രാഷ്ട്രീയ ഫാസിസം കേരളത്തിന് അപമാനമാണെന്ന് ദമാം ഒ.ഐ.സി.സി. രമ്യാ ഹരിദാസ് എം.പിയെ തടഞ്ഞുനിർത്തി ആക്ഷേപങ്ങൾ പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, ഇനി മണ്ഡലത്തിൽ കാലു കുത്തരുതെന്ന് ആക്രോശിക്കുകയും ചെയ്ത സി.പി.എം പ്രാദേശിക നേതാക്കളുടെ പ്രവൃത്തി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. തുടർഭരണം കിട്ടിയതിൽ അഹങ്കരിക്കുന്ന സി.പി.എം നടത്തുന്ന രാഷ്ട്രീയ ഫാസിസം കേരളത്തിന് അപമാനകരമാണെന്ന് ഒ.ഐ.സി.സി ദമാം റീജണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. തന്റെ മണ്ഡലത്തിലെ ഹരിത സേനാ അംഗങ്ങളുമായി സംസാരിച്ച് പുറത്ത് വന്ന രമ്യാ ഹരിദാസിനോട് 'പട്ടി ഷോ കഴിഞ്ഞോ' എന്ന് ചോദിച്ച് അപമാനിച്ച ആലത്തൂരിലെ സി.പി.എമ്മിലെ പ്രാദേശിക നേതാക്കളുടെ മനോനില അടിയന്തരമായി പരിശോധിക്കേണ്ടതുണ്ട്. ഒരു ജനപ്രതിനിധിക്ക് സ്വന്തം മണ്ഡലത്തിൽ വരാനും ജനങ്ങളെ കാണാനും കേൾക്കാനും സി.പി.എമ്മിന്റെ എൻ.ഒ.സി വേണമെന്ന നിലയിൽ ജനാധിപത്യ കേരളം എത്തിയെങ്കിൽ, ഇതിന് സമാധാനം പറയേണ്ടത് കേരളം ഭരിക്കുന്ന പിണറായി വിജയനാണ്. തുടർഭരണം കിട്ടിയതുകൊണ്ട് എന്തുമാകാമെന്ന് സി.പി.എമ്മും സഖാക്കളും കരുതിയെങ്കിൽ, ഇത് കേരളമാണെന്ന് ഓർക്കുന്നത് നന്നായിരിക്കും. ഒരു വനിതാ ജനപ്രതിനിധിയായ രമ്യാ ഹരിദാസ് എം.പിക്കെതിരെ സി.പി.എം ഗുണ്ടകൾ നടത്തിയ ഈ കാടൻ നടപടിയിൽ ഒ.ഐ.സി.സി ദമാം റീജണൽ കമ്മിറ്റി ശക്തമായ പ്രതിഷേധവും അമർഷവും രേഖപ്പെടുത്തുന്നതായി ആക്ടിംഗ് പ്രസിഡണ്ട് ഹനീഫ് റാവുത്തറും ജനറൽ സെക്രട്ടറി ഇ.കെ സലീമും പറഞ്ഞു.