Sorry, you need to enable JavaScript to visit this website.

പോലീസ് പരിശോധന കർശനമാക്കി; ഇഖാമയില്ലാത്ത നിരവധി പേർ പിടിയിൽ

തുറൈഫ് - കോവിഡിനു ശേഷം പോലീസ് പരിശോധന വീണ്ടും കർശനമാക്കി. തുറൈഫിൽ ഇഖാമയില്ലാത്ത നിരവധി പേർ പിടിയിൽ. കഴിഞ്ഞ നാലു ദിവസങ്ങളായി ഇഖാമ പരിശോധന നടക്കുകയാണ് തുറൈഫിൽ. കൊറോണ വന്ന ശേഷം ഇതാദ്യമാണ് ഇഖാമയില്ലാത്തവരെ പിടികൂടാൻ പോലീസ് പരിശോധനക്കായി ഇറങ്ങിയിട്ടുള്ളത്. 
സൗദിയിലെത്തി ഇതുവരെ ഇഖാമ ഉണ്ടാക്കാത്തവരും ഇഖാമ പുതുക്കാത്തവരുമായവരാണ് പിടിക്കപ്പെട്ടത്. രാത്രിയാണ് മിക്കവരും പരിശോധനയിൽ പെട്ട് തർഹീലിലേക്ക് അയക്കപ്പെട്ടത്. തുറൈഫിൽ നിന്ന് പാസ്‌പോർട്ട് സേവനങ്ങൾക്കായി ഖുറയ്യാത്തിൽ വരുന്ന എംബസി സംഘത്തെ കാണാൻ വേണ്ടി പോയ ബംഗഌദേശുകാർ രാത്രി തുറൈഫിലേക്ക് മടങ്ങുന്ന വഴി പിടിക്കപ്പെട്ടു. 
തങ്ങളുടെ പേപ്പറുകൾ ശരിയാക്കാനായി പോയി വരികയാണ് എന്ന് പോലീസുകാരോട് പറഞ്ഞെങ്കിലും തുറൈഫിൽ വെച്ച് ആറംഗ സംഘത്തെ പിടികൂടി അറാറിലേക്ക് അയച്ചിരിക്കുകയാണ്. ഒരാളെ സ്‌പോൺസർ ഇടപെട്ട് വിട്ടയച്ചു. 
ഇത് കൂടാതെ  രാത്രി എട്ടുമണി മുതൽ ഏറെ വൈകി പന്ത്രണ്ട് മണി വരെ നടത്തിയ പരിശോധനയിലാണ് വിവിധ രാജ്യക്കാരായ പത്തോളം പേരെ പോലീസ് കണ്ടെത്തിയത്. ഇന്ത്യക്കാർ ഉൾപ്പെടെ ഇക്കൂട്ടത്തിൽ ഉണ്ട്. ഇവരെ കൂടാതെ വെള്ളിയാഴ്ച ഒരാളും പിടിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സ്‌പോൺസർ മരിച്ചതിനാൽ വിവിധ നൂലാമാലകളാൽ ഇഖാമ പുതുക്കാൻ സാധിക്കാത്തയാളാണ്. ഇഖാമ കാലാവധി കഴിഞ്ഞു രണ്ട് വർഷമായ  ഇന്ത്യക്കാരനാണ് ഇദ്ദേഹം. 
പോലീസ് ചെക്കിംഗിൽ പിടിയിലായാൽ സ്‌പോൺസർ ഇടപെട്ടാൽ ചിലപ്പോൾ വിട്ടയക്കുന്നുണ്ട്. എങ്കിലും കുറെ പേരെ കയറ്റിവിടുകയാണ്. 
 

Latest News