Sorry, you need to enable JavaScript to visit this website.

കേളി വാക്‌സിൻ ചലഞ്ച് അവസാനിപ്പിച്ചു; തുക മുഖ്യമന്ത്രിയുടെ നിധിയിലേക്ക് കൈമാറും

റിയാദ് - കേളി റിയാദ് കമ്മിറ്റിയുടെ കോവിഡ് വാക്‌സിൻ ചലഞ്ച് അവസാനിപ്പിച്ചു. തുക മുഖ്യമന്ത്രിയുടെ നിധിയിലേക്ക് ഉടൻ കൈമാറും. 
ജൂൺ 21 മുതൽ 18 വയസ്സിനു മുകളിലുള്ളവർക്ക് കൂടി വാക്‌സിൻ സൗജന്യമാക്കിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ തുടർന്നാണ് റിയാദ് കേളി നടത്തി വന്നിരുന്ന മൂന്നാംഘട്ട കോവിഡ് വാക്‌സിൻ ചലഞ്ച് അവസാനിപ്പിക്കുന്നതായി കേളി കലാ സാംസ്‌കാരിക വേദി അറിയിച്ചത്. 
ചലഞ്ചിലൂടെ ഇതുവരെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉടൻ കൈമാറുമെന്നും കേളി സെക്രട്ടറിയേറ്റ് വ്യക്തമാക്കി. ഒന്നാം ഘട്ടത്തിൽ 1131 ഡോസ് വാക്‌സിനും, രണ്ടാം ഘട്ടത്തിൽ 2101 ഡോസ് വാക്‌സിന് തത്തുല്യമായ തുകയുമാണ് കേളി കോവിഡ് വാക്‌സിൻ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. മൂന്നാം ഘട്ടത്തിൽ 3000 ത്തിലധികം ഡോസ് വാക്‌സിനുള്ള പണം കണ്ടെത്താനായിരുന്നു കേളി ലക്ഷ്യമിട്ടത്. 


കേളിയുടെ ലക്ഷ്യം കൈവരിക്കാനിരിക്കേയാണ് പ്രതിപക്ഷ കക്ഷികളുടെയും സുപ്രീം കോടതിയുടെയും നിരന്തര ഇടപെടലിനെ തുടർന്ന് കേന്ദ്ര സർക്കാരിന് വാക്‌സിൻ നയത്തിൽ തിരുത്തൽ വരുത്തേണ്ടിവന്നത്. വാക്‌സിൻ ചലഞ്ച് തുടരേണ്ടതില്ലെന്ന് തീരുമാനിച്ചെങ്കിലും, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അനിശ്ചിതമായി തുടരുന്ന ലോക്ഡൗൺ മൂലവും, തൊഴിൽ നഷ്ടം മൂലവും ഉണ്ടായ സാമ്പത്തിക പരാധീനതകൾ മറികടക്കുന്നതിന് കേരള ജനതയോട് പ്രവാസികളുടെ ഐക്യദാർഢ്യം പ്രകടിപ്പിച്ച് കോവിഡ് പ്രതിരോധത്തിനായി കേളി തുടർന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. 
തുക എത്ര ചെറുതാണെങ്കിലും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ സാമൂഹ്യ പ്രതിബദ്ധതയുള്ളവർ 'കേളി സി.എം.ഡി. ആർ.എഫ് ഡൊണേഷൻ ചാലഞ്ച്-2021' ലൂടെ മുന്നോട്ട് വരണമെന്നും കേളിയുടെ പ്രസ്താവനയിൽ അഭ്യർഥിച്ചു.

 

Latest News