റിയാദ് - ബത്ഹയിലെ നിയമ ലംഘനങ്ങൾ അവസാനിപ്പിക്കാൻ ഗവർണറുടെ നിർദേശം. തലസ്ഥാന നഗരിയിൽ മലയാളികൾ അടക്കമുള്ള വിദേശികളുടെ പ്രധാന സംഗമസ്ഥലവും വാണിജ്യ കേന്ദ്രവുമായ ബത്ഹയിലെ നിയമ ലംഘനങ്ങൾ എത്രയും വേഗം അവസാനിപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് റിയാദ് ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ കർശന നിർദേശം നൽകി. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളെ കുറിച്ച് തനിക്ക് റിപ്പോർട്ടുകൾ സമർപ്പിക്കണമെന്നും മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ നിർദേശിച്ചു. നിയമ ലംഘനങ്ങൾ അവസാനിപ്പിക്കാനും മുഴുവൻ നിയമങ്ങളും നിർദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ബത്ഹയിൽ ഫീൽഡ് പരിശോധനകളും നിരീക്ഷണവും ഊർജിതമാക്കണമെന്നും ഡെപ്യൂട്ടി ഗവർണർ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു.