Sorry, you need to enable JavaScript to visit this website.

ലീനാ മരിയാ പോള്‍ 25 കോടി തരണം, അത് കിട്ടാനുള്ള പണമാണ്... ഭീഷണി സന്ദേശവുമായി മുഖ്യപ്രതി

കൊച്ചി- ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ നടി ലീനാ മരിയാ പോളിനെതിരെ ഭീഷണി സന്ദേശവുമായി മുഖ്യപ്രതി നിസാം. ലീന മരിയ പോള്‍ എവിടെപ്പോയാലും പിന്തുടരുമെന്ന് പ്രതിയുടെ വാട്സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു.

ഭീഷണിപ്പെടുത്തി പണം തട്ടുന്ന രീതി തങ്ങള്‍ക്കില്ലെന്നും ലീന മരിയ തരാനുള്ള പണമാണ് 25 കോടി രൂപയെന്നും സലാം പറയുന്നു. ലീന മരിയ പോളും ഭര്‍ത്താവ് സുകേഷും കൂടി നിലവില്‍ 1500 കോടി രൂപ പറ്റിച്ചിട്ടുണ്ട്. സുകേഷ് തീഹാര്‍ ജയിലില്‍ കിടക്കുകയാണ്. ലീന മരിയ പോളിനെ സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. എന്നിട്ടും കേരളത്തില്‍ കൊണ്ടു വന്ന് തെളിവെടുക്കാതെ വീഡിയോ കോളാണോ ചെയ്യുന്നത്.

രവി പൂജാരിയെ ഉയര്‍ന്ന സുരക്ഷയില്‍ കേരളത്തില്‍ കൊണ്ടു വന്നിട്ട് തെളിവെടുത്ത നിങ്ങള്‍ എന്തു കൊണ്ടാണ് ലീനാ മരിയയെ കൊണ്ടുവന്ന് എന്താണ് തെളിവെടുക്കാതെന്ന് സലാം ചോദിക്കുന്നു. രവി പൂജാരി ഫോണ്‍ വിളിച്ചതേ ഉള്ളൂവെന്നും പണി എടുക്കുന്നതും എടുപ്പിക്കുന്നതും താന്‍ തന്നെയാണെന്നും സന്ദേശത്തിലുണ്ട്. ലീന മരിയ പോളിനെ ഇനി വിടില്ല, രവി പൂജാരിയുടെ ആവശ്യവുമില്ല ഞങ്ങള്‍ക്ക്. കിട്ടാനുള്ള പൈസ കിട്ടിയേ പറ്റൂ, അത് ലീന എവിടെ പോയി ഒളിച്ചാലും പിന്തുടരുമെന്നും പ്രതി ഭീഷണി മുഴക്കുന്നു.

അതേസമയം ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ നടി ലീനാ മരിയയെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ലീന മരിയ പോളിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തതയുണ്ടാക്കാനാണ് നടിയെ ചോദ്യം ചെയ്യുന്നത്.
രവി പൂജാരിയുടെ പേരില്‍ ഫോണ്‍ വിളിയില്‍ ഭയപ്പെട്ട് ലീന മരിയ പോള്‍ പണം കൈമാറാന്‍ തയാറായില്ല. തുടര്‍ന്നാണ് മോനായി ആലുവ സ്വദേശി ബിലാല്‍, കടവന്ത്രയിലെ വിപിന്‍ വര്‍ഗീസ് എന്നിവര്‍ക്ക് ലീന മരിയ പോളിനെ ഭയപ്പെടുത്താനുള്ള ക്വട്ടേഷന്‍ നല്‍കിയത്.

ലീനാ മരിയാ പോളിന്റെ കൈവശം കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഉണ്ടെന്നും 25 കോടി രൂപ ആവശ്യപ്പെട്ടിട്ട് നല്‍കാന്‍ ലീന മരിയ പോള്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് ബ്യൂട്ടിപാര്‍ലറിന് നേരെ വെടിവെപ്പ് നടത്തിയതെന്നുമാണ് രവി പൂജാരി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. ബ്യൂട്ടി പാര്‍ലറില്‍ വെടിവെപ്പ് നടത്തിയതില്‍ തനിക്ക് പങ്കില്ലെന്നും എറണാകുളത്തുള്ള സംഘമാണ് പണം തട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നും ഇയാള്‍ പറയുന്നു.

നിസാമും മറ്റൊരു പ്രതി അജാസും വിദേശത്ത് ഒളിവിലാണെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. പ്രതികള്‍ തൊട്ടടുത്ത ദിവസം തന്നെ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്നും പോലീസ് സൂചിപ്പിക്കുന്നു.

 

 

 

 

 

 

Latest News