കൊച്ചി- മീ ടൂ ആരോപണ വിധേയനായ റാപ്പർ വേടൻ നടത്തിയ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്ത നടപടിയിൽ വിശദീകരണവുമായി നടി പാർവതി തിരുവോത്ത്. ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് പാർവതിയുടെ വിശദീകരണം. അതിജീവിച്ചവരോട് മാപ്പ് എന്ന തലക്കെട്ടിലായിരുന്നു വിശദീകരണം.
ആരോപണ വിധേയനായ ഗായകൻ വേടന് എതിരെ ധൈര്യപൂർവം സംസാരിച്ച, അതിജീവിച്ചരോട് ആത്മാർഥമായി മാപ്പ് ചോദിക്കുന്നുവെന്നും പാർവതി കുറിപ്പിൽ പറയുന്നു. സ്വന്തം തെറ്റാണെന്ന് അംഗീകരിക്കാൻ പോലും തയ്യാറാകാത്ത നിരവധി പുരുഷന്മാരുണ്ടെന്ന ചിന്തയിലാണ് വേടന്റെ പോസ്റ്റ് ലൈക്ക് ചെയ്തത്. ആഘോഷിക്കപ്പെടേണ്ട ഒന്നല്ല അതെന്ന കൃത്യമായ ബോധ്യമുണ്ട്. ക്ഷമാപണം ആത്മാർഥതോടെയുള്ളതല്ലെന്ന് ചില അതിജീവിതർ അറിയിച്ചതിനു പിന്നാലെ ലൈക്ക് ചെയ്തത് താൻ നീക്കം ചെയ്തത്. അതിജീവിച്ചവർക്കൊപ്പമേ താൻ നിലകൊള്ളൂവെന്നും പാർവതി വ്യക്തമാക്കി.