റിയാദ് - സൗദിയിലെ പ്രമുഖ ടെലികോം കമ്പനികൾ ഇന്റർനെറ്റ് നിരക്കുകൾ ഉയർത്തി. ദേശീയ ടെലികോം കമ്പനിയായ എസ്.ടി.സിയും മൊബൈലിയുമെല്ലാം നിരക്കിൽ ഗണ്യമായ വർധനവാണ് വരുത്തിയത്. ഇരു കമ്പനികളും 300 ജി.ബി ഡാറ്റ സിം കാർഡ് നിരക്ക് 50 ശതമാനത്തോളം ഉയർത്തി. മറ്റു പാക്കേജുകളിലും നിരക്കുകൾ ഉയർത്തിയിട്ടുണ്ട്. പുതുവർഷത്തിൽ നിരക്ക് വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് കഴിഞ്ഞ വാരാന്ത്യം മുതൽ കമ്പനികൾ ഡാറ്റ സിം കാർഡ് വിൽപനയും സബ്‌സ്‌ക്രിപ്ഷൻ പുതുക്കലും നിർത്തിവെച്ചിരുന്നു. 300, 600 ജി.ബി പാക്കേജ് സിം കാർഡ് വിൽപനയും സബ്‌സ്‌ക്രിപ്ഷൻ പുതുക്കലുമാണ് കമ്പനികൾ കാര്യമായും നിർത്തിവെച്ചത്.
എസ്.ടി.സി
ഒരു മാസം പത്ത് ജി.ബി ഡാറ്റ നൽകുന്ന സ്‌കീമിന്റെ നിരക്ക് 100 റിയാലും രണ്ടു മാസത്തേക്ക് 30 ജി.ബി ഡാറ്റ നൽകുന്ന സ്‌കീമിന്റെ നിരക്ക് 200 റിയാലുമായി ഉയർത്തിയിട്ടുണ്ട്. മൂന്നു മാസത്തേക്ക് 300 ജി.ബി ഡാറ്റ നൽകുന്ന പാക്കേജിന്റെ നിരക്ക് 500 റിയാലായും ഒരു മാസത്തേക്ക് അൺലിമിറ്റഡ് ഡാറ്റ ഓഫർ ചെയ്യുന്ന പാക്കേജിന്റെ നിരക്ക് 350 റിയാലായും ഉയർത്തി.
മൊബൈലി
പ്രതിമാസം അഞ്ചു ജി.ബി വീതം മൂന്നു മാസത്തേക്ക് നൽകുന്ന പാക്കേജിന്റെ നിരക്ക് 90 റിയാലായും മൂന്നു മാസത്തേക്ക് 300 ജി.ബി ഡാറ്റ നൽകുന്ന പാക്കേജിന്റെ നിരക്ക് 450 റിയാലായും പ്രതിമാസം 20 ജി.ബി തോതിൽ ആറു മാസക്കാലം ഡാറ്റ നൽകുന്ന പാക്കേജിന്റെ നിരക്ക് 530 റിയാലായും പ്രതിമാസം പത്തു ജി.ബി തോതിൽ മൂന്നു മാസത്തേക്ക് വൈഫൈ സെറ്റ് അടക്കം നൽകുന്ന പാക്കേജിന്റെ നിരക്ക് 545 റിയാലായും 60 ജി.ബി ആറു മാസത്തേക്ക് വൈഫൈ സെറ്റ് അടക്കം നൽകുന്ന പാക്കേജിന്റെ നിരക്ക് 775 റിയാലായും ഉയർത്തിയിട്ടുണ്ട്.
സെയിൻ
രണ്ടു ജി.ബി ഡാറ്റ ഒരു മാസത്തേക്ക് നൽകുന്ന സ്‌കീം നിരക്ക് 45 റിയാലായും അഞ്ചു ജി.ബി ഒരു മാസത്തേക്ക് നൽകുന്ന സ്‌കീം നിരക്ക് 65 റിയാലായും 10 ജി.ബി മൂന്നു മാസത്തേക്ക് നൽകുന്ന പാക്കേജ് നിരക്ക് 119 റിയാലായും 50 ജി.ബി മൂന്നു മാസത്തേക്ക് നൽകുന്ന സ്‌കീം നിരക്ക് 199 റിയാലായും 200 ജി.ബി മൂന്നു മാസത്തേക്ക് നൽകുന്ന പാക്കേജ് നിരക്ക് 299 റിയാലായും ഒരു മാസത്തേക്കുള്ള അൺലിമിറ്റഡ് പാക്കേജ് നിരക്ക് 325 റിയാലായും സെയ്ൻ ടെലികോം ഉയർത്തിയിട്ടുണ്ട്.
എതിർപ്പുമായി ചേംബർ ഓഫ് കൊമേഴ്‌സ്
പുതിയ നിരക്ക് വർധനവിന് ഒരുവിധ നിയമ പിൻബലവും ന്യായീകരണവുമില്ലെന്ന് അശ്ശർഖിയ ചേംബർ ഓഫ് കൊമേഴ്‌സ് കമ്മ്യൂണിക്കേഷൻസ്, ഐ.ടി കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം ആലുശൈഖ് പറഞ്ഞു. വിപണിയിൽ കൂടുതൽ സ്വാധീനമുള്ള പ്രമുഖ കമ്പനിയാണ് നിരക്ക് വർധനക്ക് നേതൃത്വം നൽകുന്നത്. ഈ കമ്പനിയെ പിൻപറ്റി മറ്റു കമ്പനികളും നിരക്കുകൾ ഉയർത്തുകയാണ്. നിരക്ക് വർധനവിൽ നിന്ന് ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകുന്നതിന് കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ഇടപെടണം. വേഗത കുറഞ്ഞ ഇന്റർനെറ്റിന് യുക്തിക്ക് നിരക്കാത്ത നിലക്ക് നിരക്ക് വർധിപ്പിക്കുന്ന കുത്തക കമ്പനികളെ ചെറുക്കുന്നതിന് കോംപറ്റീഷൻ കമ്മീഷനും ഇടപെടണമെന്ന് ഇബ്രാഹിം ആലുശൈഖ് ആവശ്യപ്പെട്ടു.
ടെലികോം കമ്പനികൾ സ്വന്തം താൽപര്യങ്ങൾ മാത്രമാണ് നോക്കുന്നത് എന്നതാണ് സൗദിയിലെ പ്രശ്‌നമെന്ന് ടെലികോം മേഖലാ വിദഗ്ധൻ എൻജിനീയർ നിദാൽ അൽമുസൈരി പറഞ്ഞു. ആധുനിക ഐ.ടി യുഗത്തിൽ ഇന്റർനെറ്റ് അടിസ്ഥാന സേവനമായി പരിഗണിക്കുന്ന സാഹചര്യമുണ്ടാകണം. ഒപ്റ്റിക്കൽ ഫൈബർ പദ്ധതികളും നെറ്റ്‌വർക്ക്, ടവർ വിപുലീകരണവും കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സൗദിയിൽ ഇന്റർനെറ്റിന് വേഗത തീരെ കുറവാണ്. പരിമിതമായ ടവറുകൾക്കും എക്‌സ്‌ചേഞ്ചുകൾക്കും കീഴിൽ ആയിരക്കണക്കിന് ഉപയോക്താക്കൾ തടിച്ചുകൂടുന്നതു വഴി ടെലികോം നെറ്റ്‌വർക്കുകൾ മന്ദഗതിയിലാവുക സ്വാഭാവികമാണ്. വിനോദത്തിനും ബ്രൗസിംഗിനും മാത്രമല്ല ഇന്ന് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. ചില യൂനിവേഴ്‌സിറ്റികൾ പൂർണമായും ഇ-ലേണിംഗിലേക്കും തത്സമയ ആശയവിനിമയങ്ങളിലേക്കും മാറിയിട്ടുണ്ട്. ടെലികോം നെറ്റ്‌വർക്കുകളുടെ ദുർബലത വിദ്യാഭ്യാസ പ്രക്രിയയെ ബാധിക്കും. അന്യായമായ നിരക്ക് വർധനവും തിരിച്ചടിയാകുമെന്ന് എൻജിനീയർ നിദാൽ അൽമുസൈരി പറഞ്ഞു.
ചില അയൽ രാജ്യങ്ങൾ ഇന്റർനെറ്റ് നിരക്കുകൾ വലിയ തോതിൽ കുറക്കുന്നതിനിടെയാണ് സൗദിയിലെ കമ്പനികൾ അന്യായമായി നിരക്കുകൾ ഉയർത്തുന്നതെന്ന് അശ്ശർഖിയ ചേംബർ ഓഫ് കൊമേഴ്‌സിലെ അഡ്വക്കേറ്റ്‌സ് കമ്മിറ്റി മുൻ പ്രസിഡന്റ് സുലൈമാൻ അൽഅംരി പറഞ്ഞു. നിരക്കുകൾ ഉയർത്തുന്നതിന് തക്കം പാർത്തിരുന്ന ടെലികോം കമ്പനികൾ മൂല്യവർധിത നികുതിയും വിദേശികൾക്കുള്ള ലെവിയും അവസരമായി മാറുകയായിരുന്നു. ഭാവിയിൽ വീണ്ടും നിരക്കുകൾ ഉയരുന്ന സാഹചര്യം തടയുന്നതിന് ഇപ്പോഴത്തെ നിരക്ക് വർധനവ് ബന്ധപ്പെട്ട വകുപ്പുകൾ ഇടപെട്ട് ചെറുക്കണം. സൗദിയിൽ ടെലികോം കമ്പനികളുടെ എണ്ണം പരിമിതമാണ്. പശ്ചാത്തല സൗകര്യങ്ങൾക്ക് കാര്യക്ഷമതയുമില്ല. കൂടുതൽ വിശ്വാസയോഗ്യമായ സേവനം നൽകുന്നതിനും ടെലികോം വിപണിയിൽ മത്സരം വർധിപ്പിക്കുന്നതിനും പശ്ചാത്തല മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തേണ്ടത് അനിവാര്യമാണ്. പുതിയ ടെലികോം കമ്പനികൾക്ക് സൗദിയിൽ ലൈസൻസ് അനുവദിക്കണമെന്നും സുലൈമാൻ അൽഅംരി ആവശ്യപ്പെട്ടു.