കണ്ണൂര്‍ - അന്യ സംസ്ഥാന തൊഴിലാളിയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹതകള്‍ നീങ്ങി. ഇരിക്കൂര്‍ ബ്ലാത്തൂരില്‍ അസം സ്വദേശി സൊദേബ് (43) മരിച്ച സംഭവം അപൂര്‍വമായ ആത്മഹത്യയെന്നാണ് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത സൊദേബിന്റെ സഹോദരന്‍ അടക്കമുള്ളവരെ പോലീസ് വിട്ടയച്ചു.
കഴിഞ്ഞ ദിവസം സന്ധ്യക്കാണ് ബ്ലാത്തൂരിലെ വാടക വീട്ടിന്റെ വരാന്തയില്‍ സൊദേബിനെ കഴുത്തറുത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ ഇദ്ദേഹം മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മരണം കൊലപാതകമെന്നാണ് സാഹചര്യ തെളിവുകള്‍ നല്‍കിയ സൂചന. ഇതനുസരിച്ച് പോലീസ് കേസെടുക്കുകയും ഇവിടത്തെ താമസക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഫോറന്‍സിക്, വിരലടയാള വിദഗ്ധരും പോലീസ് നായയും എത്തി തെളിവെടുക്കുകയും ചെയ്തു. എന്നാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത പരിയാരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ.എസ്.ഗോപാല കൃഷ്ണ പിള്ളയാണ് മരണം അപൂര്‍വമായ ആത്മഹത്യയാണെന്ന നിഗമനത്തിലെത്തിയത്. ഇതു സംബന്ധിച്ച സൂചനകള്‍ അദ്ദേഹം പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ നല്‍കുകയും ചെയ്തു.
കഴുത്തു മുറിക്കാനുപയോഗിച്ച കത്തിയും ബ്ലേഡും കത്രികയും പോലീസ് കണ്ടെത്തിയിരുന്നു. സൊദേബിന്റെ നെഞ്ചില്‍ ആഴത്തിലുള്ള കുത്തുണ്ടായിരുന്നു. കഴുത്തിലെ ഞരമ്പു മുറിച്ച നിലയിലും ആയിരുന്നു. ഇതാണ് കൊലപാതകമാണെന്ന സംശയം ഉയരാന്‍ കാരണം. നെഞ്ചില്‍ സ്വയം കുത്തിയ ശേഷം ഒരാള്‍ക്കു കഴുത്തു മുറിക്കാനാവില്ലെന്ന സംശയമാണ് ഉയര്‍ന്നത്. എന്നാല്‍ ഇതെല്ലാം സൊദേബ് സ്വയം ചെയ്തതാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞു. നെഞ്ചിലെയു കഴുത്തിലേയും പരിക്കുകളല്ല, മറിച്ച് കഴുത്തിലെ മുറിവില്‍ നിന്നുള്ള രക്തം ശ്വാസ കോശത്തിലെത്തിയാണ് സൊദേബിന്റെ മരണം നടന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. മാത്രമല്ല, ബലപ്രയോഗത്തിന്റെ യാതൊരു വിധ തെളിവുകളും പരിക്കുകളും ഉണ്ടായിരുന്നില്ല.
കസ്റ്റഡിയിലെടുത്തവരെ മണിക്കൂറുകളോളം വിശദമായി ചോദ്യം ചെയ്തുവെങ്കിലും മരണവുമായി ബന്ധപ്പെട്ട ഒരു സൂചനയും ലഭിച്ചിരുന്നില്ല. മാത്രമല്ല, സൊദേബുമായി ആര്‍ക്കും പ്രശ്‌നമുണ്ടായിരുന്നില്ലെന്നും വ്യക്തമായി. സൊദേബ് നാട്ടിലേക്കു പോകാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി ടിക്കറ്റു ബുക്കു ചെയ്യുന്നതിനു ഒരാളെ കണ്ണൂരിലേക്കു അയക്കുകയും ചെയ്തിരുന്നു. ഇയാള്‍ മടങ്ങിയെത്തുന്നതിനു തൊട്ടു മുമ്പാണ് സൊദേബ് ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.