ഒറ്റ ദിവസം കൊണ്ട് അദാനിക്ക് ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂല്യം നഷ്ടപ്പെട്ടതിനെ പറ്റി മുൻ ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് എഴുതിയ ലേഖനം.
പുതിയ ഹർഷദ്മേത്ത ആര്? ഇതാണ് ഇന്നത്തെ സ്റ്റോക്ക് മാർക്കറ്റിൽ അദാനിയുടെ കമ്പനികളുടെ ഷെയർ വില ഇടിവ് വാർത്ത കണ്ടപ്പോൾ ഓർമ്മിച്ചത്. അദാനി കമ്പനികളുടെ ഷെയർ വില ഇതിനകം 25 ശതമാനം ഇടിഞ്ഞു കഴിഞ്ഞു. ഒരു വർഷംകൊണ്ട് 800 ശതമാനം ഓഹരി വിലക്കയറ്റം സൃഷ്ടിച്ച് കോവിഡുകാലത്ത് റെക്കോർഡ് ഇട്ടതാണ് അദാനി. ഒരു ട്വീറ്റും പത്രറിപ്പോർട്ടും ഒറ്റദിവസംകൊണ്ട് ഇതിന്റെ 25 ശതമാനം ഇല്ലാതാക്കി.
ട്വീറ്റ് സുചേതാ ദലാൽ കഴിഞ്ഞ ദിവസം നടത്തിയതാണ്. സുചേതാ ദലാൽ ചില്ലറക്കാരിയല്ല. അവരാണ് നരസിംഹ റാവുവിനെ വലച്ച ഹർഷദ് മേത്ത ഓഹരി കുംഭകോണം പുറത്തുകൊണ്ടുവന്നത്. താൽപ്പര്യമുള്ളവർക്ക് എന്റെ ചിന്ത ലേഖനം വായിക്കാം. (http://dr-tm-thomas-isaac.blogspot.com/.../06/blog-post.html). അധികവായനയ്ക്ക് സുചേതാ ദലാലും ഭർത്താവ് ദേബാഷിഷ് ബസുവും ചേര്‍ന്നെഴുതിയ ദി സ്‌കാം (തട്ടിപ്പ്) എന്ന ഗ്രന്ഥം വായിക്കുക. ഹര്‍ഷദ് മേത്തയെക്കുറിച്ചു മാത്രമല്ല, പത്തുവര്‍ഷം കഴിഞ്ഞ് കേതന്‍ പരേഖ് നടത്തിയ മറ്റൊരു ഭീമന്‍ ഓഹരിത്തട്ടിപ്പിന്റെയും വിശദമായ കഥ ഇതിലുണ്ട്. മറ്റൊരു ഓഹരിത്തട്ടിപ്പ് ഉരുണ്ടുകൂടുന്നുവെന്ന സൂചനയാണ് സുചേത തന്റെ ട്വീറ്റിലൂടെ നൽകിയത്. വിദേശ ഏജൻസികളുടെ പങ്കാളിത്തത്തെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്.
ഇന്നത്തെ ഇക്കണോമിക് ടൈംസ് പത്രത്തിന്റെ തലക്കെട്ട് മൗറീഷ്യസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 3 വിദേശ പോർട്ട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കമ്പനികളുടെ അക്കൗണ്ടുകൾ നാഷണൽ സെക്യൂരിറ്റി ഡെപ്പോസിറ്ററി ലിമിറ്റഡ് (NSDL) മരവിപ്പിച്ചുവെന്ന വാർത്തയാണ്. ഈ കമ്പനികൾക്കുംകൂടി അദാനിയുടെ കമ്പനി ഓഹരികളിൽ 43,000 കോടി രൂപയുടെ നിക്ഷേപമുണ്ടത്രേ. കാരണമെന്തെന്നു വ്യക്തമല്ലെങ്കിലും കള്ളപ്പണ വെളുപ്പിൽ നിരോധന നിയമപ്രകാരമാകാം നടപടിയെന്നു സൂചനയുണ്ട്.
ഇത്രയും മതി ഓഹരി ബ്രോക്കർമാർ തങ്ങളുടെ കൈയ്യിലെ അദാനി ഷെയറുകൾ കൈയ്യൊഴിയാനുള്ള പരിഭ്രാന്തിക്കു തുടക്കം കുറിക്കാൻ. ഓഹരി വിലകൾ കുത്തനെ ഇടിഞ്ഞപ്പോൾ ചില അദാനി കമ്പനികളുടെ ഷെയർ ഇടപാടുകൾ താൽക്കാലികമായി നിർത്തിവയ്ക്കേണ്ടിവന്നു. ഒരുലക്ഷം കോടി രൂപ വിപണിമൂല്യം നഷ്ടം അദാനിക്ക് ഉണ്ടായിയെന്നാണ് കണക്കാക്കപ്പെടുന്നത്.
ഒരുലക്ഷം കോടി നഷ്ടമുണ്ടായെന്നു കേൾക്കുമ്പോൾ ഞെട്ടണ്ട. ഒറ്റവർഷംകൊണ്ട് 2,55,000 കോടി രൂപയാണ് അദാനിയുടെ ആസ്തികളുടെ മൂല്യത്തിൽ 2020ൽ വർദ്ധനയുണ്ടായത്. ഇതിന്റെ ഫലമായി ലോകത്തെ പതിനാലാമത്തെ ഏറ്റവും വലിയ പണക്കാരനായി അദ്ദേഹത്തിന്റെ റാങ്ക് ഉയർന്നു. അംബാനി കഴിഞ്ഞാൽ ഏഷ്യയിലെ ഏറ്റവും വലിയ പണക്കാരൻ. തന്റെ സ്വത്ത് ഇങ്ങനെ വർദ്ധിപ്പിക്കുന്നതിന് ഓഹരി വിപണിയിൽ ഇപ്പോൾ എൻഎസ്ഡിഎൽ മരവിപ്പിച്ചിരിക്കുന്ന ഫണ്ട് അക്കൗണ്ടുകൾ ഉപയോഗിച്ച് തിരിമറി നടത്തിയിട്ടുണ്ടോയെന്നുള്ളത് അടുത്ത ദിവസങ്ങളിൽ അറിയാം. ഏതാണ്ട് എല്ലാ പത്തു വർഷം കൂടുമ്പോഴും ഒരു ഓഹരി കുംഭകോണം ഇന്ത്യയെ ഞെട്ടിക്കാറുണ്ട്. ആദ്യം ഹർഷദ് മേത്ത, പിന്നെ കേതന്‍ പരേഖ്, അതുകഴിഞ്ഞ് ജിഗ്നേഷ് ഷായുടെ നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് – ഇന്നിപ്പോൾ ആരുടെ ഓഹരിത്തട്ടിപ്പ്?
വാൽക്കഷണം - തങ്ങളുമായി ബന്ധപ്പെട്ട മൂന്ന് വിദേശഫണ്ട് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ടെന്ന വാർത്ത അദാനി ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. പക്ഷെ ഈ പ്രസ്താവന പ്രസിദ്ധീകരിച്ച മണി കൺട്രോൾ ഇങ്ങനെ കൂട്ടിച്ചേർത്തിട്ടുണ്ട് - "ഈ പ്രസ്താവന ഉണ്ടെങ്കിലും എൻ.എസ്.ഡി.എല്ലിൻ്റെ ഡാറ്റ കാണിക്കുന്നത് മൂന്നു വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുന്നു എന്നാണ്".