ഉംറ പ്ലസ് പദ്ധതി പ്രയോജനപ്പെടുത്തിയത് മൂവായിരം തീർഥാടകർ
ജിദ്ദ - ആദ്യ ഘട്ടത്തിൽ 65 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് മക്ക പ്രവിശ്യ ടൂറിസം, ദേശീയ പൈതൃക വകുപ്പ് ഡയറക്ടർ മുഹമ്മദ് അൽഅംരി പറഞ്ഞു. രണ്ടാം ഘട്ടത്തിൽ കൂടുതൽ രാജ്യക്കാർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കും. നിശ്ചിത മാനദണ്ഡങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി സൗദിയിലെ ടൂർ ഓപ്പറേറ്റർമാർ വഴിയാണ് വിദേശ ടൂറിസ്റ്റുകൾക്ക് വിസ അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സൗദിയിലെ വിനോദ സഞ്ചാര, ചരിത്ര, പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് ഉംറ തീർഥാടകർക്ക് അവസരമൊരുക്കുന്ന ഉംറ പ്ലസ് പദ്ധതി കഴിഞ്ഞ വർഷം മൂവായിരത്തോളം തീർഥാടകരാണ് പ്രയോജനപ്പെടുത്തിയതെന്ന് മക്ക ടൂറിസം, ദേശീയ പൈതൃക വകുപ്പ് മേധാവി ഫൈസൽ അൽശരീഫ് പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിലാണ് കഴിഞ്ഞ കൊല്ലം പദ്ധതി നടപ്പാക്കിയത്. കഴിഞ്ഞ വർഷം വിദേശങ്ങളിൽ നിന്ന് 67 ലക്ഷം ഉംറ തീർഥാടകർ പുണ്യഭൂമിയിൽ എത്തിയിരുന്നു. ഉംറ പ്ലസ് പദ്ധതി കൂടുതൽ വ്യാപകമാക്കുന്നതിനാണ് ടൂറിസം, ദേശീയ പൈതൃക വകുപ്പ് ആഗ്രഹിക്കുന്നത്. ഉംറ സർവീസ് കമ്പനികൾക്കു പുറമെ ടൂർ ഓപ്പറേറ്റർമാരെ കൂടി ഉംറ വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കംപ്യൂട്ടർ സംവിധാനത്തിൽ ഉൾപ്പെടുത്തുന്നതിന് ശ്രമമുണ്ട്. ഇതുവഴി ഉംറ പ്ലസ് പദ്ധതി നടപ്പാക്കുന്നതും പ്രയോജനപ്പെടുത്തുന്നതും കമ്പനികൾക്കും തീർഥാടകർക്കും കൂടുതൽ എളുപ്പമാകുമെന്നും ഫൈസൽ അൽശരീഫ് പറഞ്ഞു.
ഉംറ തീർഥാടകർ, ബിസിനസ് വിസയിൽ സൗദി അറേബ്യ സന്ദർശിക്കുന്ന മുസ്ലിംകൾ, ഗവൺമെന്റ് അതിഥികളായ മുസ്ലിംകൾ, ട്രാൻസിറ്റ് യാത്രക്കാരായ മുസ്ലിംകൾ എന്നീ നാലു വിഭാഗങ്ങളെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന്, 'സൗദി അറേബ്യ-മുസ്ലിംകളുടെ ഡെസ്റ്റിനേഷൻ' എന്ന് പേരിട്ട പദ്ധതി ഉദ്യോഗസ്ഥൻ ഖാലിദ് താഹിർ പറഞ്ഞു.
വിദേശികൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിന് തീരുമാനമായിട്ടുണ്ട്. ഈ വർഷം ആദ്യ പാദത്തിൽ ടൂറിസ്റ്റ് വിസകൾ അനുവദിച്ചു തുടങ്ങുമെന്ന് ടൂറിസം, ദേശീയ പൈതൃക വകുപ്പ് പ്രസിഡന്റ് സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചിട്ടുണ്ട്. മറ്റു വിസകളെ അപേക്ഷിച്ച് ടൂറിസ്റ്റ് വിസക്ക് ഫീസ് കുറവായിരിക്കുമെന്നും അദ്ദേഹം സൂചന നൽകിയിട്ടുണ്ട്. സൗദിയിൽ എല്ലാ ഇനം വിസകളുടെയും ഫീസ് രണ്ടായിരം റിയാലായി അടുത്ത കാലത്ത് ഏകീകരിച്ചിരുന്നു.