Sorry, you need to enable JavaScript to visit this website.

സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാന്‍ കോടതി

കൊച്ചി- സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ സന്ന്യാസി സമൂഹത്തില്‍നിന്നു പുറത്താക്കിയ നടപടി ശരിവച്ച് വത്തിക്കാന്‍. വത്തിക്കാനിലെ സഭാ കോടതിയാണ് സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ തള്ളിയത്. സഭാ കാര്യങ്ങളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കുന്ന വത്തിക്കാനിലെ ഉന്നത വൈദിക കോടതിയായ അപ്പൊസ്‌തോലിക് സെന്യൂരയുടേതാണ് നടപടി.

കേരളത്തിലെ സന്ന്യാസി സമൂഹത്തിന്റെ ചുമതല വഹിക്കുന്ന ഫ്രാന്‍സിസ് ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ കേരളത്തിലെ കന്യാസ്ത്രീകള്‍ക്ക് അയച്ച കത്തിലാണ് ഹരജി വത്തിക്കാന്‍ തള്ളിയെന്ന കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സഭാ നിയമങ്ങളും സന്ന്യാസ ചട്ടങ്ങളും ലംഘിച്ചു എന്നതിന്റെ പേരിലായിരുന്നു ലൂസി കളപ്പുരയ്ക്കലിനെ പുറത്താക്കിയത്. സഭയുടെ തീരുമാനം പിന്നീട് വത്തിക്കാന്‍ ശരിവച്ചിരുന്നു. ഇതിനെതിരെയാണ് ലൂസി അപ്പീല്‍ പോയത്.

അതേസമയം, തന്റെ ഭാഗം കേള്‍ക്കാതെയാണ് സഭയില്‍ നിന്നു പുറത്താക്കിയതെന്ന് ലൂസി കളപ്പുരയ്ക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു.  രണ്ട് ദിവസം മുമ്പ് തനിക്ക് വത്തിക്കാനില്‍ നിന്നുമെന്ന പേരില്‍ ഒരു കത്ത് കിട്ടിയിരുന്നു. അപ്പീല്‍ തള്ളിയതായി തന്റെ അഭിഭാഷകന്‍ ഇതുവരെ അറിയിച്ചില്ല. സത്യത്തിനും നീതിക്കും നിരക്കാത്ത കാര്യങ്ങളാണ് ഇത്. ഇരയും പരാതിക്കാരിയുമായ തന്നെ കേള്‍ക്കാതെയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ഒരാഴ്ചക്കകം മഠത്തില്‍ നിന്നു പോകണമെന്നാണ് തന്നോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.

 

Latest News