പാലക്കാട്- ആലത്തൂർ എം.പി രമ്യ ഹരിദാസിന് വധഭീഷണി. സി.പി.എം പ്രവർത്തകരായ രണ്ടു പേർ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി രമ്യ ഹരിദാസ് പോലീസിൽ പരാതി നൽകി. ആലത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് നാസർ, നജീബ്, കണ്ടാലറിയാവുന്ന ഏഴു പേർ എന്നിവർക്കെതിരെയാണ് പരാതി.
ആലത്തൂരിൽ കാൽ കുത്തിയാൽ കാലുവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് രമ്യ ഹരിദാസ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത് രണ്ടാം തവണയാണ് ഭീഷണിയുമായി വരുന്നതെന്നും രമ്യ ഹരിദാസ് പറഞ്ഞു. തടഞ്ഞുവെച്ച് ഭീഷണിപ്പെടുതിയത്തിനാണ് കേസ് എടുത്തിരിക്കുന്നത്.
ആലത്തൂരിൽ ഹരിത കർമസേന അംഗങ്ങളെ കണ്ട് തിരിച്ച് പോകാനായി നിൽക്കുമ്പോൾ മുൻ പഞ്ചായത്ത് പ്രസിഡന്റ് നാസറിന്റെ നേതൃത്വത്തിൽ എട്ടോളം പേർ എം.പി യെ തടഞ്ഞു നിർത്തി സ്ത്രീത്വത്തെ അപമാനിക്കും വിധം സംസാരിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്നാണ് പരാതി.
രമ്യ ഹരിദാസ് എംപി യുടെ പ്രതികരണം
കാലു വെട്ടൽ ഭീഷണിയിലൊന്നും തകരുന്നവളല്ല, രാജ്യ സേവനത്തിനിടയിൽ പിടഞ്ഞു വീണു മരിച്ച ഇന്ദിരാജിയുടെ പിൻമുറക്കാരിയാണ് ഞാൻ..
ഇന്ന് ഉച്ച കഴിഞ്ഞ് ആലത്തൂരിലെ എന്റെ ഓഫീസിലേക്ക് പോകുന്ന വഴി ഹരിതകർമസേനയിലെ സ്ത്രീകളുമായി സംസാരിച്ച് വാഹനത്തിലേക്ക് തിരികെ കയറാൻ ചെന്ന എന്നോട് ഒരു ഇടത്പക്ഷ നേതാവ് പറഞ്ഞത് കേട്ടാൽ അറയ്ക്കുന്ന തെറി.സാമൂഹ്യ സന്നദ്ധ സേവനത്തിന് നൽകിയ പേരാണത്രേ പട്ടി ഷോ..സ്ത്രീകളെ ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിച്ച ഇഎംഎസിൻറെ ജന്മദിനത്തിൽ തന്നെ ആധുനിക കമ്യൂണിസ്റ്റുകാരൻ അവന്റെ തനിനിറം പുറത്തെടുത്തു.ഒരു ജനപ്രതിനിധി എന്നതിനപ്പുറം രാഷ്ട്രീയ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ആളുകളോട് എങ്ങനെ പെരുമാറണം എന്നു പോലും അറിയാത്ത രീതിയിലേക്ക് ഇടത് പക്ഷക്കാർ മാറിക്കഴിഞ്ഞോ?
ആലത്തൂര് കയറിയാൽ കാലു വെട്ടും എന്നാണ് ആലത്തൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടിന്റെ ഭീഷണി.കൊലവിളിച്ചും ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നിങ്ങൾ അതിനു മുതിരും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.ജനസേവനത്തിന്റെ പാതയിൽ മുന്നോട്ടു പോകുമ്പോൾ നിങ്ങളുടെ ഭീഷണിയെ അതിജീവിക്കാൻ തന്നെയാണ് തീരുമാനം.
വെട്ടേറ്റ കാലും മുറിഞ്ഞു വീണ കൈപ്പത്തികളുമായി സാമൂഹ്യ സേവനം നടത്താൻ ഞാൻ സന്നദ്ധയാണ്.ജനസേവനത്തിന് ഇടയിൽ വെടിയേറ്റു വീഴുന്ന ഓരോ ചോരയും ഈ രാജ്യത്തിന് കരുത്തേകും എന്നുപറഞ്ഞ ഇന്ദിരാജിയുടെ പിൻഗാമിയാണ് ഞാൻ.സഞ്ചരിക്കാനുള്ള എന്റെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയും തെറി വിളികളുമായി പൊതുസമൂഹത്തിൽ അപമാനിക്കുകയും ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും.