തിരുവനന്തപുരം- പ്രണയം നടിച്ച് സംഘടിത രൂപത്തിൽ പെൺകുട്ടികളെ മതംമാറ്റുന്ന രീതി കേരളത്തിൽ നടക്കുന്നില്ലെന്ന് ആഭ്യന്തര വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തി. വ്യക്തികളുടെ സ്വാധീനത്തിലും പ്രണയങ്ങളിലൂടെയും പെൺകുട്ടികൾ മതംമാറി ഇസ്്‌ലാം സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ ഇത് ലൗ ജിഹാദാണെന്നതിന് തെളിവില്ലെന്നും ആഭ്യന്തര വകുപ്പ് നടത്തിയ രഹസ്യ അന്വേഷണത്തിൽ കണ്ടെത്തിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ സഹായത്തോടെയാണ് ഇതു സംബന്ധിച്ച അന്വേഷണം നടത്തിയത്.
ആറു വർഷത്തിനിടെ കേരളത്തിൽ 7299 പേർ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. മതം മാറ്റം ഏറ്റവും കൂടുതൽ നടക്കുന്ന ജില്ല തൃശൂരാണ്. രണ്ടാമത് പാലക്കാടും. 1825 പ്രായഗണത്തിലുള്ളവരാണ് ഏറെയും. മതപരിവർത്തനം നടത്തിയവർ 65 ശതമാനവും അംഗങ്ങൾ കുറവായ കുടുംബങ്ങളിൽ നിന്നുള്ളവരാണ്. ഇസ്ലാം മതം സ്വീകരിച്ചവരിൽ 72 ശതമാനം പേരും പ്രത്യേക രാഷ്ട്രീയ ബന്ധമില്ലാത്തവരാണെന്നും റിപ്പോർട്ട് പറയുന്നു.