Sorry, you need to enable JavaScript to visit this website.

വിവാദ മരംമുറി: അന്വേഷണ സംഘം  നിലമ്പൂരിലും പരിശോധന തുടങ്ങി

വയനാട് വിവാദ മരംമുറി സംബന്ധിച്ചുള്ള പ്രത്യേക അന്വേഷണ സംഘം പരിശോധനയുടെ ഭാഗമായി നിലമ്പൂർ വിജിലൻസ് ഓഫീസിലെത്തിയപ്പോൾ.

നിലമ്പൂർ- വയനാട് മുട്ടിലിലെ വിവാദമായ മരംമുറി അന്വേഷണത്തിന്റെ ഭാഗമായി നിലമ്പൂർ വനം ഓഫീസുകളിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി. കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് പതിച്ചു നൽകിയ എടവണ്ണ വനം റേഞ്ച് കൊടുമ്പുഴ വനം സ്‌റ്റേഷൻ പരിധിയിൽ നിന്നു 13 കുറ്റി തേക്കു മരങ്ങൾ വെട്ടിയത് പിടിച്ചെടുത്തിരുന്നു. കർഷകർക്ക് പതിച്ചു നൽകിയതാണെങ്കിലും തന്നെ തേക്ക്, വീട്ടി, ചന്ദനം ഉൾപ്പെടെയുള്ള നാലിനം മരങ്ങൾ കർഷകർ വച്ചുപിടിപ്പിച്ചതാണെങ്കിലും മുറിക്കാൻ പാടില്ലെന്ന് വനം വകുപ്പ് ഭൂമി കൈമാറുമ്പോൾ തന്നെ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതു റവന്യൂ വകുപ്പ് റിസർവിൽ ഉൾപ്പെടുത്തി സർക്കാരിന്റേതാക്കി മാറ്റാറാണ് പതിവ്. ഇതു ലംഘിച്ചു മരം മുറിച്ചു കൊണ്ടുപോയതിനാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. നിലമ്പൂർ മേഖലയിൽ വനം വകുപ്പ് പതിച്ചു നൽകിയ ഭൂമി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നിലമ്പൂർ തഹസിൽദാരിൽ നിന്നു ശേഖരിക്കുന്നുണ്ട്. ഇതിനായി തഹസിൽദാർമാർക്കു കത്ത് നൽകിയിട്ടുണ്ട്. ഇത്തരം ഭൂമിയുണ്ടെങ്കിൽ അവയുടെ സർവേ നമ്പറുകൾ ലഭ്യമാകുന്ന മുറക്ക് കൂടുതൽ പരിശോധനകൾ നടത്തും. ഇതുമായി ബന്ധപ്പെട്ടു മലപ്പുറം ജില്ലയിൽ വിശദമായ പരിശോധനകൾക്കാണ് വനം വകുപ്പ് തയാറായിട്ടുള്ളത്. വനം ഓഫീസുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടത്തുന്നത്. മില്ലുകളോ മറ്റു കേന്ദ്രങ്ങളോ കേന്ദ്രീകരിച്ച് വിവരങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളും അന്വേഷണ സംഘം നടത്തുന്നുണ്ട്. ജില്ലയുടേതുൾപ്പെടെ അന്വേഷണ ചുമതലയുള്ള ഡിഎഫ്ഒ രാജു കെ. ഫ്രാൻസിസ്, കാസർഗോഡ് മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ വിജിലൻസ് കൺസർവേറ്ററെ സഹായിക്കുന്ന കോഴിക്കോട് വിജിലൻസ് ഡിഎഫ്ഒ ധനേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നിലമ്പൂരിൽ പരിശോധന നടക്കുന്നത്. സംസ്ഥാനം മൊത്തം അഞ്ചു ടീമുകളാക്കി തിരിച്ചാണ് അന്വേഷണം നടന്നുവരുന്നത്. 


 

Latest News