റിയാദ് - ബിനാമി ബിസിനസ് സ്ഥാപനം നടത്താൻ വിദേശിക്ക് കൂട്ടുനിന്ന് വയോധികൻ കടക്കെണിയിലായതായി വാണിജ്യ മന്ത്രാലയത്തിനു കീഴിൽ ഖുറയ്യാത്തിൽ പ്രവർത്തിക്കുന്ന ബിനാമി ബിസിനസ് വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥൻ മശൂഹ് സാലിം അൽസഹൽ വെളിപ്പെടുത്തി.
ബിനാമി ബിസിനസിന് കൂട്ടുനിൽക്കുന്നതുമൂലം ചില സൗദി പൗരന്മാർക്ക് ഭീമമായ നഷ്ടം നേരിട്ടിട്ടുണ്ട്. സ്വന്തം പേരിലുള്ള കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകൾ കൈമാറി ബിസിനസ് സ്ഥാപനങ്ങൾ നടത്താൻ വിദേശികൾക്ക് കൂട്ടുനിൽക്കുന്ന സൗദി പൗരന്മാർ വിദേശികളുടെ സ്ഥാപന നടത്തിപ്പ് ഒരുനിലക്കും നിരീക്ഷിക്കുന്നില്ല. തങ്ങൾക്ക് തോന്നിയ പോലെ ബിസിനസ് നടത്താൻ ഇവർ വിദേശികളെ അനുവദിക്കുകയാണ്.
സമീപ കാലത്ത് തങ്ങൾ കണ്ടെത്തിയ ഒരു ബിനാമി ബിസിനസ് കേസിൽ വയോധികനായിരുന്നു ഇര. സ്വന്തം പേരിലുള്ള കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ ഉപയോഗിച്ച് ബിസിനസ് മേഖലയിൽ പ്രവർത്തിക്കാൻ വയോധികൻ വിദേശിയെ അനുവദിച്ചു. ബിനാമി കേസ് കണ്ടെത്തി ഇരുവരെയും അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തിയതോടെ സ്ഥാപനത്തിന്റെ നിയമാനുസൃത ഉടമയായ വയോധികന്റെ പേരിൽ വിദേശി 20 ലക്ഷം റിയാലിന്റെ കടം വരുത്തിവെച്ചതായി വ്യക്തമായി.
തങ്ങൾ കണ്ടെത്തിയ മറ്റൊരു ബിനാമി കേസിൽ ചോദ്യം ചെയ്യാൻ സൗദി പൗരനെയും ഭാര്യയെയും വിളിപ്പിച്ചു. സ്വന്തം നിലക്ക് ബിസിനസ് നടത്താൻ വിദേശി ഉപയോഗിച്ചിരുന്ന കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ സൗദി പൗരന്റെ ഭാര്യയുടെ പേരിലായിരുന്നു. ഭാര്യയുടെ പേരിൽ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ നേടിയ സൗദി പൗരൻ സ്വന്തം നിലക്ക് സ്ഥാപനം നടത്താൻ ഇത് വിദേശിക്ക് കൈമാറുകയായിരുന്നു. ബിനാമി സ്ഥാപനത്തെക്കുറിച്ച് തനിക്ക് യാതൊന്നുമറിയില്ലെന്നും വിദേശിയിൽനിന്നോ ഭർത്താവിൽനിന്നോ ഇതിന്റെ പേരിൽ തനിക്ക് ഒരു റിയാൽപോലും ഇന്നു വരെ ലഭിച്ചിട്ടില്ലെന്നും ചോദ്യം ചെയ്യലിൽ സൗദി വനിത പറഞ്ഞു. ഇവരുടെ മൊഴി സത്യമായിരുന്നെന്ന് ബോധ്യമായി.
ഇത്തരം നിരവധി സംഭവങ്ങളുണ്ട്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ നിരപരാധികളാണെന്ന് ബോധ്യപ്പെട്ടാലും അത്തരക്കാരെ സഹായിക്കാൻ കഴിയില്ല. കാരണം നിയമാനുസൃതമായ തെളിവുകളെല്ലാം അവർക്ക് എതിരായിരിക്കുമെന്നും ബിനാമി ബിസിനസ് വിരുദ്ധ വിഭാഗം ഉദ്യോഗസ്ഥൻ മശൂഹ് സാലിം അൽസഹൽ പറഞ്ഞു.