കോട്ടയം- തലമുറ മാറ്റത്തിന്റെ പുതിയ രാഷ്ട്രീയ കാലാവസ്ഥയിൽ ഉമ്മൻ ചാണ്ടിയും ജന്മനാട്ടിലേക്ക്. അനന്തപുരിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും പുതുപ്പള്ളിയിലെ കരോട്ട് വള്ളക്കാലിൽ വീടിന്റെ കാരണവരായി കുഞ്ഞൂഞ്ഞ് എത്തുന്നു. ഇനിയുളള കാലം പുതുപ്പള്ളിയിൽ കുടുംബത്തിനു സമീപം വീടു പണിയാനുള്ള നീക്കം ഭാവി രാഷ്ട്രീയത്തിലേക്കുള്ള അടിസ്ഥാന ശിലയിടൽ കൂടിയാണ്. പുതുപ്പള്ളിയിൽ തന്റെ പിൻഗാമിയായി ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാനുള്ള കളം ഒരുക്കൽ. യു.ഡി.എഫിന് ജില്ലയിലേറ്റ കനത്ത തിരിച്ചടിയും കോൺഗ്രസിലെ തലമുറ മാറ്റവും നാട്ടിലേക്ക് പറിച്ചുനടാൻ ഉമ്മൻ ചാണ്ടിയെ പ്രേരിപ്പിച്ച ഘടകമാണ്്. 2020 ലെ ലോക്ഡൗൺ മുഴുവൻ തിരുവനന്തപുരത്തെ പുതുപ്പളളി ഹൗസിലായിരുന്നു ഉമ്മൻ ചാണ്ടി. എല്ലാ ശനിയാഴ്ചകളിലുമുളള മണ്ഡല സന്ദർശനവും അന്നു മുടങ്ങി. പുതുപ്പള്ളിയിലെത്തിയാൽ സഹോദരന്റെ വസതിയിലായിരുന്നു ഇതുവരെ. ഇനി അതു പോരാ. പുതുപ്പള്ളിയിൽ സ്ഥിരമായ വിലാസം വേണമെന്നു തീരുമാനിച്ചു. പൂർണമായി സ്വന്തം നാട്ടിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യാം.
പുതുപ്പള്ളിക്കാരോടുള്ള ആത്മബന്ധമാണ് ഉമ്മൻ ചാണ്ടിയുടെ പുതിയ തീരുമാനത്തിനു പിന്നിലുളള ഒരു ഘടകം. 50 വർഷത്തിലധികമായി പുതുപ്പള്ളിയുടെ എം.എൽ.എയായ മുൻ മുഖ്യമന്ത്രി തിരുവനന്തപുരത്താണ് സൗകര്യത്തിനായി ആദ്യം താമസം ക്രമീകരിച്ചത്്. പ്രതിപക്ഷ നേതാവും പിന്നെ മുഖ്യമന്ത്രിയുമായുളള വർഷങ്ങളിൽ ഔദ്യോഗിക വസതിയിലായിരുന്നു താമസം. ഭാര്യ മറിയാമ്മ ഉമ്മൻ തിരുവനന്തപുരത്ത് ബാങ്കിലായിരുന്നു ജോലി ചെയ്തിരുന്നത്്. പുതുപ്പള്ളിയിൽ വാരാന്ത്യത്തിൽ എത്തുമ്പോൾ താമസിക്കുന്നത് അനുജൻ അലക്സ് ചാണ്ടിയുടെ വസതിയിലായിരുന്നു. സഹോദരി വത്സ സമീപത്തു തന്നെയാണു താമസം. സഹോരങ്ങൾക്കൊപ്പമായിരിക്കും ഇനി ഉമ്മൻ ചാണ്ടിയും.
കുടുംബ ഓഹരിയായി കിട്ടിയ ഒരേക്കറിൽ വീടു പണിതു തിരുവനന്തപുരത്ത് നിന്നും താമസം മാറ്റാനാണ് ഉമ്മൻ ചാണ്ടിയുടെ ഇപ്പോഴത്തെ തീരുമാനം. തറവാടായ കരോട്ടു വള്ളക്കാലിൽ വീടിന് അൽപം അകലെ പുതുപ്പള്ളി ജംഗ്ഷനിലാണ് ഉമ്മൻ ചാണ്ടിയുടെ കുടുംബ വിഹിതമായ ഒരേക്കർ ഭൂമി. ആരോഗ്യ പ്രശ്‌നങ്ങളുളളതിനാൽ യാത്രകളൊഴിവാക്കി തലസ്ഥാനത്തെ സജീവ രാഷ്ട്രീയം വിട്ടു സ്വന്തം നാടായ പുതുപ്പള്ളിയിലും കോട്ടയത്തും ഒതുങ്ങുകയാണ് ഉദ്ദേശ്യം. മകൻ ചാണ്ടി ഉമ്മനെ സജീവ രാഷ്ട്രീയത്തിലേക്ക് ഇറക്കാനും ആലോചനയുണ്ടെന്നാണ് സൂചന. അടുത്ത തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ മത്സരിക്കുക ചാണ്ടി ഉമ്മനാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറഞ്ഞു. ഇടതു തരംഗം കാരണമാണെങ്കിലും മണ്ഡലത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്നുളള സന്ദേശമായി ഇതിനെ കോൺഗ്രസ് വായിച്ചെടുത്തു. ഇതോടെ ഉമ്മൻ ചാണ്ടിയും ചാണ്ടി ഉമ്മനും പുതുപ്പള്ളിയിൽ സജീവമായി. കിറ്റ് വിതരണത്തിന് ഉമ്മൻ ചാണ്ടി തന്നെ നേതൃത്വം നൽകി.
എം.എൽ.എമാർക്കുള്ള ഭവന വായ്പ ഉപയോഗിച്ച് ഇവിടെ വീടു നിർമിക്കാനാണ് ആലോചന. വീടിനോടു ചേർന്നു തന്നെ എം.എൽ.എ ഓഫീസും നിർമിക്കുന്നുണ്ട്. നിലവിൽ ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളി മണ്ഡലത്തിൽ എം.എൽ.എ ഓഫീസ് ഇല്ല. പുതുപ്പള്ളിയിൽ വീടു വയ്ക്കാൻ ആലോചനയുണ്ട്. എം.എൽ.എ ആയപ്പോഴാണ് ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തേക്കു താമസം മാറ്റിയത്.