വാക്‌സിന്‍ എടുത്തവര്‍ക്കെങ്കിലും വിമാനം കയറാനാവുമോ? എംബസികളിലേക്കുറ്റുനോക്കി പ്രവാസികള്‍

കുവൈത്ത് സിറ്റി-ഗള്‍ഫ് രാജ്യങ്ങളിലെ തൊഴിലിടങ്ങളിലേക്ക് മടങ്ങാനാവാതെ തൊഴില്‍നഷ്ട ഭീതിയില്‍ കഴിയുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് താങ്ങാവാന്‍ കുവൈത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ അംബാസഡര്‍മാരുടെ യോഗത്തിന് കഴിയുമോ?
ഇന്ത്യയില്‍നിന്നുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള ശ്രമം സജീവമാക്കാന്‍ ഗള്‍ഫ് രാജ്യങ്ങളിലെയും ഇറാനിലെയും ഇന്ത്യന്‍ സ്ഥാനപതിമാര്‍ക്ക് വിദേശമന്ത്രി എസ്. ജയ്ശങ്കര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. എസ്. ജയ്ശങ്കറിന്റെ സാന്നിധ്യത്തില്‍ കുവൈത്ത്, സൗദി അറേബ്യ, ഖത്തര്‍, യുഎഇ, ബഹ്റൈന്‍,ഒമാന്‍, ഇറാന്‍ എന്നിവിടങ്ങളിലെ സ്ഥാനപതിമാര്‍ ഉള്‍പ്പെട്ട റീജനല്‍ കോണ്‍ഫറന്‍സിലാണ് യാത്രാപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തത്.

സ്വദേശത്ത് കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ അവരുടെ തൊഴിലിടങ്ങളില്‍ തിരിച്ചെത്താന്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ യോഗം വിലയിരുത്തി. സ്ഥാനപതിമാര്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമകാര്യങ്ങള്‍ ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സമൂഹത്തില്‍പ്പെട്ട പലരും കുടുംബത്തില്‍ എത്തിച്ചേരാന്‍  പ്രയാസപ്പെടുന്ന അവസ്ഥയിലാണ്.

ഗള്‍ഫ് വിടേണ്ടിവന്നവരില്‍  പല തലങ്ങളിലും വൈദഗ്ധ്യമുള്ളവരുടെ തിരിച്ചുവരവ് എളുപ്പമാക്കുന്നതിനുള്ള ഇടപെടല്‍ നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ഇന്ത്യയില്‍ വാക്‌സിന്‍ പൂര്‍ത്തിയാക്കിയവരുടെ തിരിച്ചുവരവെങ്കിലും ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്. വിമാന സര്‍വീസ് ഇന്നു തുടങ്ങും, നാളെ തുടങ്ങുമെന്ന പ്രതീക്ഷയില്‍ ആയിരങ്ങളാണ് കഴിയുന്നത്.

 

 

Latest News