കൊച്ചി- കര്‍ഷകരെ മറയാക്കി ഈട്ടിമരങ്ങള്‍ വെട്ടിക്കൊണ്ടുപോവുകയെന്നുളളതായിരുന്നു മരംമുറി ഉത്തരവിലൂടെ ലക്ഷ്യമിട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ്. മുഖ്യമന്ത്രി പിണറായി വിജയനും ഇതില്‍ കൂട്ടുത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ജനങ്ങളോട് മറുപടി പറയാന്‍ ബാധ്യസ്ഥനാണെന്നും പി.ടി തോമസ് ആരോപിച്ചു.
ചെളിക്കുണ്ടില്‍ വീണുകിടക്കുന്ന മുഖ്യമന്ത്രി അവിടെ കിടന്ന് ചെളിവാരിയെറിയരുതെന്നും അദ്ദേഹം പറഞ്ഞു.
വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ സംയുക്ത പരിശോധനക്ക് ശേഷമാണ് മരം മുറിക്കുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ അതില്‍ വീഴ്ചവരുത്തിയാല്‍, തടസ്സം നിന്നാല്‍ അവര്‍ക്ക് കനത്ത ശിക്ഷയുണ്ടെന്ന ഭീഷണികൂടി ഉത്തരവില്‍ ഉണ്ടായിരുന്നത് കൊണ്ട് ഇതാരും തന്നെ നോക്കിയില്ല. ഉത്തരവ് കര്‍ഷകരെ സഹായിക്കാനല്ലെന്ന് വ്യക്തമാണ്.
കര്‍ഷകരെ മറയാക്കിയ ഉത്തരവിന്റെ അവതാരലക്ഷ്യം വ്യക്തമാണ്. ആദിവാസികളുടെ 150-200 വര്‍ഷങ്ങള്‍ പഴക്കമുളള ഈട്ടിമരങ്ങള്‍ വെട്ടിക്കൊണ്ടുപോകാനുളള അവതാരമാണ് ഈ ഉത്തരവ്. അവതാര ലക്ഷ്യം പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ ഉത്തരവ് പിന്‍വലിച്ചു. നിയമപരമായി നിലനില്‍ക്കില്ലെന്ന് കണ്ട് പിന്‍വലിക്കുന്നുവെന്നാണ് പറഞ്ഞത്. ഈ കൂട്ടുത്തരവാദിത്തത്തില്‍ മുഖ്യമന്ത്രി അടക്കം ജനങ്ങളോട് സമാധാനം പറയണം. മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് പി.ടി. തോമസ് വീണിടത്ത് കിടന്ന് ഉരുളുകയാണെന്നാണ്. എന്നാല്‍ എനിക്ക് മുഖ്യമന്ത്രിയോട് പറയാനുളളത് അങ്ങ് വീണത് ചെളിക്കുണ്ടിലാണ് അവിടെ കിടന്ന് ചെളി വാരിയെറിയരുത് എന്നാണ്- പി.ടി.തോമസ് പറഞ്ഞു.