15000ന്റെ സ്മാര്‍ട്ട് ഫോണ്‍ തരാമെന്ന് പറഞ്ഞ് 8000ന്റേത്  നല്‍കി  സുന്ദരയെ ബി.ജെ.പി പറ്റിച്ചു 

കാസര്‍കോട്- തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറാന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയ്ക്ക് ബിജെപി കോഴ കൊടുത്ത സംഭവത്തില്‍ നിര്‍ണായക വഴിത്തിരുവുകള്‍. കെ സുന്ദരയ്ക്ക് നല്‍കാന്‍ ബിജെപി നേതാക്കള്‍ വാങ്ങിയ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഈ ഫോണ്‍ നേരത്തേ തന്നെ പോലീസ് സുന്ദരയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. സുന്ദരയ്ക്ക് നല്‍കിയ പണം സംബന്ധിച്ച വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചുകഴിഞ്ഞു. ഫോണിന്റെ കാര്യത്തില്‍ ബിജെപി നേതാക്കള്‍ സുന്ദരയെ പറ്റിച്ചു. രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും ആണ് പത്രിക പിന്‍വലിക്കാന്‍ തനിക്ക് ബിജെപി നേതാക്കള്‍ നല്‍കിയത് എന്ന് സുന്ദര വെളിപ്പെടുത്തിയിരുന്നു. പതിനയ്യായിരം രൂപയുടേത് എന്ന് പറഞ്ഞാണ് സുന്ദരയ്ക്ക് ഫോണ്‍ നല്‍കിയത്. എന്നാല്‍ സത്യം അതല്ലെന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്.  സുന്ദരയ്ക്ക് കൊടുത്ത ഫോണ്‍ ആരാണ് വാങ്ങിയത് എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഏത് കടയില്‍ നിന്നാണ് വാങ്ങിയത് എന്നും കണ്ടെത്തി. ഇവിടത്തെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കും പോലീസ് പിടിച്ചെടുത്തു. 
 

Latest News