റിയാദ്- ഇന്ത്യയടക്കം സൗദിയിലേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തപ്പെട്ട 20 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസ കാലാവധി സൗജന്യമായി ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് സൗദി വിദേശകാര്യമന്ത്രാലയം അറിയിച്ചു. സന്ദര്‍ശക വിസ ലഭിക്കുകയും പ്രവേശന വിലക്ക് കാരണം സൗദിയിലേക്ക് വരാന്‍ സാധിക്കാതെ വിസയുടെ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ക്കാണ് ഈ ആനുകൂല്യം.
സൗദി ആഭ്യന്തരമന്ത്രാലയവുമായി സഹകരിച്ചാണ് സന്ദര്‍ശ വിസകളുടെ കാലാവധി സൗജന്യമായി ദീര്‍ഘിപ്പിക്കാന്‍ അവസരമൊരുക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. ഇത്തരം വിസകള്‍ ജൂലൈ 31 വരെയാണ് കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുക. വിദേശകാര്യമന്ത്രാലയത്തിന്റെ ഇന്‍ജാസിറ്റ് വെബ്‌സൈറ്റിലാണ് ഇതിന് സൗകര്യമൊരുക്കിയിരിക്കുന്നത്. https://enjazit.com.sa/enjaz/extendexpiredvi-sa എന്ന ലിങ്കുപയോഗിച്ചാണ് പുതുക്കേണ്ടത്. വിസ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, നാഷണാലിറ്റി, ഇമെയില്‍ ഐഡി എന്നിവ നിശ്ചിത ഫോമില്‍ പൂരിപ്പിച്ച് ആര്‍ക്കും വിസാ കാലാവധി നീട്ടാവുന്നതാണ്.