Sorry, you need to enable JavaScript to visit this website.

സമസ്തയുടെ വികാരം ഉൾക്കൊള്ളുന്നുവെന്ന്  മുനവറലി തങ്ങളും റഷീദലി തങ്ങളും

ചേളാരി- മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് സമസ്ത നേതാക്കൾ ഉന്നയിച്ച വികാരം ഉൾക്കൊള്ളുന്നുവെന്നും ഇത്തരം വിഷയങ്ങളിൽ ഭാവിയിൽ സമസ്തയുമായി കൂടിയാലോചിച്ച് മാത്രം തീരുമാനമെടുക്കുമെന്നും ഇരുവരും വ്യക്തമാക്കി. സമസ്ത പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. 

പത്രക്കുറിപ്പിന്റെ പൂർണരൂപം:

സമസ്ത ഉന്നതാധികാര സമിതിയും, കോഓർഡിനേഷൻ ഭാരവാഹികളും ഇന്നലെ 1.1.18ന് ചേർന്ന സംയുക്ത യോഗ തീരുമാന പ്രകാരം ചുമതലപ്പെടുത്തിയ അഞ്ചംഗ സമിതി എടുത്ത തീരുമാനം സംബന്ധിച്ച പത്രക്കുറിപ്പ്

മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തത് സംബന്ധിച്ച് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുമായി ചർച്ച ചെയ്തു. പ്രസ്തുത ചർച്ചയിൽ അവർ ബഹു. സമസ്തയുടെ ആശയാദർശങ്ങളിൽ ഉറച്ചു വിശ്വസിക്കുന്നവരും അതിന്‌വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരുമാണ് തങ്ങളുടെ പിതാക്കളും, പിതാമഹന്മാരും. നടന്ന് വന്ന വഴിയിൽ നിന്ന് ഞങ്ങൾക്ക് യാതൊരു വ്യതിയാനവും ഉണ്ടാവുകയില്ലെന്നും അവർ വ്യക്തമാക്കി.
പാണക്കാട് സയ്യിദ് കുടുംബത്തോട് സമസ്തയും അതിന്റെ നേതാക്കളും പ്രവർത്തകരും കാണിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹാദരവുകൾ ഉൾക്കൊള്ളുന്നവരും അക്കാര്യത്തിൽ കൃതജ്ഞത ഉള്ളവരുമാണ് എന്നവർ വ്യക്തമാക്കി.
എന്നാൽ കൂരിയാട് നടന്ന മുജാഹിദ് സമ്മേളനത്തിൽ അവരിരുവരും പങ്കെടുത്തത് സമസ്ത നേതാക്കൾക്കും പ്രവർത്തകർക്കും വളരെ വേദന ഉണ്ടാക്കിയെന്ന് ഉൾക്കൊള്ളുന്നതായും അവർ അറിയിച്ചു. ഭാവിയിൽ സമസ്ത നേതൃത്വവുമായി കൂടിയാലോചിച്ചു മാത്രം ഇത്തരം കാര്യങ്ങളിൽ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും അവർ അറിയിച്ചു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാർ, എം.ടി അബ്ദുല്ല മുസ്‌ലിയാർ, ബഹാഉദ്ദീൻ നദ്‌വി കൂരിയാട്, പി.കെ കുഞ്ഞാലിക്കുട്ടി, ജബ്ബാർഹാജി പങ്കെടുത്തു.
ഇത് സംബന്ധമായ സോഷ്യൽ മീഡിയയിലും മറ്റും വരുന്ന വിവാദ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് നേതാക്കൾ നിർദേശിച്ചു.
 

Latest News