റിയാദ് - അക്കൗണ്ടിംഗ് മേഖലയില്‍ 30 ശതമാനം സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കാനുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനം പ്രാബല്യത്തില്‍വന്നു. അക്കൗണ്ടിംഗ് മേഖലയില്‍ സൗദിവല്‍ക്കരണം ആറു മാസം മുമ്പ് മാനവശേഷി, സാമൂഹിക വികസന മന്ത്രി മന്ത്രി എന്‍ജിനീയര്‍ അഹ്‌മദ് അല്‍റാജ്ഹിയാണ് പ്രഖ്യാപിച്ചത്. അഞ്ചും അതില്‍ കൂടുതലും അക്കൗണ്ടന്റുമാര്‍ ജോലി ചെയ്യുന്ന മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങളും അക്കൗണ്ടിംഗ് മേഖലയില്‍ മിനിമം 30 ശതമാനം സൗദിവല്‍ക്കരണം പാലിക്കല്‍ നിര്‍ബന്ധമാണ്. അക്കൗണ്ടിംഗ് മേഖലയില്‍ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കുന്നതിലൂടെ 9,800 ലേറെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ഉന്നമിടുന്നു.
അക്കൗണ്ട്‌സ് മാനേജര്‍, സകാത്ത്, നികുതി ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍, ഓഡിറ്റിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍, ഇന്റേണല്‍ ഓഡിറ്റര്‍, കോസ്റ്റ് അക്കൗണ്ടന്റ്, ജനറല്‍ അക്കൗണ്ടന്റ് എന്നിവ അടക്കം 20 തസ്തികകള്‍ സൗദിവല്‍ക്കരണത്തിന്റെ പരിധിയില്‍വരും.
സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ സെര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സില്‍ നിന്ന് സൗദി അക്കൗണ്ടന്റുമാര്‍ പ്രൊഫഷനല്‍ അക്രെഡിറ്റേഷന്‍ നേടിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. സൗദി അക്കൗണ്ടന്റുമാരെ സൗദിവല്‍ക്കരണ അനുപാതത്തില്‍ ഉള്‍പ്പെടുത്തി കണക്കാക്കുന്നതിന് ബാച്ചിലര്‍ ബിരുദധാരികളായ അക്കൗണ്ടന്റുമാരുടെ വേതനം 6,000 റിയാലിലും ഡിപ്ലോമ ബിരുദധാരികളായ അക്കൗണ്ടന്റുമാരുടെ വേതനം 4,500 റിയാലിലും കുറവാകാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്.