Sorry, you need to enable JavaScript to visit this website.

നൂറു ദിന കർമ്മ പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി, റോഡ് വികസനത്തിന് ഊന്നൽ

തിരുവനന്തപുരം- നൂറു ദിന കർമ്മ ദിന പരിപാടികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ 11 മുതൽ സെപ്തംബർ 19 വരെയുള്ള കാലത്തേക്ക് നടപ്പാക്കാനുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചത്.  തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ സമയബന്ധിതമായി പാലിക്കുകയും  അതിന്റെ  വിശദാംശങ്ങൾ ജനസമക്ഷം അവതരിപ്പിക്കുകയുമെന്ന  കീഴ് വഴക്കമാണ് കഴിഞ്ഞ അഞ്ചുവർഷത്തിൽ  ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ സൃഷ്ടിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണകൂടവും ജനങ്ങളും തമ്മിലുള്ള നിരന്തര ബന്ധത്തിലൂടെ ജനാധിപത്യത്തിൻറെ അന്തഃസത്ത ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്. വികേന്ദ്രീകൃത ജനാധിപത്യ ഭരണക്രമത്തിലൂടെ നമ്മുടെ സംസ്ഥാനം  ലോകശ്രദ്ധയിലേക്കാണുയർന്നത്. സർക്കാരിന് ജനങ്ങളോടുള്ള ഉത്തരവാദിത്തം അനിവാര്യമായ തുടർപ്രക്രിയയാണെന്ന് അനുഭവങ്ങളിലൂടെ തെളിയിക്കുന്നതിലും കേരളം മുന്നിൽതന്നെ നിൽക്കുകയാണ്.

കോവിഡ്  19 മഹാമാരിയുടെ ആരംഭഘട്ടത്തിൽ രോഗവ്യാപനം തടയാനായി ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കേണ്ടിവന്നു.  അതിന്റെ ഫലമായി  സമ്പദ്ഘടന തളർന്നു.  തൊഴിലവസരങ്ങളുടെ നഷ്ടമുണ്ടായി.   അതിന്റെ ആഘാതം നേരിടാൻ സാമ്പത്തിക ഉത്തേജനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള പരിപാടികൾ കഴിഞ്ഞവർഷം രണ്ടുഘട്ടമായി നടപ്പിലാക്കിയ 100 ദിനപരിപാടികളിൽ ഉൾപ്പെടുത്തിയിരുന്നു.  
കോവിഡ് 19 ൻറെ രണ്ടാം തരംഗത്തിൻറെ തീവ്രത അനുഭവപ്പെടുന്ന ഈ ഘട്ടത്തിലും സാമ്പത്തിക വളർച്ചക്ക് ആക്കം കൂട്ടുവാനുള്ള നിർമ്മാണ പ്രവർത്തനങ്ങളും തൊഴിലവസരങ്ങൾ സൃഷ്ടിക്കലും അടിയന്തര കടമയായി വന്നിരിക്കുന്നു.
ആരോഗ്യം വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളിൽ  കൈവരിച്ച നേട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും സാമ്പത്തിക വളർച്ച കൂടുതൽ വേഗത്തിലാക്കാനും ഗുണമേൻമയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള നയങ്ങൾക്കും പരിപാടികൾക്കുമാണ്  പ്രാധാന്യം നൽകുന്നത്.  ശാസ്ത്ര സാങ്കേതിക മേഖലയിലും നൈപുണ്യ വികസന രംഗത്തും ശ്രദ്ധകേന്ദ്രീകരിച്ച് വിജ്ഞാനത്തിലധിഷ്ഠിതമായ സമ്പദ്ഘടനയുടെ നിർമ്മിതി സാധ്യമാക്കുകയാണ് ലക്ഷ്യം. അതീവ ദാരിദ്ര്യ നിർമ്മാർജ്ജനം, സാമ്പത്തിക, സാമൂഹിക അസമത്വങ്ങൾ ഇല്ലായ്മ ചെയ്യൽ, പ്രകൃതി സൗഹൃദ വികസന പരിപ്രേക്ഷ്യം നടപ്പിൽ വരുത്തൽ, ആരോഗ്യകരമായ നാഗരിക ജീവിതത്തിന് അനുയോജ്യമാംവിധം ആധുനിക ഖരമാലിന്യസംസ്‌കരണ രീതി അവലംബിക്കൽ എന്നിവയ്ക്ക് അതീവ ശ്രദ്ധ നൽകും.  കാർഷികമേഖലയിൽ ഉൽപാദന വർദ്ധനവിനൊപ്പം വിഷരഹിതമായ ആഹാര പദാർത്ഥങ്ങളുടെ നിർമ്മാണവും പ്രധാന ലക്ഷ്യമാണ്. ഈ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള സമയബന്ധിത ആസൂത്രണത്തിൻറെ ഭാഗമായാണ് 100 ദിനപരിപാടി നടപ്പാക്കുന്നത്.

പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള മാർഗ്ഗരേഖ മെയ് 20ന് സത്യപ്രതിജ്ഞക്കുശേഷം ആദ്യ മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്ത് പ്രഖ്യാപിച്ചിട്ടുണ്ട്.  ഈ നൂറു ദിന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ്, റീബിൽഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പരിപാടികളാണ് ഉൾപ്പെട്ടിട്ടുള്ളത്.  

20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന സുപ്രധാന പദ്ധതിയുടെ രൂപരേഖ കെ.ഡിസ്‌കിന്റെ  ആഭിമുഖ്യത്തിൽ പൂർത്തിയാക്കും.  

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തിൽ 1000 ൽ 5 പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ കരട്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കും. 

വിവിധ വകുപ്പുകളുടെ കീഴിൽ പ്രത്യക്ഷമായും പരോക്ഷമായും ഉദ്ദേശം 77,350 തൊഴിലവസരങ്ങളാണ് നൂറുദിവസത്തിനുള്ളിൽ സൃഷ്ടിക്കുന്നത്.    

വ്യവസായ വകുപ്പ് 10,000, സഹകരണം 10,000, കുടുംബശ്രീ 2,000, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ 2,000, വനിതാവികസന കോർപ്പറേഷൻ 2,500, പിന്നോക്കവികസന കോർപ്പറേഷൻ 2,500,  പട്ടികജാതി, പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ  2,500, ഐ.ടി. മേഖല 1000, തദ്ദേശ സ്വയംഭരണ വകുപ്പ്  7,000 (യുവ വനിതാ സംരംഭകത്വ പരിപാടി  5000, സൂക്ഷ്മ സംരംഭങ്ങൾ  2000),  ആരോഗ്യവകുപ്പ്  4142 (പരോക്ഷമായി), മൃഗസംരക്ഷണ വകുപ്പ്  350 (പരോക്ഷമായി), ഗതാഗത വകുപ്പ്  7500,  റവന്യൂ വകുപ്പിൽ വില്ലേജുകളുടെ റീസർവ്വേയുടെ ഭാഗമായി 26,000 സർവ്വേയർ, ചെയിൻമാൻ എന്നിവരുടെ തൊഴിലവസരങ്ങൾ  അടങ്ങിയിട്ടുണ്ട്. 

നൂറുദിനപരിപാടിയുടെ  നടപ്പാക്കൽപുരോഗതി നൂറു ദിവസങ്ങൾ പൂർത്തിയാകുമ്പോൾ പ്രത്യേകം അറിയിക്കും.   
വൻ പ്രകൃതി ദുരന്തങ്ങളെ നേരിട്ട നമ്മുടെ സംസ്ഥാനത്ത് ദുരന്താഘാത ശേഷിയുള്ള പശ്ചാത്തല സൗകര്യങ്ങൾ സമയബന്ധിതമായി സൃഷ്ടിക്കാനായി രൂപപ്പെടുത്തിയ പദ്ധതിയാണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ്  (ആർ കെ ഐ).  ഇതിനായി  അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളായ ലോകബാങ്ക്, ജർമ്മൻ ബാങ്കായ കെ എഫ് ഡബ്ല്യൂ, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻറ് ബാങ്ക് (എ ഐ ഐ ബി) എന്നിവയിൽ നിന്നും 5,898 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്.  സംസ്ഥാന വിഹിതം കൂടി ചേരുമ്പോൾ  ആർ കെ ഐ പദ്ധതികൾക്കായി 8,425 കോടി രൂപ ലഭ്യമാകും. അതിൽ വരുന്ന നൂറു ദിനങ്ങളിൽ 945.35 കോടി രൂപയുടെ 9 റോഡ് പ്രവർത്തികൾ ആരംഭിക്കും.

പത്തനംതിട്ട-അയിരൂർ റോഡ്  (107.53 കോടി)
ഗാന്ധിനഗർ-മെഡിക്കൽ കോളേജ് റോഡ് (121.11 കോടി)
കുമരകം-നെടുമ്പാശ്ശേരി റോഡ്  (97.88 കോടി)
മൂവാറ്റുപുഴ-തേനി സ്‌റ്റേറ്റ് ഹൈവേ  (87.74 കോടി)
തൃശൂർ-കുറ്റിപ്പുറം റോഡ് (218.45 കോടി)
ആരക്കുന്നം-ആമ്പല്ലൂർപൂത്തോട്ടപിറവം റോഡ് (31.40 കോടി)
കാക്കടശ്ശേരി-കാളിയാർ റോഡ്  (67.91 കോടി)
വാഴക്കോട്-പ്ലാഴി റോഡ്   (102.33 കോടി)
വടയാർമുട്ടുചിറ റോഡ്  (111.00 കോടി)

പൊതുമരാമത്ത് വകുപ്പ് ഈ നൂറുദിനങ്ങളിൽ 1519.57 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിക്കും.

തലശ്ശേരികളറോഡ്  (156.33 കോടി)
കളറോഡ്  വളവുപാറ റോഡ് (209.68 കോടി)
പ്ലാച്ചേരിപൊൻകുന്നം റോഡ് (248.63 കോടി) കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയ അഴീക്കൽ പാലം  (146 കോടി രൂപ).

ആലപ്പുഴ, തുരുത്തിപുരം, അഴിക്കോട്, പറവണ്ണ, പാൽപ്പെട്ടി, പുല്ലൂർ എന്നിവിടങ്ങളിൽ ആറ് മൾട്ടി പർപ്പസ് സൈക്ലോൺ ഷെൽട്ടറുകൾ ( 26.51 കോടി)

200.10 കോടിയുടെ കിഫ്ബി റോഡ് പാലം പദ്ധതികൾ നൂറ് ദിവസത്തിനകം ഉദ്ഘാനം ചെയ്യും.

കണിയാമ്പറ്റമീനങ്ങാടി റോഡ്, (44 കോടി)
കയ്യൂർചെമ്പ്രക്കാനംപാലക്കുന്ന് റോഡ്, (36.64 കോടി)
കല്ലട്ക്കപെർളഉക്കിനട റോഡ്, (27.39 കോടി)
ഈസ്റ്റ് ഹിൽ ഗണപതിക്കാവ്  കാരപ്പറമ്പ റോഡ്, (21 കോടി)
മാവേലിക്കര പുതിയകാവ്പള്ളിക്കൽ റോഡ്, (18.25 കോടി)
കാവുംഭാഗംഇടിഞ്ഞില്ലം റോഡ് (16.83 കോടി)
ശിവഗിരി റിംഗ് റോഡ് (13 കോടി)
അക്കിക്കാവ്-കടങ്ങോട്എരുമപ്പെട്ടി റോഡ് (11.99 കോടി) അടൂർ ടൗൺ ബ്രിഡ്ജ് (11 കോടി) എന്നിവയാണിത്.

കൃഷിവകുപ്പിന്റെ  നേതൃത്വത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന ലക്ഷ്യത്തിനായി വിത്തുകൾ വിതരണത്തിൻറെ ഉദ്ഘാടനം ഇന്ന് നിർവഹിച്ചിട്ടുണ്ട്.
സുഭിക്ഷം, സുരക്ഷിതം കേരളം എന്ന ലക്ഷ്യത്തോടെ 25,000 ഹെക്ടറിൽ ജൈവകൃഷി ആരംഭിക്കും. 100 അർബൻ സ്ട്രീറ്റ് മാക്കറ്റ് ആരംഭിക്കും. 25 ലക്ഷം പഴവർഗ വിത്തുകൾ വിതരണം ചെയ്യും
150 ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് സംഘങ്ങളുടെ പ്രവർത്തനം ആരംഭിക്കും
വ്യവസായ സംരംഭകർക്ക് ഭൂമി ലീസിൽ അനുവദിക്കാൻ സംസ്ഥാന തലത്തിൽ ഏകീകൃത നയം പ്രഖ്യാപിക്കും.

കുട്ടനാട് ബ്രാൻഡ് അരി  മില്ലിൻറെ പ്രവർത്തനം തുടങ്ങും. കാസർകോട്  ഇ എം എൽ ഏറ്റെടുക്കും

ഉയർന്ന ഉൽപാദന ശേഷിയുള്ള 10 ലക്ഷം കശുമാവിൻ തൈകൾ കർഷകർക്ക് വിതരണം ചെയ്യുന്നതിന് തുടക്കം കുറിക്കും.

കാഷ്യൂ ബോർഡ്  8000 മെട്രിക് ടൺ കശുവണ്ടി ലഭ്യമാക്കി 100 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ നടപടി സ്വീകരിക്കും

12000 പട്ടയങ്ങൾ വിതരണം ചെയ്യും.
ഭൂനികുതി ഒടുക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങും. തണ്ടപ്പേർ, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ എന്നിവയുടെ ഡിജിറ്റലൈസേഷൻ പൂർത്തീകരിക്കും.
ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ അയക്കാൻ ഓൺലൈൻ മോഡ്യൂൾ പ്രാവർത്തികമാക്കും
ലൈഫ് മിഷൻ 10,000 വീടുകൾ കൂടി പൂർത്തീകരിക്കും
വിദ്യാശ്രീ പദ്ധതിയിൽ  50,000 ലാപ്‌ടോപ്പുകളുടെ വിതരണം ആരംഭിക്കും. 
നിലാവ് പദ്ധതി  200 ഗ്രാമപഞ്ചായത്തുകളിൽ ആരംഭിക്കും.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സീവേജ് ട്രീറ്റ്‌മെൻറ് പ്ലാൻറ് (അമൃത് പദ്ധതിപ്രകാരം) തുടങ്ങും.

കോവിഡ് നിയന്ത്രണങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന ദുർബല വിഭാഗങ്ങൾക്ക്  20,000 ഏരിയ ഡവലപ്‌മെൻറ് സൊസൈറ്റികൾ (എഡിഎസ്) വഴി  200 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യും.
യാത്രികർക്കായി 100  ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് കോംപ്ലക്‌സുകൾ തുറക്കും.
ബി.പി.എൽ വിദ്യാർത്ഥികൾക്കുള്ള ഹയർ എഡ്യൂക്കേഷൻ സ്‌കോളർഷിപ്പ് വിതരണം തുടങ്ങും.

കണ്ണൂർ കെ.എം.എം. ഗവൺമെൻറ് വിമൻസ് കോളേജ് ഇൻഡോർ സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്യും.

ആറ്റിങ്ങൽ ഗവൺമെൻറ് കോളേജ്, പാലക്കാട്, മട്ടന്നൂർ, ഗവൺമെൻറ് പോളിടെക്‌നിക്കുകൾ, പയ്യന്നൂർ വനിത പോളിടെക്‌നിക്, എറണാകുളം മോഡൽ എഞ്ചിനീയറിംഗ് കോളേജ്, പൂഞ്ഞാർ മോഡൽ പോളി ടെക്‌നിക്, പയ്യപ്പാടി കോളേജ്, കൂത്തുപറമ്പ് അപ്ലൈഡ് സയൻസ് കോളേജ് എന്നിവിടങ്ങളിലെ വിവിധ ബ്ലോക്കുകൾ പൂർത്തീകരിച്ച് തുറക്കും.

പൊതുവിദ്യാഭ്യാസ വകുപ്പിൽ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ 5 കോടി രൂപയുടെ 20 സ്‌കൂളുകളും 3 കോടി രൂപയുടെ 30 സ്‌കൂളുകളും പ്ലാൻ ഫണ്ട് മുഖേന നിർമ്മാണം പൂർത്തിയായ 40 സ്‌കൂളുകളുമടക്കം  90 സ്‌കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും.
43 ഹയർ സെക്കൻഡറി ലാബുകളും 3 ലൈബ്രറികളും തുറക്കും.

ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷണ ഭദ്രതാ അലവൻസ് ഭക്ഷ്യ കിറ്റായി വിതരണം ചെയ്യും.

സ്‌കൂളുകളിൽ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെയുള്ള ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായി അദ്ധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാൻ കഴിയുന്ന ഓൺലൈൻ ക്ലാസുകൾ ആവിഷ്‌കരിച്ച് നടപ്പാക്കും.
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി വീടുകളിൽ പുസ്തകം എത്തിക്കുന്നതിൻറെ ഭാഗമായി 'വായനയുടെ വസന്തം' പദ്ധതി ആരംഭിക്കും.
 

Latest News