മലപ്പുറം- മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്ത പാണക്കാട് തങ്ങള്‍ കുടുംബാംഗങ്ങള്‍ക്കെതിരെ ഇ.കെ.വിഭാഗം സമസ്ത നടപടിക്കൊരുങ്ങുന്നതിനെ ചൊല്ലി മുസ്്‌ലിം ലീഗില്‍ ആശയകുഴപ്പവും ഭിന്നതയും. സമസ്തയുടെ സമ്മര്‍ദത്തിന് വഴങ്ങി മുജാഹിദ് സമ്മേളനത്തെ തള്ളിപ്പറയേണ്ടതില്ലെന്നാണ് ലീഗിലെ ഒരു വിഭാഗം വാദിക്കുന്നത്. എന്നാല്‍ സമസ്ത നേതാക്കളെ പിണക്കാനാവില്ലെന്ന പ്രബലമായ അഭിപ്രായവും സംഘടനക്കുള്ളിലുണ്ട്. ഇക്കാര്യത്തില്‍ പരസ്യ നിലപാട് വേണ്ടെന്ന തീരുമാനമാണ് ലീഗ് നേതൃത്വം കൈകൊള്ളുന്നത്. സമസ്തയുടെ അന്തിമ തീരുമാനം വന്നതിന് ശേഷം മാത്രം വിഷയത്തില്‍ ആവശ്യമെങ്കില്‍ ഇടപെട്ടാല്‍ മതിയെന്നാണ് ലീഗ് നേതൃത്വത്തിന്റെ ധാരണ.
കൂരിയാട് വെച്ച് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പാണക്കാട് കുടുംബാംഗങ്ങളും സമസ്ത ഭാരവാഹികളുമായ റഷീദലി ശിഹാബ് തങ്ങള്‍ ,മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
ഇരുവരും പങ്കെടുക്കുന്നതിനെ എതിര്‍ത്തു കൊണ്ട് സമസ്ത നേതൃത്വം നേരത്തെ പ്രസ്താവന ഇറക്കിയിരുന്നു. സമസ്തയുടെ മുന്നണി നേതൃത്വത്തിലെ പ്രധാന ഭാഗമായ പാണക്കാട് കുടുംബാംഗങ്ങള്‍ മുജാഹിദ് വേദിയിലെത്തിയത് ഏറെ അമര്‍ഷത്തോടെയാണ് സമസ്ത നോക്കി കണ്ടത്. സംഘടനാപരമായ എതിര്‍പ്പുകളുടെ പേരില്‍ സമുദായത്തിന്റെ ഐക്യം തകരരുതെന്ന സന്ദേശമാണ് മുജാഹിദ് സമ്മേളനത്തിലെ പ്രസംഗത്തില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നല്‍കിയത്.
ഇരുവരും സമസ്തയുടെ എതിര്‍പ്പ് ലംഘിച്ചത് നേതൃത്വം ഗൗരവമായാണ് എടുത്തിട്ടുള്ളത്. മുജാഹിദ് സമ്മേളനത്തിന്റെ പിറ്റേന്ന് കോഴിക്കോട് ജില്ലയില്‍ നടന്ന സമസ്ത സമ്മേളനത്തില്‍ പാണക്കാട് കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ചേളാരിയില്‍ ചേര്‍ന്ന സമസ്ത യോഗത്തില്‍ ഇരുവരോടും വിശദീകരണം തേടാന്‍ തീരുമാനിച്ചിരുന്നു. ഈ വിഷയത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
മുജാഹിദ് സമ്മേളനത്തില്‍ മുസ്്‌ലിം ലീഗ് നേതാക്കളും പങ്കെടുത്തിരുന്നെങ്കിലും ഇവരെ സമസ്ത വിമര്‍ശിച്ചിട്ടില്ല. മുതിര്‍ന്ന നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി.,ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.,കെ.എന്‍.എ.ഖാദര്‍ എം.എല്‍.എ, കെ.എം.ഷാജി എം.എല്‍.എ,പി.കെ.അബ്്ദുറബ്ബ് എം.എല്‍.എ.,പി.കെ.ബഷീര്‍ എം.എല്‍.എ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയും മുസ്്‌ലിം ഐക്യം അനിവാര്യമാണെന്ന് പ്രസംഗിക്കുകയും ചെയ്തിരുന്നു. ഇവര്‍ ജനപ്രതിനിധികളായതിനാല്‍ ഇടപെടേണ്ടതില്ലെന്ന നിലപാടാണ് സമസ്തയുടേത്. അതേ സമയം പാണക്കാട് കുടുംബാംഗങ്ങള്‍ സമസ്തയുടെ കൂടി ഭാഗമായതിനാലാണ് നേതൃത്വം ഗൗരവമായി എടുത്തത്.
മുസ്്‌ലിം ലീഗിനുള്ള മുജാഹിദ് വിഭാഗം ശക്തിപ്രാപിക്കുന്നതായി വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ഇ.കെ.വിഭാഗം സുന്നി നേതൃത്വത്തിന് പരാതിയുണ്ട്. കെ.പി.എ.മജീദ് ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി മുജാഹിദിനെ പിന്തുണക്കുന്നുവെന്നത് നേരത്തെയുള്ള പരാതിയാണ്. അതു കൊണ്ടു തന്നെ പാണക്കാട് കുടുംബാഗങ്ങളുടെ നിലപാട് മുസ്്‌ലിം ലീഗിലെ മുജാഹിദ് വിഭാഗത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് സമസ്തയുടെ ആശങ്ക.