തിരുവനന്തപുരം- കേരളത്തിലെ ബി.ജെ.പിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംഘടനാ തലത്തില്‍ സമൂലമായ മാറ്റമുണ്ടാവണമെന്ന് മുന്‍ ഡി.ജി.പിയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായിരുന്ന ജേക്കബ് തോമസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ മാത്രം മാറ്റിയിട്ട് കാര്യമില്ല. താഴെ തട്ടുമുതലുള്ള സംഘടനാ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കണമെന്നും മാറ്റമുണ്ടാവണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിന് തൊട്ടു പിന്നാലെയാണ് പ്രധാനമന്ത്രി പാര്‍ട്ടിയുടെ പരാജയ കാരണങ്ങള്‍ പരിശോധിച്ചും പരിഹാരം നിര്‍ദേശിച്ചും റിപ്പോര്‍ട്ട് നല്‍കാന്‍ സി.വി. ആനന്ദബോസ്, ജേക്കബ് തോമസ് എന്നിവരെ വെവ്വേറെ നിയോഗിച്ചത്.
കേരളത്തിലെ ബി.ജെ.പിയില്‍ നേതൃമാറ്റം വേണമെന്നും ബൂത്തു തലംമുതല്‍ പാര്‍ട്ടി അഴിച്ചുപണിയണമെന്നും ആനന്ദബോസ് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്.
പ്രവര്‍ത്തകരില്‍ ഭൂരിപക്ഷം പേര്‍ക്കും സംസ്ഥാന നേതൃത്വത്തോട് താല്‍പര്യമില്ല. തെരഞ്ഞെടുപ്പു ഫണ്ട് കൈകാര്യം ചെയ്തതില്‍ പാളിച്ചകളുണ്ടായി. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള പ്രചാരണം ജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.