കൊച്ചി- കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ ജാതിയധിക്ഷേപം നടത്തിയ എം.വി നികേഷ് തന്റെയുള്ളിലെ മേധാവിത്വ ബോധമാണ് പുറത്തേക്ക് എടുത്തിട്ടതെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. ക്ലബ് ഹൗസിൽ നടത്തിയ ചർച്ചയിലാണ് ബൽറാം ഇക്കാര്യം പറഞ്ഞത്. നികേഷ് മനപൂർവ്വം പറഞ്ഞതാണെന്ന് കരുതുന്നില്ലെന്നും എന്നാൽ ഈ ചർച്ച കഴിഞ്ഞ് 24 മണിക്കൂറായിട്ടും ഇതിൽ മാപ്പു പറയാൻ തയ്യാറാകാത്തത് ഞെട്ടിപ്പിക്കുന്നതാണെന്നും ബൽറാം പറഞ്ഞു. ടി.ആർ.പി റേറ്റിംഗിൽ എട്ടോ ഒൻപതോ മാത്രം സ്ഥാനത്തുള്ള റിപ്പോർട്ടർ പോലുള്ള ചാനലിന്റെ ഫ്‌ളോറിൽ ചെന്നിരിക്കാൻ തയ്യാറായിട്ടും അദ്ദേഹത്തെ അപമാനിക്കാനാണ് നികേഷ് കുമാർ ശ്രമിച്ചത്. കെ. സുധാകരൻ എന്നയാൾ അക്രമകാരിയാണെന്ന നറേറ്റീവ് സൃഷ്ടിക്കാനാണ് നികേഷ് കുമാർ ശ്രമിച്ചത്. യു.ഡി.എഫ് അധികാരത്തിലിരിക്കെ എൻ.എസ്.എസിന് എതിരെ നടത്തിയ പരാമർശത്തെ സി.പി.എം അടക്കമുള്ള സംഘടനകൾ അഭിനന്ദിച്ചിരുന്നു. എന്നാൽ 2021-ലെ തെരഞ്ഞെടുപ്പിൽ ആ ഫെയ്‌സ്ബുക്ക് പോസ്റ്റ് എടുത്ത് തനിക്കെതിരെ ആയുധമെടുക്കാനാണ് സി.പി.എം ശ്രമിച്ചത്. എതിർ രാഷ്ട്രീയത്തിലുള്ളവരുടെ പേരിൽ നറേറ്റീവ് സൃഷ്ടിക്കാനാണ് സി.പി.എം ശ്രമം. ഇത് ഏറെക്കാലമായി തുടരുന്നതാണെന്നും ബൽറാം വ്യക്തമാക്കി.
നികേഷ് കുമാറിനെ സി.പി.എം അനുഭാവി എന്ന് പറയാൻ പാടില്ലെന്നും നികേഷ് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചയാളാണെന്നും ലീഗ് നേതാവ് കെ.എം ഷാജി പറഞ്ഞു. സുധാകരനെ ചർച്ചയിലേക്ക് കൊണ്ടുവന്ന് അപമാനിക്കുകയാണ് നികേഷ് ചെയ്തത്. സാധാരണ ഗതിയിൽ പലരും നികേഷുമായി സംസാരിക്കാൻ തയ്യാറാകാറില്ല. എന്നാൽ അത് പരിഗണിക്കാതെ റിപ്പോർട്ടർ ചാനലിന്റെ ഫ്‌ളോറിൽ ചെന്നിരിക്കാൻ സുധാകരൻ തയ്യാറായി. എന്നാൽ സുധാകരനെ നികേഷ് അപമാനിക്കാനാണ് ശ്രമിച്ചതെന്നും ഷാജി വ്യക്തമാക്കി.