Sorry, you need to enable JavaScript to visit this website.

വീട്ടിന്റെ ടെറസിൽ കാർ, വൈറലായി ഒരു ചിത്രം

പയ്യന്നൂർ-സോഷ്യൽ മീഡിയയിൽ തരംഗമായി വീട് ടെറസ്സിലെ കാർ. മമ്പലം ക്ഷേത്രത്തിന് സമീപം റെയിൽവേ സ്‌റ്റേഷൻ റോഡിൽ പ്രസൂണിന്റെ വീട്ടിന്റെ ടെറസിലാണ് കാർ ഉള്ളത്. പോർച്ചിൽ കിടക്കേണ്ട കാർ എങ്ങിനെ വീടിന്റെ മുകളിൽ കയറ്റി എന്നറിയാൻ ചെല്ലുന്നവർക്ക് മുന്നിൽ ഉടമയുടെ മറുപടി അതൊരു ശിൽപിയുടെ കരവിരുതാണെന്നാണ്. വീടിന്റെ ചിമ്മിനി ഭാഗം അഭംഗിയായപ്പോഴാണ് വീട്ടുടമ ശിൽപി രാജീവൻ പയ്യന്നൂരിന്റെ സഹായം തേടിയത്. അങ്ങനെയാണ് ചിമ്മിനിയെ കാറാക്കി മാറ്റി വീടിന് ആകർഷണം ഉണ്ടാക്കിയത്. കാറിന്റെ മാതൃകയിൽ കമ്പിയും നെറ്റും കെട്ടി ഉറപ്പിച്ച ശേഷം കോൺക്രീറ്റ് ചെയ്തു.പിന്നീട് ഒറിജിൻ കാറിന്റെ അളവിൽ മാർക്ക് ചെയ്ത് ചാന്ത് തേച്ച് പിടിപ്പിച്ച് മിനുക്കിയെടുത്തു. എല്ലാ ഭാഗത്തും കൃത്യമായ അളവിൽ നല്ലൊരു  കാർ ഒരുക്കിയെടുത്തു.

ചിമ്മിനിയിലൂടെ അടുപ്പിൽ നിന്ന് ഉയർന്നു വരുന്ന പുക ടെറസിനും കാറിന്റെ ടയറിനും ഇടയിലുള്ള വിടവിലൂടെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ പുറത്തു പോകും. സിമന്റും പൂഴിയും ജില്ലിയുമാണ് അസംസ്‌കൃത വസ്തുക്കൾ. 12 അടി നീളം, 6 അടി ഉയരം, 5 വീതി ഇതാണ് കാറിന്റെ അളവ്.
ചിമ്മിനി നേരത്തെ നിർമിച്ചതിനാൽ ചുമരോ കോൺക്രീറ്റോ പുറത്ത് കാണാത്ത വിധത്തിൽ അതീവ ശ്രദ്ധയോടെയാണ് ശിൽപി കാർ ഒരുക്കിയത്. അവസാന ഘട്ടത്തിൽ ശിൽപിക്കൊപ്പം രമേശൻ നടുവിൽ, പ്രണവ് മാതമംഗലം, കെ.വി.അരുൺകുമാർ എന്നിവരും മിനുക്ക് പണിക്ക് ഉണ്ടായിരുന്നു. പയ്യന്നൂർ ലൈവ് ഫേസ്ബുക്ക് പേജിൽ ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഈ കാർ ഇപ്പോൾ താരമായി മാറിയിരിക്കുകയാണ്.
 

Latest News