കൊല്ലം- മുന്‍മന്ത്രിയും സി.പി.ഐ നേതാവുമായ മുല്ലക്കര രത്നാകരന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിന് വിലക്ക്. ഈ മാസം ആദ്യം മുതല്‍ തന്റെ വെരിഫൈഡ് ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുന്നതില്‍നിന്നു ഫെയ്സ്ബുക്ക് വിലക്കിയതായി മുല്ലക്കര രത്നാകരന്‍ പറഞ്ഞു. തന്റെ വ്യക്തിഗത ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫെയ്സ്ബുക്കിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ലംഘിച്ചുവെന്ന് കാണിച്ചാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ രീതിയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടും പേജിന്റെ പേജ് ക്വാളിറ്റി എന്ന വിഭാഗത്തില്‍ അത്തരത്തില്‍ ഒരു നിയന്ത്രണമോ ലംഘനങ്ങളോ ഇല്ല എന്നാണ് പറയുന്നത്.
മന്ത്രി, നിയമസഭാ സാമാജികന്‍ എന്നിങ്ങനെ സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ജനപ്രതിനിധി എന്ന നിലയില്‍ ഇതിന്റെ വിശദീകരണം ഫെയ്സ്ബുക്കിനോട് മെയില്‍ വഴി ആവശ്യപ്പെട്ടപ്പോള്‍ അവര്‍ക്കും ഈ വിലക്ക് എന്തിനാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. നിരവധി മെയിലുകള്‍ക്ക് ശേഷവും ഈ ബാന്‍ നീക്കാന്‍ സാധിക്കില്ല എന്ന നിഷേധാത്മകമായ മറുപടിയാണ് അവര്‍ നല്‍കിയത്. പേജ് കൈകാര്യം ചെയ്യുന്ന അഡ്മിന്‍ അക്കൗണ്ടുകള്‍ക്കൊന്നും ഇത്തരത്തില്‍ നിയന്ത്രണമില്ല. പിന്നെന്താണ് അവര്‍ പറയുന്ന ലംഘനം എന്ന് അവര്‍ക്കൊട്ട് വിശദീകരിക്കാന്‍ സാധിക്കുന്നുമില്ല എന്നും മുല്ലക്കര രത്നാകരന്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
അതേസമയം കോവിഡ് നിയന്ത്രണത്തിലെ പാളിച്ചകള്‍ക്ക് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് പങ്കുവെച്ച പോസ്റ്റാണോ ഈ വിലക്കിന് കാരണമെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. നേരത്തെ #Modiresign ഹാഷ്ടാഗിന് ഫെയ്സ്ബുക്ക് വിലക്കേര്‍പ്പെടുത്തിയരുന്നതും കവി സച്ചിദാനന്ദന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിന് ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ നയങ്ങളുടെ ഭാഗമായാണോ വിലക്ക് എന്ന ചോദ്യത്തിന് നിങ്ങളുടെ ഫ്രസ്ട്രേഷന്‍ ഒക്കെ ഞങ്ങള്‍ക്ക് മനസിലാകും. പക്ഷേ ഈ വിലക്ക് നീക്കാന്‍ സാധിക്കില്ല എന്ന തരത്തിലായിരുന്നു മെയിലൂടെ ഫെയ്സ്ബുക്കിന്റെ മറുപടിയെന്നും അദ്ദേഹം പറഞ്ഞു.