Sorry, you need to enable JavaScript to visit this website.

ഒളിത്താവളത്തിൽനിന്ന് കുപ്രസിദ്ധ ഗുണ്ടയെ തൃശൂർ പോലീസ് പിടികൂടി

തൃശൂർ - മുപ്പത്തിയഞ്ചോളം ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ ബംഗളുരുവിലെ ഒളിത്താവളത്തിൽ നിന്നും പോലീസ് പിടികൂടി. ഇരിങ്ങാലക്കുട കാട്ടൂർ നന്ദനത്ത് വീട്ടിൽ ഹരീഷിനെയാണ് (45) തൃശൂർ റൂറൽ എസ്.പി. ജി. പൂങ്കുഴലിയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.ആർ.രാജേഷിന്റെ നേതൃത്വത്തിൽ കൊരട്ടി ഇൻസ്‌പെക്ടർ ബി.കെ. അരുൺ, ആളൂർ എസ്.ഐ. ആർ.രഞ്ജിത്ത്, എസ്.ഐ. കെ.സുഹൈൽ, സീനിയർ സി.പി.ഒ. ഇ.എസ്. ജീവൻ, സി.പി. ഒ കെ.എസ്.ഉമേഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം ബംഗളുരു ബംഗാരപേട്ടിലെ ഒളിത്താവളത്തിൽ നിന്ന് പിടികൂടിയത്
കാട്ടൂർ സ്‌റ്റേഷനിൽ 21 കേസും വലപ്പാട് സ്‌റ്റേഷനിൽ 7 കേസും ചേർപ്പ് സ്‌റ്റേഷനിൽ 3 കേസും ഒല്ലൂർ, മതിലകം സ്‌റ്റേഷനുകളിൽ ഓരോ കേസും ഹരീഷിന്റെ പേരിലുണ്ട്. രണ്ടു തവണ കാപ്പ നിയമ പ്രകാരം ഇയാളെ നാടു കടത്തിയിരുന്നു. 
ഇക്കഴിഞ്ഞ മാർച്ചിലാണ് തുടർച്ചയായി രണ്ട് അടിപിടി കേസുകളുണ്ടാക്കി ഇയാൾ ഒളിവിൽ പോയത്.  തമിഴ് നാട്ടിലെ കൃഷ്ണഗിരിയിലും കർണ്ണാടകയിലെ പല സ്ഥലങ്ങളിലുമായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
ചെറുപ്രായത്തിലുള്ള നിരവധി ആൺകുട്ടികളെ ഇയാൾ കഞ്ചാവും മയക്കുമരുന്നും നൽകി വഴി തെറ്റിക്കുന്ന പ്രകൃതക്കാരനാണ്. ലഹരിക്കടിമപ്പെട്ട് സുബോധം നഷ്ടപ്പെടുമ്പോൾ സ്വന്തം കൂട്ടത്തിലുള്ള വരെ തന്നെ ആക്രമിക്കുന്ന സ്വഭാവവും ഇയാൾക്കുണ്ട്.
പത്തു വർഷം മുൻപ് കർണ്ണാടകയിലെ സ്വർണ്ണഖനി മേഖലയിൽ ജോലി ചെയ്തിരുന്ന ഹരീഷിന് അവിടെ നിരവധി ഗുണ്ടാ സംഘങ്ങളുമായി ബന്ധമുണ്ട്. അതുകൊണ്ടു തന്നെ വളരെ ശ്രദ്ധയോടെയും ജാഗ്രതയോടെയുമായിരുന്നു അന്വേഷണ സംഘത്തിന്റെ ഓരോ നീക്കവും.
പോലീസ് എത്തിയാൽ അവരുടെ കഥ കഴിക്കുമെന്ന് വാളുമായി നിൽക്കുന്ന ചിത്രങ്ങൾ സഹിതം ഇയാൾ സുഹൃത്തുക്കൾക്ക് മെസേജ് പോസ്റ്റ് ചെയ്തിരുന്നുവത്രേ. എന്നാൽ അപ്രതീക്ഷിതമായി ഇയാൾ ഒളിച്ചു കഴിഞ്ഞിരുന്ന ഗല്ലിയിലെ വീട്ടിലേക്ക് പോലീസ് സംഘം ഇരച്ചുകയറുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസിനെ വെട്ടിക്കാനായില്ല. ആയുധമെടുക്കാനും ഇയാൾക്ക് സമയം കിട്ടിയില്ലെന്ന് പോലീസ് പറഞ്ഞു. 
നാലു ദിവസം മുൻപാണ് ഇയാളെ പിടിക്കാൻ പ്രത്യേക ടീമിനെ രൂപീകരിച്ച് റൂറൽ എസ്.പി ജി. പൂങ്കുഴലി
ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ടി.ആർ രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ കർണാടകയിലേക്ക് അയച്ചത്. 
നാട്ടിൽ നിന്നു പുറപ്പെട്ട സംഘം നാലു ദിവസത്തിനുള്ളിൽ ഹരീഷിനെ പിടികൂടിയത് കേരള പോലീസിന് അഭിമാനമായി. 
തലമുടിയും താടിയും വടിച്ച് രൂപ മാറ്റം വരുത്തിയാണ് പ്രതി ഒളിവിൽ താമസച്ചിരുന്നത്. ബംഗളുരുവിലെ അപകടകരമായ പല ഗല്ലികളിലും രാവും പകലും കർണാടക പോലീസിന്റെ സഹായത്തോടെ റെയ്ഡും തിരച്ചിലും നടത്തിയാണ് ഒടുവിൽ പ്രതിയുടെ ഒളിത്താവളത്തിലേക്ക് പോലീസ് എത്തിയത്. 
കെ.ജി. ഹള്ളി, ബംഗാരപേട്ട്, തമ്മനഹള്ളി. ഗംഗാം പാളയം എന്നിവിടങ്ങളിൽ പോലീസ് നടത്തിയ വിശദമായ തിരച്ചിലിനും പലരേയും ചോദ്യം ചെയ്തതിന് ശേഷവുമാണ് ഇയാളുടെ താവളത്തെക്കുറിച്ച് സൂചന ലഭിച്ചത്.  കാട്ടൂർ ഇൻസ്‌പെക്ടർ വി.വി. അനിൽകുമാർ, എസ്.ഐ. ആർ. രാജേഷ്, സൈബർ വിദഗ്ദരായ പ്രജിത്ത്, മനു, രജീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Latest News