എടപ്പാൾ - ഒറിജിനലിനെ വെല്ലുന്ന 2000 രൂപയുടെ കളർ ഫോട്ടോസ്റ്റാറ്റ് നോട്ടുകൾ വിപണിയിൽ വ്യാപകം, ഇത്തരത്തിലുള്ള നോട്ടുമായി മദ്യം വാങ്ങാനെത്തിയ യുവാവിനെ ജീവനക്കാർ പിടികൂടി പോലീസിലേൽപിച്ചു. പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ ബീവറേജിലാണ് സംഭവം. മദ്യം വാങ്ങാനെത്തിയ കുറ്റിപ്പുറം സ്വദേശിയായ വ്യക്തിയിൽ നിന്നാണ് 2000 രൂപയുടെ വ്യാജ നോട്ട് പിടികൂടിയത്.
ഉടൻ തന്നെ ബീവറേജ് ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയും നോട്ടുമായി എത്തിയ ആളെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. നോട്ട് വിശദമായി പരിശോധിച്ചപ്പോഴാണ് ഇത് 2000 രൂപയുടെ ഫോട്ടോസ്റ്റാറ്റ് ആണെന്ന് തിരിച്ചറിഞ്ഞത്. ലോട്ടറി വിൽപനക്കാരനായ ഇയാൾക്ക് കുറ്റിപ്പുറം മിനി പമ്പയ്ക്ക് സമീപം വെച്ച് ശനിയാഴ്ച രാത്രി ആരോ നൽകിയതാണത്രേ.
പൊന്നാനി ചമ്രവട്ടം ജങ്ഷനിലെ ബീവറേജിൽ നിന്നും പിടികൂടിയ രണ്ടായിരം രൂപയുടെ കളർഫോട്ടോസ്റ്റാറ്റ്.ഈ 2000 രൂപയുടെ ഫോട്ടോസ്റ്റാറ്റ് നോട്ട് ഉപയോഗിച്ച് 300 രൂപയ്ക്ക് ഇയാളിൽ നിന്ന് ലോട്ടറി എടുക്കുകയും ബാക്കി 1700 രൂപ ലോട്ടറി വിൽപനക്കാരൻ ടിക്കറ്റ് വാങ്ങിയവർക്ക് തിരിച്ചു നൽകിയതായും പോലീസ് പറഞ്ഞു. കബളിപ്പിക്കപ്പെട്ട ലോട്ടറി വിൽപനക്കാരനെ പോലീസ് വിട്ടയച്ചു. അതേ സമയം പണം തന്ന വ്യക്തിയെ കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു.
ഇത്തരത്തിലുള്ള ഫോട്ടോസ്റ്റാറ്റ് നോട്ടുകൾ വിപണിയിൽ വ്യപകമായുണ്ടെന്നും ജനങ്ങൾ ശ്രദ്ധിക്കണമെന്നും പോലീസ് പറഞ്ഞു. കളർഫോട്ടോസ്റ്റാറ്റ് എടുത്താണ് രാത്രികാലങ്ങളിൽ ഇത്തരത്തിൽ രണ്ടായിരം നോട്ട് തട്ടിപ്പ് കൂടുതലായി നടക്കുന്നത്. കള്ളനോട്ടടിയാണോ അതോ സാധാരണ കളർഫോട്ടോസ്റ്റാറ്റ് എടുത്ത് താൽക്കാലിക തട്ടിപ്പ് മാത്രമാണോയെന്ന് വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.