Sorry, you need to enable JavaScript to visit this website.

റഷീദലി തങ്ങളോടും മുനവ്വറലി തങ്ങളോടും സമസ്ത വിശദീകരണം തേടും

കൂരിയാട്ട് ആദര്‍ശ സമ്മേളനം നടത്തും
മലപ്പുറം- കൂരിയാട്ട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരോട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വിശദീകരണം തേടും. ഈ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, വൈസ് പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് എന്നിവരെ അധികാരപ്പെടുത്തി. ചേളാരിയില്‍ ചേര്‍ന്ന സമസ്തയുടെയും പോഷക സംഘടനകളുടെയും ഏകോപന സമിതി യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മുജാഹിദ് സംസ്ഥാന സമ്മേളത്തിന്റെ വിവിധ സെഷനുകളിലായാണ് പാണക്കാട് തങ്ങള്‍ കുടുംബാംഗങ്ങളും സമസ്തയുടെ പോഷക സംഘടനകളുടെ ഭാരവാഹികളുമായ റഷീദലി തങ്ങളും മുനവ്വറലി തങ്ങളും പങ്കെടുത്തത്. സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് സമസ്ത നേതൃത്വം നേരത്തെ ഇവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഗൗനിക്കാതെയാണ് ഇരുവരും സമ്മേളനത്തിനെത്തിയത്. തങ്ങള്‍ കുടുംബാംഗങ്ങളുടെ നടപടി ഇ.കെ.വിഭാഗം സമസ്തയില്‍ കടുത്ത അമര്‍ഷത്തിനിടയാക്കിയിരുന്നു. ഇവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം വരെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ നടന്ന സമസ്തയുടെ ചില ചടങ്ങുകളില്‍ നിന്ന് ഇവരെ വിലക്കുകയും ചെയ്തു. പ്രശ്്‌നം സംഘടനക്കുള്ളില്‍ സജീവ ചര്‍ച്ചയാവുകയും മാധ്യമങ്ങളിലൂടെ വിവാദമുയരുകയും ചെയ്ത സാഹചര്യത്തിലാണ് സമസ്ത നേതൃത്വം അടിയന്തരമായി ചേളാരിയില്‍ യോഗം ചേര്‍ന്നത്.
മുജാഹിദ് സമ്മേളനത്തില്‍ പാണക്കാട് കുടുംബാംഗങ്ങള്‍ പങ്കെടുത്തതിനെ തുടര്‍ന്ന് സമസ്തയിലും സുന്നി പ്രവര്‍ത്തകരിലുമുണ്ടായ ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ കൂരിയാട്ട് വെച്ച് ആദര്‍ശ സമ്മേളനം നടത്താനും ഇന്നലെ ചേര്‍ന്ന സമസ്ത യോഗം തീരുമാനിച്ചിട്ടുണ്ട്. ജനുവരി 11 ന് നടക്കുന്ന യോഗത്തില്‍ ഇതു സംബന്ധിച്ച് സുന്നി നേതാക്കളുടെ പരസ്യ നിലപാടുകളുടെ പ്രഖ്യാപനമുണ്ടാകും.
ഇന്നലെ നടന്ന യോഗം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, സമസ്ത സെക്രട്ടറി പി.പി. ഉമര്‍ മുസ്‌ലിയാര്‍, മുശാവറ അംഗങ്ങളായ എം.എം. മുഹ്‌യദ്ദീന്‍ മൗലവി, കെ.ടി. ഹംസ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എം.എ. ഖാസിം മുസ്‌ലിയാര്‍, യു.എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, എ. മരക്കാര്‍ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ ഫൈസി എന്നിവരും പോഷക സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, പി.എ. ജബ്ബാര്‍ ഹാജി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, സത്താര്‍ പന്തല്ലൂര്‍ എന്നിവരും പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

 

 

Latest News