തിരുവനന്തപുരം- മാംഗോ മൊബൈൽ ഉദ്ഘാടനം ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റുവെന്നും എന്നാൽ അതിനു തൊട്ടുമുൻപ് മാംഗോ മൊബൈൽ ഉടമ അറസ്റ്റിലായെന്നുമുള്ള പി.ടി. തോമസിന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് പി.ടി തോമസും ആരോപണം ഉന്നയിച്ചത്. ഇതിന് നിയമസഭയിൽ തന്നെ മുഖ്യമന്ത്രി വിശദീകരണവും നൽകി.
മുഖ്യമന്ത്രിയുടെ വാക്കുകൾ
'മാംഗോ ഫോൺ മൊബൈൽ ഫോൺ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംമുൻപ് അതിന്റെ പിന്നിലുള്ള പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു എന്ന് പി.ടി.തോമസ് കഴിഞ്ഞ ദിവസം സഭയിൽ പറഞ്ഞിരുന്നു. എന്റെ മേൽവന്നു തറയ്ക്കുന്നതായി ആരെങ്കിലും കരുതുന്നെങ്കിൽ കരുതിക്കോട്ടെ എന്നതാവും ഈ ആരോപണമുന്നയിച്ചതിനു പിന്നിലെ ദുഷ്ടലാക്ക്. മുഖ്യമന്ത്രി ആരാണ് എന്നു പറയാതെയാണ് പി.ടി.തോമസ് ഇതു പറഞ്ഞതെങ്കിലും പൊതുവിൽ സഭയിലുണ്ടായ പ്രതീതി, ഞാൻ അറസ്റ്റിലാവേണ്ടതരം പ്രതികളുടെ പരിപാടി ഉദ്ഘാടനം ചെയ്യാൻ പോയി എന്നതാണ്. ഇതു സത്യമല്ല.
2016 ഫെബ്രുവരി 29 നാണ് മാംഗോ ഫോൺ കമ്പനി ഉടമകൾ അറസ്റ്റിലായത്. ഞാൻ അന്നു മുഖ്യമന്ത്രിയേ അല്ല. അന്നു മുഖ്യമന്ത്രി ആരായിരുന്നുവെന്നു ഞാൻ പറയേണ്ട കാര്യമില്ല. അത് എന്നെക്കൊണ്ടു പറയിക്കുന്നതിൽ പി.ടി.തോമസിനു പ്രത്യേകമായ സന്തോഷമെന്തെങ്കിലും ഉണ്ടോ എന്ന് എനിക്കു നിശ്ചയമില്ല. ഏതായാലും, പട്ടാപ്പകലിനെ കുറ്റാക്കുറ്റിരുട്ടായി ചിത്രീകരിക്കുന്ന രീകൾക്കായി സഭ ദുരുപയോഗിക്കപ്പെട്ടുകൂടാ. പകുതി മാത്രം പറഞ്ഞ്, അതുകൊണ്ട് തെറ്റിദ്ധാരണയുടെ ഒരു മൂടൽമഞ്ഞുണ്ടാക്കി ഇന്നത്തെ മുഖ്യമന്ത്രിയെ അതിന്റെ മറവിൽ നിർത്താൻ നോക്കുകയാണ്. മുഖ്യമന്ത്രിയെ നിങ്ങൾ കൊണ്ടുവരുന്ന മൂടൽമഞ്ഞിനു കീഴ്‌പ്പെടുത്താനാവില്ല.
ആ തട്ടിപ്പുകാരുടെ സ്വാധീനത്തിന്റെ വലയ്ക്കുള്ളിൽ നിൽക്കുന്നത് ഞാനല്ല. ഇന്നത്തെ മുഖ്യമന്ത്രിയല്ല. അവരുടെ പരിപാടി ഉദ്ഘാടനം ചെയ്യാൻ ഏറ്റത് ഞാനല്ല. ഈ മുഖ്യമന്ത്രിയല്ല. ഏതു മുഖ്യമന്ത്രിയുടെ മേലായിരുന്നു സ്വാധീനമെന്ന് അന്നത്തെ തീയതിയും കലണ്ടറും വച്ച് പി.ടി.തോമസ് കണ്ടുപിടിക്കട്ടെ. സഭയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച പി.ടി.തോമസ് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.