തിരുവനന്തപുരം- കേരളത്തില്‍ ബി.ജെ.പിയെ നശിപ്പിക്കാന്‍ സി.പി.എമ്മും കേരള പോലീസും ശ്രമിക്കുന്നുവെന്ന് കുമ്മനം രാജശേഖരന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരില്‍കണ്ട് പരാതി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല കള്ളക്കേസും ചമച്ച് ബി.ജെ.പി നേതാക്കന്മാരെ ജയിലിലടക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
കൊടകര കുഴല്‍പ്പണക്കേസില്‍ രണ്ടാമതൊരു അന്വേഷണം പ്രഖ്യാപിച്ചത് ബി. ജെ.പിയെ വേട്ടയാടാന്‍ വേണ്ടിയാണ്. പാര്‍ട്ടിയുടെ സല്‍പേര് നശിപ്പിക്കാന്‍ പോലീസ് ശ്രമിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിക്ക് കേസില്‍ ബന്ധമില്ല. അന്വേഷണം പോലീസ് ബി.ജെ.പിയിലേക്ക് വഴിതിരിച്ച് വിടുകയാണ്. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പരാതികളെ ബി.ജെ.പി ചെറുക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
പോലീസ് അന്വേഷണ രഹസ്യം പുറത്തുവിടുകയാണ്. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിയായിരുന്ന സുന്ദരക്കെതിരെ കേസെടുക്കാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു. സംഭവത്തില്‍ ഡി.ജി.പിയെ നേരില്‍ കാണുമെന്നും സുന്ദര്ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുമെന്നും കുമ്മനം രാജശേഖരന്‍ അറിയിച്ചു. ഒ. രാജഗോപാല്‍, വി.വി രാജേഷ്, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് എന്നിവരാണ് കുമ്മനത്തിനൊപ്പം ഗവര്‍ണറെ കാണാനായി രാജ്ഭവനിലെത്തിയത്.