Sorry, you need to enable JavaScript to visit this website.

ബിജെപിയെ ചെറുക്കാന്‍ യുഡിഎഫ് പോരാ എന്നതിനാലാണ്  ന്യൂനപക്ഷങ്ങള്‍ യുഡിഎഫിനെ കൈവിട്ടത്- കെ മുരളീധരന്‍

കോഴിക്കോട്- ബിജെപിയെ ചെറുക്കാന്‍ യുഡിഎഫ് പോരാ എന്നതിനാലാണ് ന്യൂനപക്ഷങ്ങള്‍ യുഡിഎഫിനെ കൈവിട്ടതെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. അത് പിണറായി വിജയന്‍ മുതലെടുത്തു. പിണറായി ന്യൂനപക്ഷങ്ങളോട് ബിജെപിയെ ചൂണ്ടിക്കാണിച്ച് അവരുടെ വോട്ടും വാങ്ങി, കോണ്‍ഗ്രസ് മുക്തഭാരതത്തിന്റെ ഭാഗമായി കേരളം കോണ്‍ഗ്രസ് മുക്തമാകണമെന്ന് പറഞ്ഞ് രഹസ്യമായി ബിജെപിയുടെ വോട്ടും വാങ്ങി. മൊത്തത്തില്‍ കഴിഞ്ഞ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന് മൊത്തം നഷ്ടമാണുണ്ടായത്. അത് മനസിലാക്കികൊണ്ട് പാര്‍ട്ടിയുടെ നിലപാടിനനുസരിച്ച് കേന്ദ്രത്തിലെ മുഖ്യശത്രു ബിജെപിയും കേരളത്തിലെ ശത്രു സിപിഎമ്മിനുമെതിരെയുള്ള ആക്രമണത്തിനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കേണ്ടതെന്ന് മുരളീധരന്‍ പറഞ്ഞു. അതിന് എല്ലാവിധ പിന്തുണയുണ്ടാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍്ത്തു.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ സമയമായിട്ടില്ല. തുടക്കത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കാനും തിരുത്തിക്കാനും പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. അതേസമയം കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ കൂടുതല്‍ രൂക്ഷമായി മുന്നോട്ടുപോകുകയാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അടിക്കടിയുള്ള പെട്രോള്‍ ഡീസല്‍ വിലവര്‍ധനവ്. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരം മാത്രമല്ല, കേന്ദ്രനയങ്ങള്‍ക്കെതിരായി അഖിലേന്ത്യാതലത്തിലെ മുഖ്യശത്രു ബിജെപിയ്‌ക്കെതിരെയുമുള്ള നീക്കങ്ങളുടെ നേതൃത്വം കോണ്‍ഗ്രസ് ഏറ്റെടുക്കണം. അതിന് കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വത്തിന് കഴിയുമെന്ന് മുരളീധരന്‍ പറഞ്ഞു. സുധാകരന്റെ ശൈലി കോണ്‍ഗ്രസിന് ദോഷം ചെയ്യില്ല. നിലവില്‍ പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ ഇല്ലാത്തത് സന്തോഷം നല്‍കുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാകരുതെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

Latest News