Sorry, you need to enable JavaScript to visit this website.

ജംബോ കമ്മിറ്റികള്‍ ഒഴിവാക്കും, ഡി.സി.സിയും പുനസ്സംഘടിപ്പിക്കുന്നു

തിരുവനന്തപുരം-  പാര്‍ട്ടിയിലെ ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടാനൊരുങ്ങി ഹൈക്കമാന്‍ഡ്. എല്ലാ ഡി.സി.സി.അധ്യക്ഷന്മാരേയും മാറ്റാനും ധാരണയായിട്ടുണ്ട്.
കെ.സുധാകരനെ കെ.പി.സി.സി. അധ്യക്ഷനായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ജംബോ കമ്മിറ്റികള്‍ പിരിച്ചുവിടാനുളള നിര്‍ദേശം ഉണ്ടായത്. കുറേക്കാലങ്ങളായി കെ.പി.സി.സിയില്‍ ജംബോ കമ്മിറ്റികളാണ് ഉണ്ടായിരുന്നത്. രമേശ് ചെന്നിത്തല, വി.എം.സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ കെ.പി.സി.സി .അധ്യക്ഷന്മാരിയിരിക്കേ ഇത് തുടര്‍ന്നു. എ-ഐ. ഗ്രൂപ്പുകളുടെ വീതംവെപ്പിനാണ് പലപ്പോഴും ഇത് വഴിവെച്ചിരുന്നത്. പത്ത് വൈസ് പ്രസിഡന്റുമാര്‍, 44 ജനറല്‍ സെക്രട്ടറിമാര്‍, 96 സെക്രട്ടറിമാര്‍, 175 എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരടക്കം ഏകദേശം മൂന്നൂറിലധികം ഭാരവാഹികളാണ് കഴിഞ്ഞ തവണ ജംബോ കമ്മിറ്റികളുടെ ഭാഗമായി ഉണ്ടായിരുന്നത്. ആ സമിതിയിലാകട്ടെ ഭൂരിഭാഗം പേരും പ്രവര്‍ത്തിക്കാത്തവരാണ് എന്നൊരു വിമര്‍ശവും ഉയര്‍ന്നിരുന്നു.

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി .അധ്യക്ഷന്‍ ആയിരിക്കേ ജംബോ സമിതി വേണ്ടെന്ന്  തീരുമാനിച്ചിരുന്നെങ്കിലും എ-ഐ ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സമിതി നിലനിര്‍ത്തുകയായിരുന്നു.  ഇത്തവണ അത് പാടില്ലെന്ന കര്‍ശന നിര്‍ദേശമാണ് ഹൈക്കമാന്‍ഡിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ആറുമാസത്തിനകം സമിതി പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ നിശ്ചയിക്കാനാണ് ഹൈക്കാന്‍ഡ് നിര്‍ദേശം. പ്രവര്‍ത്തന മികവിനുമാത്രമായിരിക്കണം പ്രഥമ പരിഗണനയെന്നും ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിക്കേണ്ടതിലെന്നും ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്.

ഡിസിസി തലത്തിലും പുനഃസംഘടനക്ക് ഹൈക്കമാന്‍ഡ് ഒരുങ്ങുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഡി.സി.സി അധ്യക്ഷന്മാരെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ഗ്രൂപ്പ് സമ്മര്‍ദത്തെ തുടര്‍ന്ന് മാറ്റേണ്ടതില്ല എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. ഇത്തവണ പ്രവര്‍ത്തന മികവ് മാത്രം കണക്കിലെടുത്ത്  തീരുമാനം കൈക്കൊളളാനാണ് നിര്‍ദേശം.

 

Latest News