Sorry, you need to enable JavaScript to visit this website.

ലക്ഷദ്വീപില്‍ ജൈവായുധം പ്രയോഗിച്ചെന്ന വാദം, ആയിഷ സുല്‍ത്താനക്കെതിരെ യുവമോര്‍ച്ച

തിരുവനന്തപുരം- ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ യുവ സംവിധായിക ആയിഷ സുല്‍ത്താന രാജ്യദ്രോഹപരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി അഡ്വ. ബി ജി വിഷ്ണു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുമുണ്ട്.

ഒരു മലയാള വാര്‍ത്താ ചാനലിലെ ചര്‍ച്ചക്കിടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപില്‍ 'ബയോ വെപ്പണ്‍' ആയി കോവിഡിനെ ഉപയോഗിച്ചു എന്ന പ്രസ്താവന ലക്ഷദ്വീപ് സ്വദേശിയായ സംവിധായിക നടത്തി എന്നാണ് വിഷ്ണു തന്റെ പരാതിയുടെ ആരോപിക്കുന്നത്. ഇക്കാര്യം താന്‍ കൂടി പങ്കെടുത്ത ചര്‍ച്ചക്കിടെ ആയിഷ പലതവണ ആവര്‍ത്തിച്ചുവെന്നും സംവിധായികയുടെ ഈ പരാമര്‍ശം അങ്ങേയറ്റം രാജ്യദ്രോഹപരമാണെന്നും യുവമോര്‍ച്ചാ നേതാവ് പറയുന്നു.

ലക്ഷദ്വീപിലെ കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കെതിരെ (എസ് ഒ പി) ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട ഹരജി തള്ളിയതാണെന്ന കാര്യം ആയിഷ സുല്‍ത്താനക്ക് അറിയാവുന്നതാണ്. എന്നിട്ടും അറിഞ്ഞുകൊണ്ട് അവര്‍ അസത്യ പ്രചാരണം നടത്തുകയാണ്. യുവമോര്‍ച്ചാ സംസ്ഥാന സെക്രട്ടറി പറയുന്നു

മതസാമൂഹിക സ്പര്‍ധ വളര്‍ത്തുന്നതിനായും, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ തകര്‍ക്കുന്നതിനായും, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായുമാണ് സംവിധായിക ഇത്തരത്തിലെ പ്രസ്താവന നടത്തിയതെന്ന് ബി.ജി വിഷ്ണു ആരോപിച്ചു. ചര്‍ച്ചയുടെ വീഡിയോ ക്ലിപ്പിന്റെ ലിങ്കും യുവമോര്‍ച്ചാ നേതാവ് നല്‍കിയിട്ടുണ്ട്.

 

Latest News