Sorry, you need to enable JavaScript to visit this website.

കൊടകര കുഴൽപ്പണക്കേസ്; പോലീസുകാർ പ്രതികൾക്ക് വിവരം ചോർത്തി

തൃശൂർ - കൊടകര കുഴൽപ്പണ കേസ് അന്വേഷിക്കുന്ന പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിലെ രണ്ടു പേർ അന്വേഷണ വിവരം പ്രതികൾക്ക് ചോർത്തിക്കൊടുത്തതായി സംശയം. അന്വേഷണസംഘം കണ്ണൂരിലേക്ക് റെയ്ഡിന് പോകുന്ന വിവരം പ്രതികൾക്ക് ചോർത്തിക്കൊടുത്തുവെന്ന് സംശയിക്കുന്ന സംഘത്തിലെ രണ്ടു പേർക്കെതിരെ നടപടി സ്വീകരിക്കാൻ സാധ്യതയേറി. ഇതു സംബന്ധിച്ച വിശദാംശങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്. സംശയത്തിന്റെ നിഴലിലുള്ള പോലീസുദ്യോഗസ്ഥരുടെ ഫോൺ കോൾ ഡീറ്റെയിൽസ് പരിശോധിക്കുന്നുണ്ട്. പ്രത്യേക അന്വേഷണസംഘം കോഴിക്കോട്ടേക്കും കണ്ണൂരിലേക്കും റെയ്ഡിന് പോകുന്ന വിവരം ആ ജില്ലകളിലെ പോലീസുകാരെ അന്വേഷണസംഘത്തിലെ രണ്ടു പേർ നേരത്തെ അറിയിച്ചുവെന്നാണ് സൂചന. രണ്ടു ജില്ലകളിലും നടത്തിയ റെയ്ഡിൽ ഒന്നും കണ്ടെത്താനോ ആരെയും പിടികൂടാനോ സാധിച്ചില്ല. വളരെ രഹസ്യമായി നടത്തിയ റെയ്ഡായിട്ടു പോലും പ്രതികൾ സമർത്ഥമായി രക്ഷപ്പെട്ടതോടെയാണ് റെയ്ഡ് വിവരം ചോർന്നെന്ന സംശയമുണർന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒറ്റ് മനസിലായത്.
ഇതിനു മുൻപും ഇത്തരത്തിൽ ഒറ്റു നടന്നിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഈ ഉദ്യോഗസ്ഥരെ സംഘത്തിൽ നിന്നും മാറ്റി നടപടിയെടുക്കാനാണ് തീരുമാനം. അതേസമയം റെയ്ഡിന് തൃശൂരിൽ നിന്നും പ്രത്യേക അന്വേഷണസംഘം എത്തുന്നുവെന്ന വിവരമറിഞ്ഞ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ഏതെങ്കിലും ഉദ്യോഗസ്ഥരാണോ റെയ്ഡ് വിവരം പ്രതികൾക്ക് ചോർത്തിയതെന്നും അന്വേഷിക്കുന്നുണ്ട്.
 

Latest News