റിയാദ്- സൗദിയിലെ വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുന്നു. ബിരുദദാന ചടങ്ങിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അനുമതി. രാജ്യത്തെ സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെടെ എല്ലാ വിദ്യാലയങ്ങളിലും ബിരുദദാന ചടങ്ങുകൾ സംഘടിപ്പിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അനുമതി നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കൊറോണ വ്യാപനം തടയുന്ന പ്രോട്ടോകോളുകൾ പാലിച്ചാണ് ചടങ്ങുകൾ സംഘടിപ്പിക്കേണ്ടത്. ബിരുദദാന ചടങ്ങിന്റെ സന്തോഷവും ആഹ്ലാദവും വിദ്യാർഥികൾക്ക് നൽകാനും ഇതിൽ പങ്കാളികളാകാൻ കുടുംബാംഗങ്ങൾക്ക് അവസരമൊരുക്കാനും ആഗ്രഹിച്ചാണ് ബിരുദദാന ചടങ്ങുകൾ സംഘടിപ്പിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ വാക്‌സിൻ സ്വീകരിച്ചവരായിരിക്കണമെന്ന് പ്രോട്ടോകോൾ അനുശാസിക്കുന്നു. പരിപാടികളിൽ പങ്കെടുക്കുന്ന ബിരുദധാരികളുടെ കുടുംബാംഗങ്ങൾ പതിനെട്ടിൽ കൂടുതൽ പ്രായമുള്ളവരും വാക്‌സിൻ സ്വീകരിച്ചവരുമായിരിക്കണം. ഓരോ ബിരുദധാരിയുടെയും രണ്ടു കുടുംബാംഗങ്ങൾക്കു മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതിയുണ്ടാവുക. ക്ഷണിതാക്കളുമായുള്ള സമ്പർക്കം ഒഴിവാക്കാൻ പ്രത്യേക ട്രാക്കിലൂടെയാണ് വിദ്യാർഥിയെ ആദരിക്കുക. ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവരും തവക്കൽനാ ആപ്പ് പ്രദർശിപ്പിക്കണം. കൂടാതെ പരിപാടിയിലേക്ക് ഇലക്‌ട്രോണിക് രീതിയിലാണ് ആളുകളെ ക്ഷണിക്കേണ്ടതെന്നും ഒരു ആഘോഷ ചടങ്ങ് അര മണിക്കൂറിൽ കവിയാൻ പാടില്ലെന്നും വ്യവസ്ഥകളുണ്ട്. സുരക്ഷാ മാർഗനിർദേശങ്ങളും സാമൂഹിക അകലവം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ പേരെയും സംഘാടകരെയും നിരന്തരം ഉണർത്തണമെന്നും പ്രോട്ടോകോൾ ആവശ്യപ്പെടുന്നു.