Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എൻജിനീയറിംഗിന് ഇടവേള; അനീഷിന് വാഴകൃഷിയിൽ വിജയഗാഥ

അനീഷ് ജോയി തന്റെ വാഴത്തോട്ടത്തിൽ.

നിലമ്പൂർ - ഓട്ടോമൊബൈൽ എൻജിനീയറിംഗ് രംഗത്തു നേടിയ അറിവുകൾക്കു തൽക്കാലം ഇടവേള നൽകിയപ്പോൾ അനീഷ് ജോയി എന്ന ചെറുപ്പക്കാരൻ കൃഷിതോട്ടത്തിൽ നേടിയെടുത്തതു നൂറുമേനിയുടെ വിജയഗാഥ. മലപ്പുറം ജില്ലയിലെ ചാലിയാർ പഞ്ചായത്തിലെ തോട്ടപ്പള്ളി കൊങ്ങോല വീട്ടിൽ അനീഷ് ജോയി (32) എന്ന ഓട്ടോമൊബൈൽ എൻജിനീയറിംഗ് ഡിപ്ലോമക്കാരനാണ് വാഴകൃഷിയിൽ നേട്ടങ്ങൾ കൊയ്യുന്നത്. കഴിഞ്ഞ 13 വർഷമായി അനീഷ് കർഷകന്റെ കുപ്പായമിട്ട് നേന്ത്രവാഴ കൃഷിയിലാണ്. പ്രോസസ് കൺട്രോൾ ഇൻസ്ട്രുമെന്റേഷനിൽ ഡിപ്ലോമയും ഐഎൽടിസിയും പാസായ ഈ ബിരുദധാരി കുറച്ചു കാലം പഞ്ചാബിൽ ജോലി ചെയ്തിരുന്നു. പിന്നീട് കാനഡയിൽ ജോലിക്ക് പോകാൻ ശ്രമിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഉദ്ദേശിച്ച സമയത്ത് യാത്ര നടന്നില്ല. അതോടെ സ്ഥലം പാട്ടത്തിനെടുത്ത് സ്വന്തമായി നേന്ത്രവാഴ കൃഷിയിലേക്കു തിരിയുകയായിരുന്നു.


നട്ടുവളർത്തിയ 7000 നേന്ത്രവാഴകൾ വിളവെടുക്കാനുള്ള സമയമായി ഇപ്പോൾ. 15 മുതൽ 20 കിലോ വരെ തൂക്കമുള്ള കുലകളാണിവ. 
അനീഷിന്റെ മാതാപിതാക്കളായ ജോയിയും ഏലിയാമ്മയും മികച്ച കർഷകരാണ്. ഇവരിൽ നിന്നാണ് കൃഷിയിൽ താൽപര്യം വളർന്നത്. ചെറുപ്രായത്തിൽ തന്നെ കൃഷിയിൽ മാതാപിതാക്കളെ സഹായിച്ചു തുടങ്ങിയ ആത്മബലമാണ്, കൃഷിയാണ് തന്റെ ഇടം എന്നു മനസിലാക്കി ഇറങ്ങാൻ ധൈര്യം നൽകിയതെന്നും അനീഷ് പറയുന്നു. 1970 കളുടെ തുടക്കത്തിലാണ് അനീഷിന്റെ മാതാപിതാക്കൾ ചാലിയാർ പഞ്ചായത്തിലെ തോട്ടുപള്ളിയിലെത്തി കൃഷി തുടങ്ങിയത്.
മണ്ണിൽ മനസ്സർപ്പിച്ച് പണിയെടുത്താൽ മണ്ണ് അതിനു പ്രതിഫലം നൽകുമെന്നും അനീഷിന്റെ അനുഭവ സാക്ഷ്യം. കൃഷിയിൽനിന്നു ലഭിച്ചവരുമാനം കൊണ്ടു അനീഷ് സ്വന്തമായി 46 സെന്റ്  സ്ഥലം വാങ്ങി. അവിടെ വീടുവയ്ക്കാനുള്ള തയാറെടുപ്പിലാണ്. വാഴകൃഷിക്കൊപ്പം കോഴിഫാമും നടത്തുന്നുണ്ട്. 


കർഷകരാണ് അന്നം നൽകുന്നതെങ്കിലും കർഷകരെ മുഖ്യധാരയിൽ കാണാനുള്ള മനസ്സ് പലർക്കും നഷ്ടമായിരിക്കുന്നുവെന്ന് അനീഷ് പറയുന്നു. വിവാഹ ആലോചനകളിൽ പോലും കർഷകനു പരിഗണന ലഭിക്കുന്നില്ല. മണ്ണ് നൽകുന്ന സംതൃപ്തി ഒന്ന് വേറെ തന്നെയാണ്. നമ്മൾ നട്ടുപിടിപ്പിക്കുന്ന കൃഷികൾ നൽകുന്ന സന്തോഷമാണ് കൃഷിയിൽ തുടരാൻ പ്രചോദനമാകുന്നത്. കൃഷികൾ പലതും വിളവെടുക്കുന്ന സമയങ്ങളിൽ ന്യായവില ലഭിക്കാത്തതു  കർഷകർക്ക് വലിയ തിരിച്ചടിയാണ്. ന്യായവില ഉറപ്പാക്കാൻ സർക്കാരുകൾ തയാറാകണം. യുവജനങ്ങളെ കൃഷിയിടങ്ങളിലേക്കു കൊണ്ടുവരണം. ഇതു തൊഴിലില്ലായ്മക്കും പരിഹാരമാകും. കൃഷിയിൽ തുടരാൻ തന്നെയാണ് അനീഷിന്റെ തീരുമാനം. സർക്കാർ ജോലിയിൽ നിന്നു ലഭിക്കുന്ന വലിയ തുക ചിലപ്പോൾ കൃഷിയിൽ നിന്നു ലഭിച്ചെന്നു വരില്ല. എന്നാൽ കൃഷി നൽകുന്ന സംതൃപ്തി മറ്റൊരു മേഖലയിൽ നിന്നു ലഭിക്കില്ലെന്നും അനീഷ് ജോയി പറഞ്ഞു.

Latest News