റിയാദ് - സൗദിയിലേക്ക് തിരിച്ചുവരാൻ സാധിക്കാതെ വിദേശങ്ങളിൽ കുടുങ്ങിയവരുടെ ഇഖാമ, റീ-എൻട്രി വിസ, വിസിറ്റ് വിസ കാലാവധികൾ ഫീസുകളും ലെവിയും കൂടാതെ ജൂലൈ 31 വരെ ദീർഘിപ്പിപ്പിക്കുന്നത് പ്രവാസികൾക്ക് വൻ ആശ്വാസമായി. ഈ മാസം എങ്കിലും വിമാന സർവീസുകൾ സാധാരണ നിലയിലാകും എന്ന് കരുതി തിരിച്ചുവരാനിരിക്കുന്ന പ്രവാസികൾ നിലവിൽ നിരാശയിലാണെങ്കിലും കാലാവധി ദീർഘിപ്പിക്കുന്നത് ആശ്വാസം നൽകുന്നതാണ്. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ നിർദേശാനുസരണമാണ് വിദേശങ്ങളിൽ കുടുങ്ങിയവരുടെ ഇഖാമ, റീ-എൻട്രി വിസ, വിസിറ്റ് വിസ കാലാവധികൾ സൗജന്യമായി ഓട്ടോമാറ്റിക് രീതിയിൽ ദീർഘിപ്പിച്ചു നൽകുന്നത്.
കൊറോണ മഹാമാരി പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യാൻ സൗദി ഗവൺമെന്റ് തുടരുന്ന ശ്രമങ്ങളുടെ ഭാഗമായും സൗദി പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്ന മുൻകരുതൽ, പ്രതിരോധ നടപടികളുടെ ഭാഗമായുമാണ് ഇഖാമ, റീ-എൻട്രി വിസ, വിസിറ്റ് വിസ കാലാവധികൾ സൗജന്യമായി ദീർഘിപ്പിച്ചു നൽകുന്നത്. ഗുണഭോക്താക്കൾക്കു മേലുള്ള സാമ്പത്തിക, ധന പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ ഇത് സഹായിക്കും.
ഇഖാമയും റീ-എൻട്രി വിസയും വിസിറ്റ് വിസയും നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് ഓട്ടോമാറ്റിക് രീതിയിലാണ് ദീർഘിപ്പിച്ചു നൽകുക. ഇതിന് ജവാസാത്ത് ഡയറക്ടറേറ്റുകളെ സമീപിക്കേണ്ടതില്ല. കൊറോണ വ്യാപനം മൂലം സൗദിയിലേക്ക് വരുന്നതിന് താൽക്കാലികമായി വിലക്കേർപ്പെടുത്തിയ രാജ്യങ്ങളിൽ കുടുങ്ങിയ വിദേശികളുടെ ഇഖാമയും റീ-എൻട്രിയും ഈ രാജ്യങ്ങളിലുള്ള വിസിറ്റ് വിസക്കാരുടെ വിസാ കാലാവധിയുമാണ് ജൂലൈ 31 വരെ സൗജന്യമായി ദീർഘിപ്പിച്ചു നൽകുക. ഫെബ്രുവരി രണ്ടിന് പ്രഖ്യാപിച്ചതു പ്രകാരം കൊറോണ വ്യാപനം മൂലം സൗദിയിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തിയ ഇരുപതു രാജ്യങ്ങളിൽ നിന്നുള്ളവർക്കു മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുകയെന്നും ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.