Sorry, you need to enable JavaScript to visit this website.

സന്ദർശകാ വരൂ,  ദീസ വിളിക്കുന്നു 

വൈവിധ്യമാർന്ന കാഴ്ചകളുടെ കലവറയാണ് സൗദി അറേബ്യ. രാജ്യത്തിന്റെ വിനോദ സഞ്ചാര സാധ്യതകൾ കണക്കിലെടുത്ത് പുത്തൻ പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുകയാണ് ഭരണാധികാരികൾ. മരുഭൂ രാജ്യമെന്ന കാഴ്ചപ്പാടെല്ലാം മാറ്റാനുള്ള സമയമായി. വിഷൻ 2030 എന്ന നൂതന പദ്ധതിയിൽ ഏറ്റവും പ്രാധാന്യം നൽകുന്നത് ടൂറിസത്തിനാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ വരവേൽക്കുന്നതിലൂടെ ടൂറിസം തൊഴിൽ സാധ്യതകളുടെ അക്ഷയ ഖനിയായി മാറും. അൽ ദീസയിലെ കാഴ്ചകൾ ബോളിവുഡിലെ സൂപ്പർ ഹിറ്റ് മൂവികളിലൂടെ അഫ്ഗാനിസ്ഥാനിലും മറ്റുമുള്ള ലൊക്കേഷനുകളെ നമ്മെ ഓർമപ്പെടുത്തും.

അതേ, സൗദി അനുദിനം മുന്നേറുകയാണ്, വിനോദ സഞ്ചാര മേഖലയിലാണ് കുതിപ്പ് ഏറെയും പ്രകടമാവുന്നത്. 
കിരീടാവകാശി  മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ  പുതിയ ടൂറിസം പദ്ധതികളായ  നിയോം-ചെങ്കടൽ, അമാല-അൽ-ഉല എന്നീ സ്വപ്‌ന നഗര വികസന പദ്ധതികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന അൽ ദീസ, 'നിയോം പ്രോജക്റ്റി'ന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതിദത്ത കേന്ദ്രങ്ങളിലൊന്നാണ്. സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ പ്രദേശമായ തബൂക്ക് പ്രവിശ്യയുടെ  തെക്ക് സ്ഥിതി ചെയ്യുന്ന അൽ ദീസ എന്ന പുരാതന  ഗ്രാമത്തിനടുത്താണ്  25 കിലോമീറ്ററോളം നീളമുള്ള ഖരാക്കർ വാലി എന്ന  എന്ന കൂറ്റൻ മലയിടുക്ക് സ്ഥിതി ചെയ്യുന്നത്. 1,750 മീറ്ററോളം ഉയരത്തിൽ ആകാശത്തേക്ക് ഉയർന്നു നിൽക്കുന്ന ഖരാക്കർ മലനിരകൾക്കിടയിലുള്ള മനോഹരമായ ഒരു പർവത പ്രദേശമാണ്  ''ഈത്തപ്പനകളുടെ താഴ്‌വര'' എന്നർത്ഥം വരുന്ന വാദി അൽദീസ.


മുഹമ്മദ് ബിൻ സൽമാൻ നാച്ചുറൽ റിസർവിന്റെ വടക്കുപടിഞ്ഞാറൻ ഭാഗവുമായും തബൂക്കിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗവുമായും അതിർത്തി പങ്കിട്ടുകൊണ്ടാണ് വാദി അൽ ദീസ എന്ന പ്രകൃതിയുടെ ഈ വശ്യ വിസ്മയം സ്ഥിതി ചെയ്യുന്നത്. തബൂക്ക് പ്രവിശ്യയിലെ അതിപുരാതന അഗ്‌നി പർവത പ്രദേശമായ  ഹരത് അർ-റഹയുടെ പടിഞ്ഞാറൻ ചെരിവിലുള്ള താഴ്‌വരകളുടെ സങ്കീർണമായ ഒരു പർവത പരമ്പരയാണിത്. 200-250 മീറ്റർ ഉയരമുള്ള പർവത ശിഖരങ്ങളിൽ മിക്കതും ആളുകൾ ചെന്നെത്താത്തതോ പര്യവേക്ഷണം ചെയ്യപ്പെടാത്തതോ ആണ്. ഭൂമിയിൽ പ്രകൃതി സൃഷ്ടിച്ച ഒരു ഭീമാകാരമായ വിള്ളൽ പോലെയാണ്  പർവതത്തിനു മുകളിൽ നിന്നും താഴ്‌വരയിലേക്കുള്ള  കാഴ്ച. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 400 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം  പർവതാരോഹകരുടെയും പര്യവേക്ഷകരുടെയും  പറുദീസയാണ്.


തബൂക്ക് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതിദത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇവിടം.
പടുകൂറ്റൻ പർവതങ്ങളും ശുദ്ധജല ഉറവകളും ശാന്തമായൊഴുകുന്ന കൊച്ചരുവികളും ഈത്തപ്പന തോട്ടങ്ങളുമാണ് അൽ ദീസ താഴ്‌വരയെ സമ്പുഷ്ടമാക്കുന്നത്. ഇതിന്റെ ഭീമാകാരവും വർണ വൈവിധ്യമാർന്ന ഭൂപ്രകൃതിയുമാണ് ഈ താഴ്‌വരയെ വിനോദ സഞ്ചാരികൾക്കിടയിൽ ഏറ്റവും പ്രശസ്തമാക്കുന്നത്. 


ചെങ്കുത്തായ പർവതങ്ങൾക്കിടയിൽ ഇടതൂർന്നു വളരുന്ന ഈത്തപ്പനകളും  വിവിധ സസ്യങ്ങളും കൊണ്ട് സമ്പന്നമായ താഴ്‌വരയിൽ ആധിപത്യം പുലർത്തുന്ന വന്യമായ ശാന്തതയാണ് ദീസയിലെ ഏറ്റവും മികച്ച പ്രത്യേകത. പർവത രൂപങ്ങളുടെയും പാറക്കെട്ടുകളുടെയും വൈവിധ്യവും ശുദ്ധജല ഉറവകളുടെ ലഭ്യതയും അവയ്ക്കിടയിലൂടെ വാഹനമോടിക്കാനുള്ള സാധ്യതയും അറേബ്യൻ മരുഭൂമിയിലെ മറ്റു പ്രദേശങ്ങളിൽ നിന്നും ദീസയെ സഞ്ചാരികളുടെ പറുദീസയാക്കി മാറ്റി.  മരുപ്പച്ചക്ക് ചുറ്റുമുള്ള മനോഹരവും സവിശേഷവുമായ പർവതങ്ങളും അവയിൽ നിന്നൊഴുകുന്ന ഉറവകളുമാണ് പ്രദേശത്തെ കൂടുതൽ ആകർഷകമാക്കുന്നത്.  കൂടാതെ പുരാതന കാലത്തെ നബ്തിയൻ ശവകുടീരങ്ങളുടെ മുൻഭാഗങ്ങൾ, കുഫിക് ലിപിയിലെ നബ്തിയൻ, അറബി രചനകൾ അടങ്ങിയ മതിലുകളുടെ അവശിഷ്ടങ്ങൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള പെട്രോഗ്ലിഫിക് രചന, മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപങ്ങൾ, ഫോസിൽ ഗുഹകൾ എന്നിവ പോലുള്ള നിരവധി പുരാവസ്തു കേന്ദ്രങ്ങളും ഈ പ്രദേശത്ത് ഉൾപ്പെടുന്നു.  താഴ്‌വരയിലെ നബ്തിയൻ ശവകുടീരങ്ങളുടെ  മുൻഭാഗവും പാറകൾ തുരന്നുണ്ടാക്കിയ ശവകുടീരങ്ങളും അതിന്റെ ഭംഗി കൂട്ടുന്നു, കൂടാതെ മറ്റു പുരാവസ്തു സ്ഥലങ്ങൾക്കൊപ്പം പഴയ കാലത്തെ ജനവാസ കേന്ദ്രങ്ങളുടെ  അവശിഷ്ടങ്ങളായ അൽ-മുഷൈറഫ്, അൽ-സുഖ്‌ന, അൽ-മസ്‌കൂന എന്നിവയും ഇവയിൽ ഉൾപ്പെടുന്നു.


താഴ്‌വരയുടെ ഓരം ചേർന്ന് നീണ്ടുകിടക്കുന്ന ചുവന്ന പർവതങ്ങൾക്കിടയിൽ ബ്ലൂ ഐ എന്നറിയപ്പെടുന്ന ഒരു പ്രദേശമുണ്ട്.  അതിലൂടെ വിവിധ ഉറവകളിൽ നിന്നുള്ള വെള്ളം ഒഴുകുന്നു. ഇവിടേക്ക്  എത്തിച്ചേരാൻ രണ്ടു വഴികളാണുള്ളത്. പ്രധാന കവാടം തബൂക്ക് നഗരത്തിൽ നിന്ന് 250 കിലോമീറ്റർ അകലെയാണ്. ആദ്യം പടിഞ്ഞാറൻ ഭാഗത്ത് നിന്ന് ചെങ്കടൽ പട്ടണമായ ദുബ വഴി അൽ ദീസ ഗ്രാമത്തിലേക്ക് ഡ്രൈവ് ചെയ്യേണ്ടതുണ്ട്, തുടർന്ന് പ്രവേശന കവാടത്തിലേക്കുള്ള വഴിയിലൂടെ കുറച്ചുകൂടി സഞ്ചരിക്കണം. ഡ്രൈവ് ഏകദേശം മൂന്നു മണിക്കൂർ എടുക്കും. സാധാരണ വാഹനങ്ങളാണെങ്കിൽ താഴ്‌വരയുടെ തുടക്കത്തിൽ പാർക്ക് ചെയ്ത് മലയിടുക്കിലൂടെ കാൽനടയായി സഞ്ചരിക്കാം. 4ഃ4 വാഹനങ്ങളുണ്ടെങ്കിൽ അതുമായി താഴ്‌വരയുടെ മറുകവാടം വരെ പോകാം. രണ്ടാമത്തെ പ്രവേശന കവാടം തബൂക്കിനോട് ചേർന്ന് ഏകദേശം 115 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. എന്നാൽ  4ഃ4 വാഹനമില്ലെങ്കിൽ താഴ്‌വരയുടെ മറുവശത്തേക്ക് പോകാൻ കഴിയില്ല അതിനാൽ ആ ഒരു വശം മാത്രമേ ഒരു വഴിയിലൂടെ സഞ്ചരിച്ചാൽ സന്ദർശിക്കാനാകൂ. ഏറ്റവും കൂടുതൽ സഞ്ചാരികൾ വരുന്നതും ആകർഷണീയമായതും ആദ്യത്തെ കവാടമാണ്.


പടിഞ്ഞാറ് ഭാഗത്ത് നിന്ന് താരതമ്യേന വീതിയുള്ള താഴ്‌വരയുടെ പ്രവേശന കവാടത്തിലാണ് ഫാമുകൾക്ക് പേരുകേട്ട ദീസ ഗ്രാമം സ്ഥിതിചെയ്യുന്നത്, താഴ്‌വര കിഴക്കോട്ട് ഇടുങ്ങിയതാണ്. താഴ്‌വരയിലെ അരുവികളിൽ നിന്നും വെള്ളം ഒഴുകുന്ന വഴികളിലൂടെ കാട്ടു സുഗന്ധമുള്ള സസ്യങ്ങളായ കാട്ടുതുളസി, ചിലതരം പുതീന എന്നിവ കാണാം. കൂടാതെ ഈത്തപ്പന, പഴം, പച്ചക്കറി കൃഷിയിടങ്ങളിലേക്കുള്ള ജലസേചനവും ഈ അരുവികളിൽ നിന്നാണ്. കാലാവസ്ഥ വർഷം മുഴുവനും മിതമായതിനാൽ ഉയർന്ന നിലവാരമുള്ള മാമ്പഴം, പലയിനം വാഴകൾ എന്നിവ ഉൾപ്പെടെ മികച്ച പച്ചക്കറികളും പഴങ്ങളും ഉൽപാദിപ്പിക്കുന്ന ഒരു കാർഷിക മേഖല കൂടിയാണ് ദീസ.  ദീസ  എന്ന കൊച്ചു പട്ടണത്തിലെ പച്ചക്കറിത്തോട്ടങ്ങൾക്കും ഫാമുകൾക്കും ഇടയിലൂടെയാണ് പ്രദേശത്തേക്കുള്ള വഴി കടന്നു പോകുന്നത്.

മിക്ക തോട്ടങ്ങളുടെയും പുറത്തു പഴങ്ങളും പച്ചക്കറികളും വിൽക്കാൻ വെച്ചിരിക്കുന്നതു കാണാം. തോട്ടമുടമകളുടെ അനുമതിയോടെ തോട്ടങ്ങളിൽ പ്രവേശിക്കാനും വിശ്രമിക്കാനും കഴിയും. ആഫ്രിക്കൻ വംശജരായ ആളുകളാണ് തോട്ടം നടത്തിപ്പുകാരിലേറെയും . ഫാമുകൾക്കിടയിലൂടെയുള്ള വഴി ചെന്നവസാനിക്കുന്നത്  ചെങ്കല്ലിൽ തീർത്ത കൊട്ടാരങ്ങൾക്കു സമാനമായ പർവതങ്ങൾക്കിടയിലേക്കാണ്. 450 മുതൽ 1750 മീറ്റർ വരെ ഉയരത്തിൽ തൂക്കിയിട്ട പോലെ കീഴക്കാം തൂക്കായാണ് പർവതങ്ങളുടെ കിടപ്പ്. താഴ്‌വരയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ് ഇത്. സായാഹ്‌ന സമയത്ത് അസ്തമയ സൂര്യന്റെ ചുവന്ന രശ്മികൾ കൂടി പതിക്കുന്നതോടെ ദീസയുടെ മലഞ്ചെരിവുകൾ കൂടുതൽ മനോഹരമാകും.
അറേബ്യൻ മരുഭൂമിയിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട ചില ക്യാമ്പിംഗ് ഇടങ്ങളിൽ ഒന്നാണ് ഖരാക്കിർ വാലി. ഏറ്റവും വ്യത്യസ്തമായ ക്യാമ്പിംഗ് അനുഭവങ്ങൾ ഇത് പ്രദാനം ചെയ്യുന്നു. ക്യാമ്പിംഗ് കൂടാരം താഴ്‌വരയിലെവിടെയും സജ്ജമാക്കി താഴ്‌വരയുടെ ശാന്തത ആസ്വദിക്കാം.


സായാഹ്ന ബാർബിക്യൂകളും ലക്ഷക്കണക്കിന് നക്ഷത്രങ്ങളുടെ വ്യക്തമായ കാഴ്ചയും സഞ്ചാരികൾക്കു പ്രധാനം ചെയ്തുകൊണ്ട് ഖരാക്കിർ വാലി രാത്രിയിൽ ഒരു ശൈത്യകാല വണ്ടർ ലാൻഡ് ആയി മാറുന്ന കാഴ്ച അതിമനോഹരമാണ്. നിലാവുള്ള രാത്രികളിൽ ദീസയുടെ ഭീമൻ മലഞ്ചെരിവുകൾക്കിടയിലെ ക്യാമ്പിംഗ് ഒരു  ''ജുറാസിക് പാർക്ക്'' അനുഭവം പ്രദാനം ചെയ്യുന്നു. 
എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയാതിരുന്ന താഴ്‌വരയുടെ പ്രവേശന കവാടത്തിലേക്ക് നയിക്കുന്ന രണ്ട് റോഡുകൾ അടുത്തിടെ നിർമിച്ചതിനെത്തുടർന്നാണ് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള സന്ദർശകരെ ഈ താഴ്‌വരയിലേക്ക് കൂടുതൽ ആകർഷിക്കാൻ തുടങ്ങിയത്. ഭാവിയിൽ കൂടുതൽ സന്ദർശകരെ സ്വീകരിക്കുന്നതിനായി സൗദി സർക്കാർ നിലവിൽ ഈ മേഖലയിൽ ഒരു വികസന പദ്ധതിക്കായി പ്രവർത്തിക്കുന്നു. അതുല്യമായ ജലധാരകൾ, സമൃദ്ധമായ ഈത്തപ്പനകൾ, പപ്പൈറസ്, മൈലാഞ്ചി, ഒലിയാൻഡർ, കുറ്റിച്ചെടികൾ എന്നിവ താഴ്‌വരയെ സമൃദ്ധമാക്കുകയും അവ ഭൂപ്രദേശങ്ങളെയും കാഴ്ചകളെയും വൈവിധ്യമാക്കുകയും ചെയ്യുന്നതുകൊണ്ടായിരിക്കാം ഈ പ്രദേശം സൗദി ടൂറിസം അതോറിറ്റി വികസന പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുത്തത്.


നിലവിൽ ആഭ്യന്തര വിനോദ സഞ്ചാരികൾ മാത്രമാണ് സന്ദർശകരിലേറെയും. സൗദി വിഷൻ 2030 ന്റെ നിർദേശങ്ങൾക്കനുസൃതമായി നിയോം-ചെങ്കടൽ പദ്ധതികളുടെ പൂർത്തീകരണത്തോടെ ഇവിടേക്കുള്ള  വിദേശ സഞ്ചാരികളുടെ യാത്രാ മാർഗം കൂടുതൽ സുഗമമായിത്തീരും. തബൂക്ക് നഗരത്തിന് 250 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന ദീസ  സൗദിയുടെ ടൂറിസം ഭൂപടത്തിൽ സുപ്രധാന  ലക്ഷ്യസ്ഥാനമായി  മാറുകയും ചെയ്യും.  

Latest News