Sorry, you need to enable JavaScript to visit this website.

ജൂലൈ 31വരെ  ട്രോളിംഗ് നിരോധനം,  മത്സ്യ തൊഴിലാളികള്‍ക്ക് ദുരിതകാലം 

എലത്തൂര്‍- കേരളത്തില്‍  ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. സംസ്ഥാനത്ത് 52 ദിവസത്തേക്കുള്ള നിരോധനം ജൂലൈ 31ന് അവസാനിക്കും. ഈ കാലയളവില്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ ഒന്നുംതന്നെ കടലില്‍ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ട്രോളിംഗ് നിരോധനം തൊഴിലാളികളെ കൂടുതല്‍ ആശങ്കയിലാക്കുകയാണ്. പ്രതിസന്ധി കാലത്ത് സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.
പരമ്പരാഗത വള്ളങ്ങളില്‍ പോയി മീന്‍ പിടിക്കുന്നവര്‍ക്ക് വിലക്കില്ല. സര്‍ക്കാര്‍ ഇന്ധന സബ്‌സിഡി നല്‍കിയില്ലെങ്കില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് ബോട്ടുടമകളുടെ പക്ഷം. ഓരോ സീസണിലും നാല് ലക്ഷത്തോളം രൂപ മുടക്കിയാണ് ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. പണമില്ലാത്തതിനാല്‍ പണികള്‍ ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷ ഉടമകള്‍ക്കില്ല. രണ്ട് മാസത്തോളം പണിയില്ലാതാകുമ്പോള്‍ കൂടുതല്‍ കടം വാങ്ങേണ്ടി വരുമോയെന്നാണ് ഇവരുടെ ആശങ്ക. ബോട്ടില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ മാത്രമല്ല, മറ്റ് അനുബന്ധ ജോലികള്‍ ചെയ്യുന്നവര്‍ക്കും ഇനി വറുതിയുടെ കാലമാണ്. കൊവിഡ് പ്രതിസന്ധി, ഡീസല്‍ വിലക്കയറ്റം എന്നിവയില്‍ മത്സ്യത്തൊഴിലാളികള്‍ നട്ടം തിരിയുമ്പോഴാണ് ട്രോളിംഗ് നിരോധനം കൂടി എത്തുന്നത്.
 

Latest News