റിയാദ്- പുതുവത്സരദിനത്തിൽ വാറ്റ്, ലെവി എന്നിവ ഏർപ്പെടുത്തുന്നതിനൊപ്പം പെട്രോളിനും വില വർധിപ്പിച്ചു. 91 പെട്രോളിന്റെ പുതിയ വില ഒരു റിയാലും 37 ഹലലയുമാണ്. നിലവിൽ ഇതിന്റെ വില 75 ഹലലയായിരുന്നു. 95 പെട്രോളിന്റെ വില രണ്ട് റിയാലും നാല് ഹലലയു(2.04)മാക്കി. 90 ഹലലയായിരുന്നു പഴയ നിരക്ക്. വാറ്റ് അടക്കമാണ് പുതിയ നിരക്ക്. പെട്രോളിനും ഡീസലിനും അഞ്ചുശതമാനം വാറ്റ് നടപ്പാക്കുമെന്നതിനാൽ ഇന്നലെ വൈകീട്ട് മുതൽ പെട്രോൾ പമ്പുകളിൽ വൻതിരക്ക് അനുഭവപ്പെട്ടു. ഇതിന് പുറമെയാണ് തുക വർധിപ്പിച്ചത്. വാണിജ്യമന്ത്രാലയമാണ് നിരക്കുകൾ വർധിപ്പിച്ച കാര്യം അറിയിച്ചത്. ഡീസൽ, മണ്ണെണ്ണ നിരക്കുകളിൽ മാറ്റമില്ല. ഇവയും അടുത്തുതന്നെ വർധിപ്പിക്കുമെന്നാണ് സൂചന. നിലവിൽ ഡീസലിന് 47 ഹലലയും മണ്ണെണ്ണക്ക് 64 ഹലലയുമാണ്.
വൈദ്യുതി നിരക്കിലും ജനുവരി ഒന്നു മുതൽ വർധനവുണ്ട്. ഇലക്ട്രിസിറ്റി ചാർജ് വർധനവിനുള്ള നടപടികൾ പൂർത്തിയാക്കിയതായി ഇലക്ട്രിസിറ്റി ആൻഡ് കോജനറേഷൻ റഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഗാർഹിക ഉപയോക്താക്കൾക്ക് യൂണിറ്റ് ഒന്നു മുതൽ 6000 വരെ 18 ഹലലയും അതിന് മുകളിൽ 30 ഹലലയുമാണ് ഇന്നു മുതൽ ചാർജ് ഈടാക്കുക. വ്യാപാര മേഖലയിൽ ഇത് 20 ഹലലയും 30 ഹലലയുമാണ്. എന്നാൽ വൈദ്യുതി ചാർജിൽ വ്യവസായ മേഖലക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നത്. എത്ര ഉപയോഗിച്ചാലും 18 ഹലല മാത്രമേ യൂണിറ്റിന് ഈടാക്കുകയുള്ളൂ. നേരത്തെ ഇത് 30 ഹലല വരെയായിരുന്നു.
അതേസമയം, വാറ്റ് നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിന് വേണ്ടി ശക്തമായ പരിശോധനകൾ ഇന്ന് മുതൽ തുടങ്ങും. 18 സർക്കാർ വകുപ്പുകൾ സംയുക്തമായാണ് ഇന്ന് മുതൽ വാറ്റ് റെയ്ഡിനിറങ്ങുകയെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. അതോടൊപ്പം വിപണിയിൽ കൃത്രിമ വിലക്കയറ്റമുണ്ടായാൽ ശക്തമായി നേരിടുമെന്നും മന്ത്രാലയം പറയുന്നു.
10 ലക്ഷം റിയാൽ വിറ്റുവരവില്ലാത്തതിന്റെ പേരിൽ വാറ്റിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങളെ അടുത്ത വർഷം രജിസ്റ്റർ ചെയ്യിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. സാധനങ്ങൾ വാങ്ങുമ്പോൾ ബില്ലിൽ വാറ്റ് നമ്പർ ചേർത്തിട്ടുണ്ടോയെന്ന് നോക്കണമെന്നും വാറ്റ് നമ്പർ വെബ്‌സൈറ്റ് വഴി ഉറപ്പുവരുത്താൻ സൗകര്യമുണ്ടെന്നും മന്ത്രാലയം അറിയിച്ചു. വാറ്റ് നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ മന്ത്രാലയത്തെ (1900) യോ സക്കാത്ത് അതോറിറ്റി (19993)യെയോ അറിയിക്കാവുന്നതാണ്. മൊബൈൽ റീ ചാർജിനും ടെലിഫോൺ ബില്ലിനും അഞ്ച് ശതമാനം വാറ്റ് നിലവിൽ വന്നു.
മൂല്യവർധിത നികുതിയും വിദേശികൾക്കുള്ള ലെവിയുമടക്കം സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് സൗദി അറേബ്യയിൽ തുടക്കമായി. സന്തുലിത ബജറ്റെന്ന സ്വപ്‌ന പദ്ധതിയിലേക്കുള്ള പ്രയാണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന ഈ പരിഷ്‌കാരങ്ങൾ വഴി രാജ്യത്തിന് സാമ്പത്തിക സുസ്ഥിരത കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഭരണകൂടം. ഒരു വർഷത്തോളം നീണ്ട മുന്നൊരുക്കങ്ങൾക്ക് ശേഷം നടപ്പാക്കുന്ന ഈ സാമ്പത്തിക പരിഷ്‌കാരങ്ങൾ വിപണിയിൽ പെട്ടെന്നുള്ള പ്രതിസന്ധിക്ക് കാരണമാകില്ലെന്നാണ് വിലയിരുത്തൽ.
978 ബില്യൻ റിയാൽ ചെലവും 783 ബില്യൻ റിയാൽ വരവും 195 ബില്യൻ റിയാൽ കമ്മിയും രേഖപ്പെടുത്തിയ ചരിത്ര ബജറ്റുമായാണ് 2018ലേക്ക് സൗദി അറേബ്യ പ്രവേശിക്കുന്നത്. എണ്ണ വരുമാനത്തെ മാത്രം ആശ്രയിച്ചിരുന്ന രാജ്യം എണ്ണേതര വരുമാനങ്ങളിലേക്ക് പൂർണ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇതാദ്യമാണ്. സാമ്പത്തിക പരിഷ്‌കാരങ്ങൾ നേരിട്ടോ അല്ലാതെയോ സൗദി പൗന്മാരെ ബാധിക്കാതിരിക്കാൻ അവർക്ക് സബ്‌സിഡിയിനത്തിൽ പ്രതിമാസം 2.5 ബില്യൻ റിയാൽ നൽകുന്നതിനുള്ള സിറ്റിസൺ എകൗണ്ട് ആരംഭിച്ചത് സ്വദേശികളിലെ ഇടത്തരക്കാർക്കും താഴേതട്ടിലുള്ളവർക്കും ആശ്വാസമേകും.
മൂല്യ വർധിത നികുതിയെന്നറിയപ്പെടുന്ന വാറ്റ് ജനുവരി ഒന്ന് മുതലാണ് നടപ്പാക്കിത്തുടങ്ങുന്നത്. സക്കാത്ത് ആന്റ് ഇൻകം ടാക്‌സിന്റെ നേതൃത്വത്തിൽ സാമ്പത്തിക വിദഗ്ധർ ഒരു വർഷമായി പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ആസൂത്രണം നടത്തിവരികയായിരുന്നു. ഒരു മില്യൻ റിയാൽ വിറ്റുവരവുള്ള തൊണ്ണൂറായിരത്തോളം സ്ഥാപനങ്ങൾ വാറ്റ് രജിസ്‌ട്രേഷൻ പൂർത്തിയാക്കി ഇതിനകം വാറ്റ് നമ്പർ കരസ്ഥമാക്കി. ഇന്നുമുതലുള്ള ബില്ലുകളിലും ഡെലിവറി നോട്ടുകളിലും സ്വന്തം സ്ഥാപനത്തിന്റെയും ഉപഭോക്താവായ സ്ഥാപനത്തിന്റെയും വാറ്റ് നമ്പർ ചേർക്കണമെന്നാണ് വ്യവസ്ഥ. ഇതിനുള്ള പരിശീലനം എല്ലാ കമ്പനികളും സ്ഥാപനങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. നേരത്തെ ഓർഡർ ചെയ്ത് വാറ്റിലുൾപ്പെടുത്താനാവാത്ത എല്ലാ പ്രൊജക്ടുകളും പൂർത്തീകരിക്കുന്ന തിരക്കിലായിരുന്നു ഇന്നലെ സ്ഥാപനങ്ങളെല്ലാം. അതേസമയം വാറ്റിൽ രജിസ്റ്റർ ചെയ്യാനുള്ള യോഗ്യതകളുണ്ടായിട്ടും രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ വൻതുക പിഴയായി ഈടാക്കുമെന്ന് വാറ്റ് അതോറിറ്റി ഇന്നലെ വീണ്ടും മുന്നറിയിപ്പ് നൽകി.
കമ്പനികളിലും സ്ഥാപനങ്ങളിലും വിദേശികളുടെ എണ്ണം കുറച്ച് സ്വദേശികളെ നിയമിക്കാനുള്ള പ്രോത്സാഹനത്തിന്റെ ഭാഗമായി എല്ലാ വിദേശികളെയും ലെവിയുടെ പരിധിയിൽ ഉൾപ്പെടുത്തി. സ്വദേശികളേക്കാൾ എണ്ണക്കൂടുതലുള്ള വിദേശികൾക്ക് എല്ലാ സ്ഥാപനങ്ങളും പ്രതിമാസം 400 റിയാൽ ലെവി നൽകണം. സ്വദേശികളുടെ എണ്ണത്തേക്കാൾ കുറഞ്ഞ വിദേശികൾക്ക് പ്രതിമാസം 300 റിയാലാണ് നൽകേണ്ടത്. അടുത്ത വർഷം മുതൽ ലെവിയിൽ വീണ്ടും വർധനയുണ്ടാവും. നേരത്തെ ഇഖാമ പുതുക്കിയവരെല്ലാം ഈ ഏപ്രിൽ ഒന്നിന് മുമ്പ് കുടിശ്ശിക ലെവി അടച്ചു തീർക്കണമെന്നാണ് തൊഴിൽമന്ത്രാലയം അറിയിച്ചിട്ടുള്ളത്. ഇല്ലെങ്കിൽ സ്ഥാപനത്തിനുള്ള തൊഴിൽമന്ത്രാലയ സേവനങ്ങൾ നിർത്തിവെക്കും.
ഗതാഗത മേഖലയിലും പരിഷ്‌കാരങ്ങൾ ഇന്നു മുതൽ നിലവിൽ വന്നു. ട്രക്കുകളുടെയും ലോറികളുടെയും സുരക്ഷ ബാറുകളിൽ റിഫ്‌ളക്ട് സ്റ്റിക്കറുകൾ പതിക്കണമെന്നും ഇല്ലെങ്കിൽ 5000 റിയാൽ വരെ പിഴ ഈടാക്കുമെന്നും ഇന്നു മുതൽ പരിശോധന തുടങ്ങുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു. ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, മഞ്ഞ ലൈൻ മുറിച്ചുകടക്കൽ എന്നിവ നിരീക്ഷിക്കുന്നതിനുള്ള കാമറകൾ ഔദ്യോഗികമായി നിലവിൽ വരും. നമ്പർ പ്ലേറ്റില്ലാതെ വാഹനമോടിക്കലിനും എതിർദിശയിൽ വാഹനമോടിക്കലിനും 6000 റിയാലാണ് പിഴ തീരുമാനിച്ചിരിക്കുന്നത്. 120 കിലോ മീറ്റർ ദൂരപരിധി നിശ്ചയിച്ച ചില റോഡുകൾ 140 കിലോമീറ്റർ പരിധിയിലേക്ക് മാറ്റുകയും ചെയ്യും. 2023 ഓടെ സന്തുലിത ബജറ്റ് കൈവരിക്കാനാകുമെന്നും 2025 ൽ എണ്ണയുടെ വില പൂജ്യമായാൽ പോലും രാജ്യത്തിന് പേടിക്കാനില്ലെന്നുമാണ് ധനമന്ത്രി അറിയിച്ചിട്ടുള്ളത്.